പാപ്പച്ചൻ ബേബി | ഫൊട്ടൊ: മാതൃഭൂമി, സ്ക്രീൻഗ്രാബ്: acedu.org
കൊട്ടാരക്കര: ബാൾസ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ഡോക്ടറേറ്റും ഡിഗ്രികളും വാങ്ങി ജോലി നേടിയവർ കുടുങ്ങും. ഇവരുടെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് തേടിത്തുടങ്ങി. ഡോക്ടർമാർവരെ ഇക്കൂട്ടത്തിൽ ഉള്ളതായാണ് സൂചന.
വിദേശത്ത് തട്ടിപ്പിനിരയായവരുടെ വിവരശേഖരണത്തിന് ഇന്റർപോളിന്റെ സഹായം തേടും. വിചാരണവേളയിൽ ആവശ്യമെങ്കിൽ ഇവരെ ഇന്ത്യയിൽ വരുത്തും. തട്ടിപ്പിൽ പാപ്പച്ചൻ ബേബിയുടെ സഹായിയെന്നു കരുതുന്ന നൈജീരിയക്കാരനും കേസിൽ പ്രതിയാകും.
ഇയാളുമായി പണമിടപാടുകൾ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിന്റെ കമ്മിഷനാണ് ഇങ്ങനെ കൈമാറിയിരുന്നത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ മേധാവി എന്ന പേരിൽ തട്ടിപ്പ് നടത്തിയിരുന്ന പാപ്പച്ചൻ ബേബിക്ക് ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവർ വഴിയാണ് തട്ടിപ്പിന് ആളിനെ കണ്ടെത്തിയിരുന്നത്.
അർജന്റീന, കാനഡ, ഘാന, നൈജീരിയ, റഷ്യ, ലൈബീരിയ, റുവാൻഡ തുടങ്ങി 17 രാജ്യങ്ങളിൽ യൂണിവേഴ്സിറ്റിക്ക് കാമ്പസുകളുള്ളതായാണ് വെബ്സൈറ്റിൽ പറയുന്നത്.
സ്വന്തമായി വ്യാജ ഡിഗ്രികളെടുത്ത പാപ്പച്ചൻ ബേബി പിന്നീട് തട്ടിപ്പിനായി സ്വന്തം വെബ്സൈറ്റ് രൂപവത്കരിച്ചതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
കസ്റ്റഡിയിൽ വാങ്ങിയ പാപ്പച്ചനെ സംഘം വിശദമായി ചോദ്യംചെയ്യുകയാണ്. സർട്ടിഫിക്കറ്റുകളിൽ പതിക്കാനായി വ്യാജ സീൽ നിർമിച്ച കൊല്ലത്തെ കേന്ദ്രം പോലീസ് കണ്ടെത്തി. പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
വൈസ് ചാൻസലർ പരേതനായ രാജകുമാരൻ
ബാൾസ് ബ്രിഡ്ജ് സർവകലാശാലയുടെ ലക്ഷ്യം ഏഷ്യാ പസഫിക് മേഖലയിലും സമീപരാജ്യങ്ങളിലും ഓപ്പൺ വിദ്യാഭ്യാസം ലഭ്യമാക്കുകയാണെന്ന് വെബ്സൈറ്റ് പറയുന്നു. നൈജീരിയൻ രാജാവിന്റെ മകൻ തോമസ് ഓസംവെൻഡെയുടെ പേരാണ് വൈസ് ചാൻസലറുടെ സ്ഥാനത്ത് നൽകിയിരിക്കുന്നത്. എന്നാൽ അദ്ദേഹം 2014 മേയിൽ മരിച്ചെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു.
നൈജീരിയിലെ പ്രതിപക്ഷനേതാവുമായി പാപ്പച്ചൻ ബേബിക്ക് വലിയ അടുപ്പമുണ്ടായിരുന്നെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഡൊമിനിക്കയിലെ മേൽവിലാസമാണ് ബാൾസ് ബ്രിഡ്ജ് സർവകലാശാലയുടെ ഔദ്യോഗിക മേൽവിലാസമായി നൽകിയിരിക്കുന്നത്.
പാപ്പച്ചൻ ബേബിയുടെ കരിയർ ഗൈഡൻസ് ക്ലാസുകൾ
:എല്ലാ പ്രൊഫഷണൽ കോഴ്സുകാർക്കും കൗൺസലിങ്ങും മാർഗനിർദേശവും വ്യക്തിത്വവികസന ക്ലാസുകളും പാപ്പച്ചൻ ബേബി നൽകിയിരുന്നു. എൻജീനിയറിങ് വിഭാഗത്തിൽ ബി.ഇ., ബി.ടെക്, എം.ടെക്, പോളിടെക്നിക് ഡിപ്ലോമ, മെഡിസിൻ വിഭാഗത്തിൽ എം.ബി.ബി.എസ്., ബി.ഡി.എസ്., എം.ഡി., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.എൻ.വൈ.എസ്., പാരാമെഡിക്കൽ ട്രെയിനിങ് വിഭാഗത്തിൽ എം.ഫാം, ഡി.ഫാം, ബി.പി.ടി., ബി.എസ്സി., എം.എസ്സി. നഴ്സിങ്, ബി.എസ്സി. നഴ്സിങ്, ജനറൽ നഴ്സിങ്, മാനേജ്മെന്റ് വിഭാഗത്തിൽ പിഎച്ച്.ഡി., എം.ബി.എ., ബി.ബി.എ., ബി.സി.എ., ബി.എച്ച്.എം. എന്നിവയിലും ബി.എ.ജേണലിസത്തിലും വിദ്യാർഥികൾക്ക് പാപ്പച്ചൻ ബേബി ക്ലാസെടുത്തിരുന്നു.
Content Highlights: ballsbridge university fake university run by kottarakkara native pappachan baby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..