ബലേഷ് ധൻഖർ | Photo: twitter.com/davenewworld_2 & https://www.facebook.com/balesh.baba
കൊറിയന്‍ യുവതികളോട് മാത്രം അമിതമായ ലൈംഗികതാത്പര്യം, വ്യാജപരസ്യം നല്‍കി യുവതികളെ വിളിച്ചുവരുത്തി ബലാത്സംഗം- ഓസ്‌ട്രേലിയയിലെ 'സീരിയല്‍ റേപ്പിസ്റ്റ്' എന്ന ആരോപണം നേരിടുന്ന ഇന്ത്യന്‍ വംശജനായ ബലേഷ് ധന്‍ഖറിനെതിരേ 39 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 2018-ല്‍ പോലീസ് പിടിയിലാകുന്നത് വരെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായിരുന്നു ബലേഷ് ധന്‍ഖര്‍. 'ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി.' എന്ന സംഘടനയുടെ ഓസ്‌ട്രേലിയയിലെ സ്ഥാപകരിലൊരാള്‍. സിഡ്‌നി ട്രെയിന്‍സിലെ ലീഡ് ഡാറ്റ വിഷ്വലൈസേഷന്‍ കണ്‍സള്‍ട്ടന്റ്. എന്നാല്‍ 2018-ല്‍ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ ബലേഷ് ധന്‍ഖറെന്ന 'മാന്യന്റെ' മുഖംമുടി അഴിഞ്ഞുവീഴുകയായിരുന്നു.
അഞ്ച് സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു എന്നതടക്കമുള്ള 39 കുറ്റങ്ങളിലാണ് ബലേഷ് ധന്‍ഖര്‍ ന്യൂ സൗത്ത് വെയില്‍സ് കോടതിയില്‍ വിചാരണ നേരിടുന്നത്. വിവിധ ലൈംഗികാതിക്രമങ്ങളും ഇതിന്റെ വീഡിയോ പകര്‍ത്തിയതിനുള്ള കുറ്റങ്ങളും ഇതില്‍ ഉള്‍പ്പെടും. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് കൊറിയന്‍ യുവതികളെ ബലേഷ് ലൈംഗികാതിക്രമത്തിന് ഇരകളാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഏകദേശം ഇരുപതിലേറെ കൊറിയന്‍ യുവതികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായതെന്നും പോലീസ് പറയുന്നു.
അസാധാരണമായ പ്രവർത്തനരീതി, താത്പര്യം കൊറിയന്‍ യുവതികളോട്
കൊറിയന്‍ യുവതികളോട് അമിതമായ ലൈംഗികതാത്പര്യം പുലര്‍ത്തിയിരുന്ന ബലേഷ് ധന്‍ഖര്‍ 'അസാധാരണമായ പ്രവര്‍ത്തനരീതി'യിലൂടെയാണ് സ്ത്രീകളെ കെണിയില്‍ വീഴ്ത്തിയതെന്നായിരുന്നു വിചാരണയ്ക്കിടെ കോടതിയിലുണ്ടായ പരാമര്‍ശം. കൊറിയന്‍-ഇംഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് വ്യാജപരസ്യം നല്‍കിയാണ് ഇയാള്‍ യുവതികളെ വലയില്‍ വീഴ്ത്തിയിരുന്നത്. തുടര്‍ന്ന് ജോലിക്കായുള്ള അഭിമുഖത്തിന് എത്തുന്ന യുവതികളെ ഹോട്ടലിലേക്കോ തന്റെ വീട്ടിലേക്കോ ക്ഷണിക്കും. ഇവിടെവെച്ച് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതായിരുന്നു പതിവ്. ഇതിന്റെ ദൃശ്യങ്ങളെല്ലാം ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
താന്‍ സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്ത യുവതികളുടെ പേരുവിവരങ്ങളും ഇവരുടെ പ്രത്യേകതകളും ബലേഷ് പ്രത്യേകം സൂക്ഷിച്ചിരുന്നു. ഓരോ യുവതികളെക്കുറിച്ചുമുള്ള തന്റെ വിവരണങ്ങളും അവരുമായുണ്ടായ ബന്ധത്തിന്റെ വിശദാംശങ്ങളും മറ്റു വിവരങ്ങളുമാണ് ഇതിലുണ്ടായിരുന്നത്. അറസ്റ്റിലായതിന് പിന്നാലെ ബലേഷിന്റെ ഈ 'ലെഡ്ജര്‍' പോലീസ് കണ്ടെടുക്കുകയും വിചാരണവേളയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ
2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവിലാണ് കൊറിയന്‍ യുവതികളെ ബലേഷ് ധന്‍ഖര്‍ വ്യാപകമായി ചൂഷണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. തന്റെ കെണിയില്‍ വീണ ഇരുപതിലേറെ കൊറിയന്‍ യുവതികളുടെ പേരുവിവരങ്ങള്‍ ഇയാളുടെ ലെഡ്ജറിലുണ്ടായിരുന്നു. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന 47 വീഡിയോകളും ഇയാളില്‍നിന്ന് കണ്ടെടുത്തു. യുവതികളുടെ പേരിലുള്ള ഫോള്‍ഡറുകളിലാണ് ഓരോ വീഡിയോകളും ഇയാള്‍ സൂക്ഷിച്ചിരുന്നത്.
2018 ജനുവരി മുതല്‍ ആരംഭിച്ച ബലേഷിന്റെ പീഡനപരമ്പരയ്ക്ക് പോലീസിന്റെ പിടിവീഴുന്നത് ഒക്ടോബര്‍ അവസാനവാരമാണ്. ഒക്ടോബര്‍ 21-ാം തീയതി ബലേഷ് ലൈംഗികമായി പീഡിപ്പിച്ച കൊറിയന്‍ യുവതിയാണ് ഇയാള്‍ക്കെതിരേ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പിറ്റേദിവസം തന്നെ പോലീസ് ബലേഷ് ധന്‍ഖറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയ ബലേഷ്, വൈന്‍ കുടിക്കാന്‍ നല്‍കിയെന്നും ഇതിനുപിന്നാലെ തലകറക്കം അനുഭവപ്പെട്ടെന്നുമായിരുന്നു ഈ യുവതിയുടെ മൊഴി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യുവതി കുളിമുറിയിലേക്ക് പോയി. ഇവിടെവെച്ച് തന്റെ ലൊക്കേഷന്‍ സുഹൃത്തിന് അയച്ചുനല്‍കി. ഇതിനു പിന്നാലെയാണ് ബോധം മറയാന്‍ തുടങ്ങിയത്. ഇതിന് തൊട്ടുമുന്‍പ് തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് യുവതി സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. 'എന്തോ ലഹരി തലയ്ക്ക് പിടിച്ചത് പോലെയുണ്ട്. ഇത് വ്യത്യസ്തമായ എന്തോ മദ്യമാണ് കുടിച്ചിരിക്കുന്നത്. സാധാരണയുള്ള മദ്യമല്ല. ഞാന്‍ ഏറെ അസ്വസ്ഥയാണ്. അയാള്‍ എന്നെ ചുംബിക്കാന്‍ ശ്രമിക്കുന്നു' എന്നായിരുന്നു യുവതിയുടെ സന്ദേശം. പിന്നീട് ഇടയ്ക്ക് ബോധം വന്നപ്പോള്‍ ബലേഷ് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്നതായിരുന്നു യുവതി കണ്ടത്. നിങ്ങള്‍ കോണ്ടം പോലും ധരിച്ചിട്ടില്ലെന്നും ഇത് കുറ്റകൃത്യമാണെന്നും ബലേഷിനോട് പറഞ്ഞെങ്കിലും അയാള്‍ ബലമായി ലൈംഗികവേഴ്ചയ്ക്ക് ശ്രമിച്ചെന്നും പിന്നീട് തന്റെ ബോധം മറഞ്ഞെന്നും യുവതി പറഞ്ഞിരുന്നു.
പിന്നീട് ബോധം വീണ്ടെടുത്തപ്പോള്‍ വസ്ത്രങ്ങളെല്ലാം ധരിക്കുകയും അവിടെനിന്ന് പോകാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, വാതില്‍ വരെ നടന്നപ്പോഴേക്കും ഏറെ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് ബലേഷ് ധന്‍ഖര്‍ തന്നെയാണ് തന്നെ വീട്ടില്‍ കൊണ്ടുവിട്ടത്. ഇവിടെ എത്തിയത് മുതല്‍ യുവതി നിര്‍ത്താതെ കരയുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ കൂടെതാമസിക്കുന്ന സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ക്ലോക്കിലെ ഒളിക്യാമറ, ലെഡ്ജറിലെ ഞെട്ടിക്കുന്നവിവരങ്ങള്‍
ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങളെല്ലാം യുവതികളുടെ സമ്മതം ഇല്ലാതെയാണ് ബലേഷ് ഒളിക്യാമറയില്‍ പകര്‍ത്തിയതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. മുറിയിലെ ക്ലോക്കിലാണ് ഇയാള്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം യുവതികളുടെ പേരുകള്‍ നല്‍കിയുള്ള പ്രത്യേകം ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കുകയും ചെയ്തു.
ബലേഷിന്റെ 'ലെഡ്ജറും' ഇതിലെ വിവരങ്ങളുമാണ് അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്ത മറ്റൊരു പ്രധാന തെളിവ്. വ്യാജപരസ്യത്തോട് പ്രതികരിച്ച യുവതികളുടെ പേരും ഇ-മെയില്‍ വിലാസവും മറ്റു വിവരങ്ങളുമെല്ലാം ഇതില്‍ രേഖപ്പെടുത്തിയിരുന്നു. ഓരോ യുവതികള്‍ക്കും ഇയാള്‍ നല്‍കിയ വിശേഷണങ്ങളും ലെഡ്ജറില്‍ പ്രത്യേകമായാണ് രേഖപ്പെടുത്തിയിരുന്നത്. ഫോണില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കുന്ന 'കോള്‍ നോട്ട്‌സ്', നേരിട്ടുകണ്ടതിന് ശേഷമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ 'മീറ്റിങ് ഇന്‍ഫോ', നേരിട്ടു കണ്ട സമയം തുടങ്ങിയ കോളങ്ങള്‍ ലെഡ്ജറിലുണ്ടായിരുന്നു. 'ആക്ഷന്‍' എന്ന കോളത്തിലാണ് യുവതികളുമായുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്.
ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതികളുടെ 'ആക്ഷന്‍' കോളത്തില്‍ 'ബേസ് 4' എന്നാണ് ഇയാള്‍ എഴുതിയിരുന്നത്. ഹോളിവുഡ് സിനിമകളില്‍നിന്നാണ് ഈ പ്രയോഗം കടമെടുത്തതെന്നായിരുന്നു പ്രതിയുടെ മൊഴി. ചിലരുടെ പേരിലുള്ള ആക്ഷന്‍ കോളത്തില്‍ 'സ്‌റ്റോപ്പ്' എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ പോകുന്നു എന്നായിരുന്നു ഇതിന്റെ അര്‍ഥം. 'ആക്ഷന്‍' കോളത്തില്‍ 'ഹോള്‍ഡ്' എന്ന് രേഖപ്പെടുത്തിയാല്‍ ലൈംഗികവേഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അതിനായി മാറ്റിവെയ്ക്കുകയാണെന്നുമായിരുന്നു അര്‍ഥം.
അതേസമയം, ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ മാത്രമല്ല ബലേഷ് ലെഡ്ജറില്‍ സൂക്ഷിച്ചതെന്നാണ് ഡെയ്‌ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓരോ യുവതിയുടെ ശരീരവര്‍ണനകളും സ്വഭാവസവിശേഷതകളുമെല്ലാം ഇയാളുടെ ലെഡ്ജറിലുണ്ടായിരുന്നു. 2018 സെപ്റ്റംബര്‍ ഒമ്പതാം തീയതി ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെക്കുറിച്ച് 'കോള്‍നോട്ട്‌സി'ല്‍ അതിമനോഹമരമായ ശബ്ദമെന്നാണ് ഇയാള്‍ രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നേരിട്ടു കണ്ടതിന് ശേഷം ഇങ്ങനെ എഴുതി- 'അത്താഴം കഴിച്ചു, സൂപ്പര്‍ ഹോട്ട്, എമിറേറ്റ്‌സില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റാകാന്‍ അപേക്ഷിച്ചിട്ടുണ്ട്. മദ്യപാനവും ക്ലബുകളില്‍ സമയം ചിലവിടുന്നതും ഇഷ്ടപ്പെടുന്നു.'
ആക്ഷന്‍ കോളത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന് സൂചിപ്പിക്കുന്ന 'ബേസ് 4' എന്നതായിരുന്നു ഈ യുവതിയുടെ പേരിന് നേരേ എഴുതിയിരുന്നത്. എന്നാല്‍ 'പൈപ്പ് ലൈന്‍ കമന്റ്' എന്ന കോളത്തില്‍ ലൈംഗികബന്ധത്തിനിടെ ദേഷ്യപ്പെട്ടെന്നും ഇനി ഇത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബലേഷ് എഴുതിയിരുന്നു.
രണ്ടു തവണ ഇയാളുടെ ബലാത്സംഗത്തിനിരയായ മറ്റൊരു യുവതിയുടെ പേരില്‍ 'അവള്‍ക്ക് തായ്‌ലാന്‍ഡുകാരനായ ആണ്‍സുഹൃത്തുണ്ടെന്നാണ്' ബലേഷ് രേഖപ്പെടുത്തിയിരുന്നത്. അതിനാല്‍ കൂടുതല്‍ അടുക്കാന്‍ താത്പര്യമില്ലെന്നും 'കോള്‍നോട്ട്‌സി'ല്‍ എഴുതിയിരുന്നു. എന്നാല്‍ നേരിട്ടു കണ്ടതിന് ശേഷം 'തനിക്കുവേണ്ടി ആണ്‍സുഹൃത്തുമായി പിരിയാന്‍ തയ്യാറാണെന്നും മനോഹരമായ മുഖമാണെന്നും സ്മാര്‍ട്ടാണെന്നും രേഖപ്പെടുത്തി.
ബോധം വീണ്ടെടുത്തിന് പിന്നാലെ വേദന അനുഭവപ്പെടുകയും മുറിയില്‍ കോണ്ടത്തിന്റെ കവറുകള്‍ കാണുകയും ചെയ്തതോടെയാണ് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ബോധ്യപ്പെട്ടതെന്നായിരുന്നു ഈ യുവതി പിന്നീട് കോടതിയില്‍ നല്‍കിയ മൊഴി. ഇതോടെ ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ച് കരയുകയാണ് ചെയ്തതെന്നും യുവതി കോടതിയില്‍ പറഞ്ഞു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയായ കൊറിയന്‍ യുവതിയും ബലേഷിന്റെ ചൂഷണത്തിനിരയായവരുടെ പട്ടികയിലുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ഉണ്ടെങ്കിലും ഇംഗ്ലീഷ് വളരെ മോശമാണെന്നായിരുന്നു ഇവരെക്കുറിച്ച് ബലേഷ് ലെഡ്ജറില്‍ നല്‍കിയിരുന്ന വിശേഷണം. നേരിട്ടു കണ്ടതിന് ശേഷം യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വര്‍ണനകളും ലെഡ്ജറില്‍ രേഖപ്പെടുത്തിയിരുന്നു.
കാണാന്‍ ഭംഗിയുണ്ട്, ഒരു പക്ഷേ, കന്യകയായിരിക്കാം എന്നായിരുന്ന മറ്റൊരു കൊറിയന്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള ബലേഷിന്റെ വിശേഷണം. ജോലിക്കായി താന്‍ നല്‍കിയ പരസ്യത്തില്‍ സംശയം പ്രകടിപ്പിച്ച രണ്ടു പേരെക്കുറിച്ചും ഇതേ ലെഡ്ജറില്‍ പ്രതി പറയുന്നുണ്ട്. രണ്ടു പേര്‍ 'വളരെയധികം സ്മാര്‍ട്ട്' ആണെന്നും നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നുമാണ് ഇയാള്‍ രേഖപ്പെടുത്തിയിരുന്നത്. 2018 മെയ് മാസത്തിലോ അല്ലെങ്കില്‍ ജൂണ്‍ മാസത്തിലോ ആണ് താന്‍ ഇത്തരമൊരു ലെഡ്ജറില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതെന്നായിരുന്നു ബലേഷിന്റെ മൊഴി. നിരവധി പേരുടെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതിനാലും അബദ്ധത്തില്‍ ഒരാളെതന്നെ രണ്ടു തവണ ഫോണില്‍വിളിച്ചതിനാലുമാണ് ഈ രീതിയില്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ തുടങ്ങിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
കണ്ടെടുത്തത് നിരവധി വീഡിയോകള്‍, പതിവായി നീലച്ചിത്രം
അതേസമയം, കേസിന്റെ വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം ബലേഷ് ധന്‍ഖര്‍ നിഷേധിച്ചിരുന്നു. ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച സ്ത്രീകളുമായി സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു ഇയാളുടെ വാദം. വീഡിയോ പകര്‍ത്തിയതും സ്ത്രീകളുടെ സമ്മതത്തോടെയാണെന്നും പ്രതി പറഞ്ഞിരുന്നു.
അതിനിടെ, യുവതികളെ കെണിയില്‍വീഴ്ത്താന്‍ താന്‍ സ്വീകരിച്ച വഴികളെല്ലാം അസാന്‍മാര്‍ഗിക രീതിയിലുള്ളതാണെന്ന് വിചാരണവേളയില്‍ ബലേഷ് സമ്മതിച്ചു. കൊറിയന്‍ സ്ത്രീകളോട് തനിക്ക് പ്രത്യേക ലൈംഗിക താത്പര്യമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും ഇയാള്‍ സമ്മതിച്ചു.
കൊറിയന്‍ സിനിമകളും നീലച്ചിത്രങ്ങളും കണ്ടതോടെയാണ് ഈ താത്പര്യം തുടങ്ങിയതെന്നായിരുന്നു ബലേഷിന്റെ മൊഴി. ദാമ്പത്യജീവിതം തകരുകയും ഭാര്യയും മകനും മാസങ്ങളോളം തന്നെ തനിച്ചാക്കി ഇന്ത്യയില്‍ തന്നെ തുടരുകയും ചെയ്തതോടെയാണ് നീലച്ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കടുത്ത ഏകാന്തതയും വിഷാദവും ബാധിച്ചതോടെ പതിവായി നീലച്ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. തുടര്‍ന്ന് ചില കൊറിയന്‍ മീറ്റ് അപ്പ് ഗ്രൂപ്പുകളിലും പങ്കാളിയായെന്നും ഇതോടെയാണ് കൊറിയന്‍ യുവതികളോട് പ്രത്യേക താത്പര്യം തോന്നിതുടങ്ങിയതെന്നും പ്രതി പറഞ്ഞു. അതേസമയം, അബോധാവസ്ഥയിലുള്ള ലൈംഗികബന്ധത്തെക്കുറിച്ച് താന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന വാദം ഇയാള്‍ നിഷേധിച്ചു. മയക്കുമരുന്ന് നല്‍കിയ ശേഷം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകള്‍ കാണാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇത്തരം വീഡിയോകള്‍ സെര്‍ച്ച് ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ അവകാശവാദം. ഒരുപക്ഷേ, യാദൃശ്ചികമായി ഇത്തരം വീഡിയോകള്‍ കണ്ടിട്ടുണ്ടാകാമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ബി.ജെ.പി.യുമായി ബന്ധം, നേരത്തെ രാജിവെച്ചെന്ന് വിശദീകരണം
സിഡ്‌നി ട്രെയിന്‍സില്‍ ലീഡ് ഡാറ്റ വിഷ്വലൈസേഷന്‍ കണ്‍സള്‍ട്ടന്റായിരുന്നു ബലേഷ് ധന്‍ഖര്‍. 2018-ല്‍ ഒട്ടേറെ സ്ത്രീകളെ ചൂഷണംചെയ്ത വേളയിലെല്ലാം ഇയാള്‍ സിഡ്‌നി ട്രെയിന്‍സിലാണ് ജോലിചെയ്തിരുന്നത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബലേഷ് ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റു ചില വന്‍കിട കമ്പനികളിലും കരാറടിസ്ഥാനത്തില്‍ ജോലിചെയ്തു. പ്രമുഖ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറും മാധ്യമസ്ഥാപനമായ എ.ബി.സിയുമാണ് ഒരു വര്‍ഷത്തെ കരാറില്‍ ഇയാളെ ജോലിക്ക് നിയമിച്ചത്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ബലേഷ് ഈ കമ്പനികളില്‍ ജോലിചെയ്തിരുന്നത്.
അതിനിടെ, ബലേഷിന്റെ ബി.ജെ.പി. ബന്ധം ആംആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ആഗോളസംഘടനയായ 'ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി'യുടെ ഓസ്‌ട്രേലിയയിലെ സ്ഥാപകരില്‍ ഒരാളാണ് ബലേഷ് ധന്‍ഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014-ല്‍ സിഡ്‌നിയില്‍ ഒരുക്കിയ സ്വീകരണത്തിലും ഇയാള്‍ സജീവസാന്നിധ്യമായിരുന്നു.
.jpg?$p=48405e6&&q=0.8)
അതേസമയം, ബലാത്സംഗക്കേസും മറ്റു വിവാദങ്ങളും ഉയര്‍ന്നുവന്നതോടെ ബലേഷ് ധന്‍ഖര്‍ നേരത്തെ തന്നെ സംഘടനയില്‍നിന്ന് രാജിവെച്ചിരുന്നതായാണ് ഓസ്‌ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് നല്‍കിയ വിശദീകരണം. 2018 ജൂലായില്‍ ബലേഷ് ധന്‍ഖര്‍ സംഘടനയില്‍നിന്ന് രാജിവെച്ചതാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം നിയമനടപടി നേരിടണമെന്നുമായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയ ഓവര്‍സീസ് ഫ്രണ്ട്‌സ് ട്വീറ്റ് ചെയ്തത്.
കടപ്പാട്: ഡെയിലി മെയില്‍
Content Highlights: balesh dhankar the indian alleged serial rapist in australia facing trial in court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..