കലാഭവൻ സോബി സി.ബി.ഐ. ഓഫീസിൽ കഴിഞ്ഞദിവസം നുണപരിശോധനയ്ക്ക് എത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കലാഭവൻ സോബി ജോർജിന് വീണ്ടും നുണപരിശോധന. ചൊവ്വാഴ്ച വീണ്ടും നുണപരിശോധനയ്ക്ക് ഹാജരാകാനാണ് സി.ബി.ഐ. സംഘം സോബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും ചൊവ്വാഴ്ച രാവിലെ 9.30-ന് ഹാജരാകാനാണ് സി.ബി.ഐ. സംഘം നിർദേശിച്ചതെന്നും കലാഭവൻ സോബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
തിങ്കളാഴ്ച ഹാജരാകാനായിരുന്നു ആദ്യം നിർദേശിച്ചത്. എന്നാൽ അന്നേദിവസം വ്യക്തിപരമായ അസൗകര്യമുണ്ടായതിനാൽ ചൊവ്വാഴ്ച വരാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസത്തെ പരിശോധനയിൽ കുറച്ചുകാര്യങ്ങൾ മാത്രമേ ചോദിച്ചിരുന്നുള്ളു. മാത്രമല്ല, സംശയമുള്ളവരുടെ ചിത്രങ്ങളും കാണിച്ചുതന്നിരുന്നില്ല. ഇക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞപ്പോൾ വീണ്ടും വിളിപ്പിക്കാമെന്ന് കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നതായും കലാഭവൻ സോബി പറഞ്ഞു. സി.ബി.ഐ.യുടെ അന്വേഷണം നൂറ് ശതമാനവും ശരിയായ വഴിയിലാണ് പുരോഗമിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് കലാഭവൻ സോബിയുടെ ആരോപണം. അപകടത്തിൽപ്പെടുന്നതിന് മുമ്പ് ബാലഭാസ്കറിന്റെ വാഹനം ഒരു സംഘം ആക്രമിച്ചത് താൻ നേരിട്ട് കണ്ടതായും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സരിത്ത് സംഭവസ്ഥലത്തുണ്ടായിരുന്നതായും സോബി ആരോപിച്ചിരുന്നു.
കേസിൽ ദുരൂഹത നിലനിന്നിരുന്നതിനാലാണ് കലാഭവൻ സോബി, ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസ് പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവറായിരുന്ന അർജുൻ എന്നിവരെ സി.ബി.ഐ. നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
വെള്ളിയാഴ്ചയായിരുന്നു ഡ്രൈവർ അർജുന്റെയും, പ്രകാശൻതമ്പിയുടെയും നുണപരിശോധന നടത്തിയത്. കഴിഞ്ഞദിവസം വിഷ്ണുവിനെയും കലാഭവൻ സോബിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കി. ഈ പരിശോധനകളുടെ ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights:balabhaskar accident death polygraph test will conduct again for kalabhavan soby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..