കലാഭവൻ സോബി. (ഇടത്)
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കലാഭവൻ സോബി. അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നാണ് സോബിയുടെ പുതിയ വെളിപ്പെടുത്തൽ.
ഇക്കാര്യം സി.ബി.ഐയോട് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ആരാണെന്ന് പറഞ്ഞിട്ടില്ല. അവർ ആ വ്യക്തിയെ അന്വേഷിച്ച് കണ്ടെത്തണം. അന്വേഷിച്ച് കണ്ടെത്തിയില്ലെങ്കിൽ തന്നെ ബ്രയിൻ മാപ്പിങ്ങിന് വിധേയനാക്കി കണ്ടുപിടിക്കട്ടെയെന്നും കലാഭവൻ സോബി ജോർജ് പറഞ്ഞു.
ബ്രയിൻ മാപ്പിങ്ങിന് സമ്മതമാണെന്ന് സി.ബി.ഐ.യെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അത് നടത്തണമെന്നാണ് ആവശ്യം. ഇത് ഒരു കൊലപാതകമാണെന്ന് ഉറപ്പാണ്. സി.ബി.ഐ. അന്വേഷണത്തോടെ എല്ലാം തെളിയുമെന്നാണ് പ്രതീക്ഷയെന്നും എല്ലാകാര്യങ്ങൾക്കും തീരുമാനമാകുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച സോബി അടക്കമുള്ളവരുമായി സിബിഐ സംഘം അപകടസ്ഥലത്തും പെട്രോൾ പമ്പിലും തെളിവെടുപ്പ് നടത്തിയിരുന്നു. മംഗലപുരം പോലീസ് സ്റ്റേഷനിലുള്ള അപകടത്തിൽപ്പെട്ട കാറും സി.ബി.ഐ. സംഘം പരിശോധിച്ചു.
സോബിക്ക് പുറമേ അന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത റിട്ട. എസ്.ഐ, ബസ് കണ്ടക്ടർ തുടങ്ങിയവരെയും സി.ബി.ഐ. വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു. ഇവരെല്ലാം ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു. സോബി പറഞ്ഞത് പോലെ കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടിയിരുന്നില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ അടിച്ച് പൊട്ടിച്ചതാണെന്നും ഇവർ മൊഴി നൽകി. അതേസമയം, ഡ്രൈവിങ് സീറ്റിൽ അർജുനായിരുന്നുവെന്ന് ചിലർ മൊഴി നൽകിയപ്പോൾ ബസ് കണ്ടക്ടറുടേത് വ്യത്യസ്തമായ മൊഴിയാണ്. ഡ്രൈവിങ് സീറ്റിൽനിന്ന് പുറത്തെടുത്തയാൾ ബാലഭാസ്കറായിരുന്നു എന്നാണ് ബസ് കണ്ടക്ടർ പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യങ്ങളാണ് സി.ബി.ഐ. സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Content Highlights:balabhaskar accident death kalabhavan sobby revealed new information
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..