ബാലഭാസ്‌കർ | ഫോട്ടോ ഇ.എസ്. അഖിൽ മാതൃഭൂമി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയരാകേണ്ട നാലുപേരും ഈ മാസം 16ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നു കാണിച്ച് കോടതി സമൻസ് അയച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവർക്ക് സമൻസ് അയച്ചത്.
കോടതിയിൽ ഹാജരാകുന്ന ഇവരോട് സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയരാകാൻ സമ്മതമാണോ എന്ന് കോടതി ചോദിക്കും. ഇതിനുശേഷം ഇവരിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാകും നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന നടപടികളുമായി സി.ബി.ഐ. മുന്നോട്ട് പോകുക.
കേസിൽ ബാലഭാസ്കറിന്റെ അച്ഛന്റെയും ഭാര്യയുടെയും മൊഴി സി.ബി.ഐ. നേരത്തേ എടുത്തിരുന്നു. ഇതിനിടെയാണ് ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പിടിയിലാകുന്നത്.
വാഹനം ഓടിച്ചിരുന്ന അർജുൻ സംഭവസമയം താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് നൽകിയ മൊഴിയും സംശയം ജനിപ്പിക്കുന്നതായിരുന്നു. അപകടത്തിന് മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നു എന്ന കലാഭവൻ സോബിയുടെ മൊഴിയും ഏറെ നിർണായകമായിരുന്നു. ഈ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കാനാണ് സി.ബി.ഐ. ഇവരെ നാലു പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
2018 സെപ്റ്റംബർ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ്. ക്യാമ്പിന് സമീപം അപകടത്തിൽപ്പെടുന്നത്.
Content Highlights:balabhaskar accident death court sent summons for polygraph test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..