-
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ. സംഘം തെളിവെടുപ്പ് നടത്തി. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച കലാഭവൻ സോബിയുമായാണ് സി.ബി.ഐ. സംഘം കേസിലെ ആദ്യ തെളിവെടുപ്പ് നടത്തിയത്.
സോബി കാർ നിർത്തിയിട്ടിരുന്ന പെട്രോൾ പമ്പിന് സമീപവും അപകടസ്ഥലത്തും മംഗലപുരം പോലീസ് സ്റ്റേഷനിലുമാണ് സിബിഐ സംഘം തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പിന് സമീപം കാർ നിർത്തിയിട്ട് വിശ്രമിക്കുമ്പോൾ ബാലഭാസ്കറിന്റെ നീല ഇന്നോവ കാർ ഒരു സംഘം അടിച്ചുതകർത്തെന്നായിരുന്നു സോബിയുടെ മൊഴി. ഇതിനെത്തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരിൽനിന്നും സി.ബി.ഐ. വിവരങ്ങൾ ശേഖരിച്ചു.
രാത്രി 11 മണി വരെ മാത്രമേ പെട്രോൾ പമ്പ് പ്രവർത്തിക്കാറുള്ളൂ എന്നാണ് ജീവനക്കാർ മൊഴി നൽകിയത്. സംഭവം നടന്നതിന്റെ പിറ്റേദിവസം റോഡിൽ വാഹനത്തിന്റെ ചില്ല് കഷണങ്ങളോ മറ്റോ കണ്ടിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു.
അപകടത്തിൽപ്പെട്ട ബാലഭാസ്കറിന്റെ നീല ഇന്നോവ കാർ പരിശോധിക്കാനാണ് സി.ബി.ഐ. സംഘം മംഗലപുരം പോലീസ് സ്റ്റേഷനിൽ എത്തിയത്. കാർ പരിശോധിച്ച സി.ബി.ഐ. സംഘം സോബിയിൽനിന്ന് ഇവിടെവെച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ച് വ്യക്തത വരുത്തി.
തിരുനെൽവേലിക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തി വിശ്രമിക്കുമ്പോൾ ഒരു സ്കോർപിയോ കാറിലെത്തിയ ഗുണ്ടാസംഘം പിന്നാലെയെത്തിയ നീല ഇന്നോവ കാറിന്റെ പിറകിലെ ചില്ല് അടിച്ച് തകർത്തെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ. പിന്നാലെ ഇതിനൊപ്പം വന്ന മറ്റൊരു ഇന്നോവ കാറിൽനിന്നും ഏതാനുംപേർ പുറത്തിറങ്ങി. നീല ഇന്നോവയുടെ ചില്ല് അടിച്ച് തകർത്ത ശേഷം മൂന്ന് കാറുകളും തിരുവനന്തപുരം ഭാഗത്തേക്ക് പോയി.
പിന്നീട് സോബി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നീല ഇന്നോവ അപകടത്തിൽപ്പെട്ടതായി കണ്ടത്. എന്നാൽ അവിടെ വാഹനം നിർത്തിയ സോബിയ്ക്ക് നേരേ ചിലർ ആക്രോശിച്ച് പാഞ്ഞടുത്തു. കാറുമായി വേഗം സ്ഥലം വിടാൻ ആവശ്യപ്പെട്ടു. ഇതിനിടെ റോഡിന് അരികിലൂടെ രണ്ടു പേർ ബൈക്ക് തള്ളി പോകുന്നത് കണ്ടുവെന്നും സോബി പറഞ്ഞിരുന്നു. ഇവിടെവെച്ചാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയ സരിത്തിനെ കണ്ടതെന്നും സോബി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Content Highlights:balabhaskar accident death cbi taking evidence from various places with kalabhavan soby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..