-
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിക്കാനിടയായ കാറപകടം സംബന്ധിച്ച് സി.ബി.ഐ. അന്വേഷണമാരംഭിച്ചു. സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, സഹോദരൻ പ്രസാദ്, അമ്മ ഓമനകുമാരി എന്നിവരിൽനിന്ന് മൊഴിയെടുത്തു. ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുനായിരുന്നെന്ന് ലക്ഷ്മി സി.ബി.ഐ.യോട് ആവർത്തിച്ചു.
വിഷ്ണു സോമസുന്ദരവും പ്രകാശൻതമ്പിയും ബാലഭാസ്കറിന്റെ മാനേജർമാരാണെന്നത് തെറ്റാണെന്നും സംഗീതപരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശനെന്നും ലക്ഷ്മി മൊഴിനൽകി. സ്കൂൾകാലംമുതൽ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. ഹോട്ടൽ അടുക്കളനിർമാണത്തിന് സാധനങ്ങൾ നൽകുന്ന ബിസിനസിൽ ബാലഭാസ്കറും പങ്കാളിയായിരുന്നു. പാലക്കാട് ആയുർവേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബാലു അവിടെ ചികിത്സയ്ക്കുപോയി. ഒരുതവണ പണം കടം നൽകിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലഭാസ്കറിന് സാമ്പത്തികബാധ്യതകളില്ല. പണം കൈകാര്യംചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ലക്ഷ്മി മൊഴിനൽകി.
കൊല്ലത്തെത്തിയപ്പോൾ കാർ നിർത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനുശേഷവും അർജുൻ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാർ വെട്ടിക്കുന്നതായിതോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓർമയില്ലായിരുന്നുവെന്നും ലക്ഷ്മി മൊഴിനൽകി.
Content Highlights:balabhaskar accident death case wife lakshmi given statement to cbi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..