മുഹമ്മദ് ബൂസരി
ചിറ്റൂർ: സ്കൂട്ടറിലെത്തിയ വീട്ടമ്മയുടെ ബാഗും സ്വർണവും ആഡംബര ജീപ്പിലെത്തി കവർന്ന കേസിൽ പാലക്കാട് ഹേമാംബികനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും കൂട്ടുകാരനും പിടിയിലായി. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടതായും ചിറ്റൂർ പോലീസ് പറഞ്ഞു.
സിവിൽ പോലീസ് ഓഫീസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരി (42), ചിറ്റൂർ തറക്കളം സി. പ്രദീഷ് (33) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശി വിനു രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. മുഹമ്മദ് ബൂസരിയെ സസ്പെൻഡ് ചെയ്തതായും ഇരുവരെയും റിമാൻഡിനയച്ചതായും ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. തത്തമംഗലം മേട്ടുപ്പാളയം മീനിക്കോട് വീട്ടിൽ ജയന്റെ ഭാര്യ സിന്ധുവിന്റെ പരാതിയെത്തുടർന്നാണ് ചിറ്റൂർ പോലീസ് ഇവരെ പിടികൂടിയത്. ബാഗ് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന അരപ്പവന്റെ ലോക്കറ്റ് ചിറ്റൂരിലെ സ്വർണക്കടയിൽ വിറ്റ് പണം വാങ്ങിയതായി പോലീസ് കണ്ടെത്തി. ലോക്കറ്റും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ബാഗിലുണ്ടായിരുന്നെന്ന് സിന്ധു പരാതിയിൽ വ്യക്തമാക്കിയ 10,000 രൂപ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇവർ സഞ്ചരിച്ച വണ്ടി പിടിച്ചെടുത്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനകം മോഷണവും ലോക്കറ്റ് വില്പനയും നടന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചിറ്റൂർ അണിക്കോട് കടമ്പിടിക്കടുത്താണ് കവർച്ച നടന്നത്.
പാതയോരത്തുള്ള കടയിൽനിന്ന് ഇളനീർ വാങ്ങാൻ സ്കൂട്ടറിലെത്തിയതായിരുന്നു സിന്ധു. അറസ്റ്റിലായ രണ്ടുപേരുൾപ്പെടുന്ന സംഘം ഈസമയം എ.സി. ജീപ്പിൽ സ്ഥലത്തുണ്ടായിരുന്നു. ഇളനീർ വാങ്ങി പണം കൊടുക്കാനായി സ്കൂട്ടറിൽ നിന്ന് ഇറങ്ങി തിരിച്ചുവന്നപ്പോൾ സ്കൂട്ടറിൽ തൂക്കിയിട്ടിരുന്ന ബാഗ് നഷ്ടപ്പെട്ടിരുന്നു. ജീപ്പ് സ്ഥലംവിട്ടിരുന്നു. തുടർന്ന്, സിന്ധു ചിറ്റൂർ സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
സ്ഥലത്തെത്തി വിവരം ശേഖരിച്ച പോലീസ് 100 മീറ്ററപ്പുറത്ത് അമ്പാട്ടുപാളയം പരിസരത്തുനിന്നാണ് ജീപ്പ് കണ്ടെത്തിയത്. ബൂസരി സാധാരണവേഷത്തിലായിരുന്നു. ചിറ്റൂർ എസ്.ഐ. കെ.വി. സുധീഷ്‌കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞ് ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം ചിറ്റൂർ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ബൂസരിക്കെതിരേ മുമ്പും നടപടിയെന്ന് സൂചന
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് ബൂസരി വർഷങ്ങൾക്കുമുമ്പ് സസ്പെൻഷനിലായിരുന്നെന്ന് പോലീസധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ ഇടപെടലുകളെത്തുടർന്നാണ് തിരികെ ജോലിക്കുകയറിയതെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ച് ജില്ലാ പോലീസ് മേധാവി വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദീഷിനെതിരേ ചിറ്റൂർ പോലീസ് സ്റ്റേഷനിൽ മുമ്പ് കേസുള്ളതായും പോലീസ് പറയുന്നു.
Content Highlights: bag and gold snatching; a police officer and his friend arrested in palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..