പ്രതീകാത്മക ചിത്രം | ഫോട്ടോ: Getty Images
ഷൊര്‍ണൂര്‍: മൂന്നാമതും ജനിച്ച പെണ്‍കുഞ്ഞിനെ അമ്മ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് കൈമാറി. 16 ദിവസം മാത്രം പ്രായമായ നവജാതശിശുവിനെയാണ് കോഴിക്കോട് സ്വദേശിനിയായ അമ്മ കൈമാറിയത്.
മൂന്നാമതും ഉണ്ടായ പെണ്‍കുട്ടിയെ വളര്‍ത്താന്‍ കഴിവില്ലാത്തതിനാലാണ് കുഞ്ഞിനെ കൈമാറിയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് സമീപവാസികള്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, കുഞ്ഞിനെ കുട്ടികളില്ലാത്ത തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് കൈമാറിയതാണെന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍നിന്ന് ഞായറാഴ്ച തിരികെയെത്തിച്ച കുഞ്ഞിനെയും അമ്മയെയും തിങ്കളാഴ്ച ശിശുക്ഷേമസമിതിക്ക് മുന്നില്‍ ഹാജരാക്കും.
ഓങ്ങല്ലൂര്‍ ഭാഗത്തെ ഒരു ഹോട്ടലില്‍ ജോലിക്കെത്തിയ യുവതി ആറുമാസത്തോളമായി വാടാനംകുറിശ്ശിക്കടുത്തായിരുന്നു താമസം. രണ്ട് പെണ്‍മക്കള്‍ക്കൊപ്പമായിരുന്നു ഇവര്‍ താമസിക്കാനെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതായി ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഫെബ്രുവരി രണ്ടിനാണ് യുവതി പ്രസവിച്ചത്. ഈ കുഞ്ഞിനെ ഹോട്ടലില്‍ ജോലിചെയ്യുന്നതിനിടെ പരിചയപ്പെട്ടയാള്‍ വഴി ഇയാളുടെ ബന്ധുവിന്റെ സുഹൃത്തിന് ഫെബ്രുവരി 18ന് തമിഴ്നാട്ടിലെത്തി നല്‍കുകയായിരുന്നു. നാല് വര്‍ഷത്തോളമായി കുട്ടികളുണ്ടാകുന്നതിന് ചികിത്സ തുടരുന്ന ദമ്പതിമാര്‍ക്കാണ് കുഞ്ഞിനെ നല്‍കിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. സമീപവാസികളില്‍ നിന്ന് വിവരം ലഭിച്ച പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ യുവതി കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശികള്‍ക്ക് നല്‍കിയ കുഞ്ഞിനെ ഞായറാഴ്ച രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തിച്ചു. കുഞ്ഞിനെ നല്‍കാന്‍ സഹായിച്ച വാടാനാംകുറിശ്ശി സ്വദേശി ഹക്കീമിനെയും ഹോട്ടല്‍ ഉടമയെയും പോലീസ് ചോദ്യം ചെയ്തു.
കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയതല്ലെന്നാണ് തമിഴ്‌നാട് സ്വദേശികള്‍ പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച് മരിക്കാന്‍ പോകുകയാണെന്ന് അമ്മ പറഞ്ഞപ്പോള്‍ കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ നിയമപരമായി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഇവര്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും വിറ്റെന്നുമായിരുന്നു അഭ്യൂഹം. ഷൊര്‍ണൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്റെയും എസ്.ഐ. കെ.വി. വനില്‍കുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..