ശ്രീനഗറിലെ ഇൻഡോർ സ്‌റ്റേഡിയം കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റിയപ്പോൾ | ഫയൽചിത്രം | ANI
ശ്രീനഗർ: ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ ആശുപത്രിയിൽനിന്ന് മുങ്ങി. ജമ്മു കശ്മീരിലെ ശ്രീ മഹാരാജ ഗുലാബ് സിങ് ആശുപത്രിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതരും പോലീസും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളടക്കം നേരിട്ടിരുന്ന ആൺകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8.30-ഓടെ കുഞ്ഞ് മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രി അധികൃതർ മാതാപിതാക്കളെ വിവരമറിയിച്ചു. അവരോട് കോവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിശോധന നടത്താമെന്ന് പറഞ്ഞതിന് പിന്നാലെ മാതാപിതാക്കൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു.
തങ്ങളുടെ സുരക്ഷാ ജീവനക്കാരടക്കം മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ധാരാസിങ് മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയ ശേഷം കുഞ്ഞിന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നിയമപ്രശ്നങ്ങളുള്ളതിനാൽ നിലവിൽ മൃതദേഹം സംസ്കരിക്കാനാകില്ല. അവകാശികളാരും ഇല്ലെങ്കിൽ 72 മണിക്കൂർ വരെ മൃതദേഹം സൂക്ഷിക്കണമെന്നാണ് ചട്ടം. അതിനുശേഷമേ മൃതദേഹം സംസ്കരിക്കാൻ കഴിയുകയുള്ളൂ.
തിങ്കളാഴ്ച മാത്രം 3700 പുതിയ കോവിഡ് കേസുകളാണ് ജമ്മുവിൽ റിപ്പോർട്ട് ചെയ്തത്. 51 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Content Highlights:baby dies at hospital abandoned by parents after testing covid positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..