
വടക്കാഞ്ചേരി: ഓട്ടോറിക്ഷയിൽ കയറ്റി പത്താഴക്കുണ്ട് അണക്കെട്ട് പരിസരത്തു കൊണ്ടുവന്ന് വയോധികയെ തലയ്ക്കടിച്ച് ആഭരണം കവർന്നു.
അടിയേറ്റ് സാരമായി പരിക്കേറ്റ വട്ടായി കരിമ്പത്ത് സുശീല ബാലനെ (70) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണാഭരണം സംഘം കവർന്നു.
സംഭവത്തെക്കുറിച്ച് സുശീല പറയുന്നത് ഇങ്ങനെ: വിവാഹത്തിൽ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരൂരിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഒരു സ്ത്രീ യാത്രക്കാരിയുമായി വന്ന ഓട്ടോ ഡ്രൈവർ വട്ടായിയിലേക്കാണെന്നു പറഞ്ഞ് കയറാൻ നിർബന്ധിക്കുകയായിരുന്നു.
കുറാഞ്ചേരിയിലെത്തി ഓട്ടോ നേരെ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിർത്തി. ബഹളം വെച്ചതോടെ വായിൽ തുണി തിരുകി. പ്ലാസ്റ്റിക് കയറുകൊണ്ട് കൈകൾ കെട്ടി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് മാല പൊട്ടിച്ചെടുത്ത് തള്ളിയിട്ടു.
തുടർന്ന് സുശീല സമീപത്തെ വീട്ടിൽ പോയി നടന്ന സംഭവം പറയുകയായിരുന്നു. ഓട്ടോ ഓടിച്ച ഡ്രൈവർ ചെറുപ്പക്കാരനാണ്. ഒപ്പമുണ്ടായിരുന്ന യാത്രക്കാരി യുവതിയാണ്. വിവരമറിഞ്ഞ് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുരിയനും മറ്റുള്ളവരും വടക്കാഞ്ചേരി പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി.
ഇതിനിടയിൽ നാട്ടുകാർ ആംബുലൻസും വരുത്തിയിരുന്നു. തലയിൽ നിന്ന് രക്തം വാർന്നിരുന്ന ഇവരെ മകനും നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Content Highlights: Auto Driver smashed head and robbed woman in Thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..