ആൻഡ്രിയാസ് കെ. മസി
പയ്യന്നൂര്‍: ഓസ്‌ട്രേലിയയില്‍ ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറില്‍നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ഹരിയാണ ഫരീദാബാദിലെ ദാബുവ കോളനിവാസിയായ ആന്‍ഡ്രിയാസ് കെ. മസിയാണ് ഒളിവില്‍ കഴിയുന്നതിനിടയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
2018 നവംബര്‍ 12 മുതല്‍ 2019 നവംബര്‍ 20 വരെയുള്ള ദിവസങ്ങളിലായാണ് പയ്യന്നൂര്‍ കുണ്ടയംകൊവ്വലിലെ ഡോക്ടര്‍ നിതിന്‍ കണ്ണനില്‍നിന്ന് വിസയ്ക്കായി 13 ലക്ഷം രൂപ ഇയാള്‍ വാങ്ങിയത്. ഒന്നിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്.
ആന്‍ഡമാനില്‍ താമസിക്കുകയായിരുന്ന ആന്‍ഡ്രിയാസുമായി കോച്ചിങ് ക്ലാസിനിടയിലാണ് ഡോക്ടര്‍ പരിചയപ്പെട്ടത്. വിസയ്ക്കായി പണം വാങ്ങിയശേഷം വിസയോ പണമോ നല്‍കാതെ വഞ്ചിച്ചതായാണ് ഡോക്ടര്‍ നല്‍കിയ പരാതി. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പറുകള്‍ മാറ്റിയതിനാല്‍ സൈബര്‍ സെല്ലിന്റെ അന്വേഷണവും വിഫലമായി.
പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മുംബൈയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് പിടിച്ചത്.
മുംബൈ പോലീസിന്റെ അഗ്രപാട പോലീസ് സ്റ്റേഷനിലെ ഡിറ്റക്ടീവ് അംഗങ്ങളും പയ്യന്നൂര്‍ എ.എസ്.ഐ. എ.ജി. അബ്ദുള്‍ റൗഫ്, സി.പി.ഒ. പി.കെ. വിജിത്ത് എന്നിവരും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ആറോളം തൊഴിലാളികള്‍ താമസിക്കുന്ന ഹാളില്‍നിന്ന് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ പക്കല്‍നിന്ന് ലാപ്‌ടോപ്, ടാബ്, നിരവധി സ്റ്റാമ്പുകള്‍, മറ്റു രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസമാണ് ഇയാളെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..