ആറ്റിങ്ങലിൽ കഞ്ചാവ് പിടിച്ചെടുത്ത കണ്ടെയ്‌നർ ലോറി ഉദ്യോഗസ്ഥർ പരിശോധിക്കുന്നു(ഫയൽചിത്രം) | മാതൃഭൂമി
മൈസൂരു: കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസിലെ മുഖ്യ പ്രതിയായ ആന്ധ്രാ പ്രദേശ് സ്വദേശി രാജു ഭായിയെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറിയിൽ കടത്തിക്കൊണ്ടുവരവേ പിടികൂടിയ കഞ്ചാവ് ആന്ധ്രയിൽനിന്നു രാജു ഭായി കൊടുത്തയച്ചതാണെന്ന് പോലീസ് പറഞ്ഞു. പഞ്ചാബ് സ്വദേശിയായ ഇയാൾ ആന്ധ്രാ പ്രദേശിൽ ലോറി ട്രാൻസ്പോർട്ട് നടത്തുന്നയാളാണ്.
കേരളത്തിലേക്കുള്ള ഏറ്റവും വലിയ കഞ്ചാവുകടത്തായിരുന്നു ഇത്. ആന്ധ്രാപ്രദേശിൽനിന്നു കഞ്ചാവ് കടത്തുന്നതിന് ആസൂത്രണം നടത്തിയത് മൈസൂരുവിൽവെച്ചാണ്. മൈസൂരു കേന്ദ്രമായി പ്രവർത്തിച്ച മലയാളികളായിരുന്നു കഞ്ചാവുകടത്തിനുപിന്നിൽ. കഞ്ചാവ് കടത്തിയവരെ സഹായിച്ചതിന് കണ്ണൂർ ജില്ലയിലെ സി.പി.എം. ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിന്റെപേരിലും കേസെടുത്തിരുന്നു. ഇയാളെ മൈസൂരു പോലീസ് അറസ്റ്റുചെയ്തിരുന്നു.
കണ്ണൂർ സ്വദേശി സജീവൻ ബാബു, ജിതിൻരാജ് തുടങ്ങിയവരായിരുന്നു കഞ്ചാവുകടത്തിനുപിന്നിൽ. സജീവൻ ബാബു മൈസൂരുവിൽ നടത്തുന്ന റിസോർട്ടിൽവെച്ചാണ് കഞ്ചാവുകടത്ത് ആസൂത്രണംചെയ്തത്. ജിതിൻ രാജ് ആണ് പണം സംഘടിപ്പിച്ച് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. രണ്ടുപേരും അറസ്റ്റിലായിരുന്നു. കടത്തിനുപിന്നിലുള്ള ഗൂഢാലോചനയാണ് മൈസൂരു പോലീസ് അന്വേഷിക്കുന്നത്. മൈസൂരു ക്രൈം ആൻഡ് ഇക്കണോമിക് നർക്കോട്ടിക്സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ മരിയപ്പയുടെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായ രാജുഭായിയെ മൈസൂരു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സെപ്റ്റംബർ ആറിനാണ് നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ കടത്തിക്കൊണ്ടുവന്ന 500 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. പഞ്ചാബ് സ്വദേശി കുൽവന്ത് സിങ്, ജാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് കഞ്ചാവ് കടത്തിയവരിലേക്ക് അന്വേഷണസംഘമെത്തിയത്.
Content Highlights:attingal ganja case main accused raju bhai arrested in mysuru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..