സി.സി. ടിവി ക്യാമറയിൽനിന്നു ലഭിച്ച ദൃശ്യം.
കൊട്ടിയം: മോട്ടോർ സൈക്കിളിലെത്തിയ യുവാവ് പത്തുവയസ്സുകാരനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തി. പഴയാറ്റിൻകുഴി സ്വദേശിയായ അഞ്ചാം ക്ലാസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ശനിയാഴ്ച വൈകീട്ട് നാലേമുക്കാലോടെ പഴയാറ്റിൻകുഴിയിലായിരുന്നു സംഭവം.
അനുജനെ അടുത്തുള്ള മദ്രസയിൽ വിട്ടശേഷം വീട്ടിലേക്കു വരുകയായിരുന്ന കുട്ടിക്കു സമീപം ബുള്ളറ്റ് നിർത്തിയശേഷം ആദ്യം വാട്ടർ ടാങ്ക് എവിടെയാണെന്നു ചോദിച്ചു. ടാങ്ക് ചൂണ്ടിക്കാട്ടിയപ്പോൾ വിമലഹൃദയ സ്കൂൾ എവിടെയാണെന്നു ചോദിക്കുകയും പറഞ്ഞുകൊടുത്തപ്പോൾ കൂടെ വന്ന് ഒന്നു കാട്ടിത്തരാൻ കുട്ടിയോട് ആവശ്യപ്പെട്ടു.
ബുള്ളറ്റിൽ കയറിയ കുട്ടിയുമായി സ്കൂളിനടുത്തെത്തുകയും ആക്രിക്കട ചോദിച്ച് മടങ്ങുകയുമായിരുന്നു. പിന്നീട് പണി നടക്കുന്ന വീട് പരിസരത്തുണ്ടോ എന്നു ചോദിച്ചുകൊണ്ട് കുട്ടിയുമായി കൂനമ്പായിക്കുളം ഭാഗത്ത് ചുറ്റിക്കറങ്ങി. ഈ സമയം കുട്ടിയെ തിരക്കി ബന്ധുക്കൾ ദേശീയപാതയ്ക്കു സമീപം നിൽക്കുമ്പോൾ ഇയാൾ കുട്ടിയുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ബന്ധുക്കളെ ചൂണ്ടിക്കാട്ടി കുട്ടി ബഹളംവെച്ചതിനെത്തുടർന്ന് ഇയാൾ കുട്ടിയെ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു. പരിസരത്തെ നിരീക്ഷണ ക്യാമറകളിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരവിപുരം പോലീസിൽ ബന്ധുക്കൾ വിവരമറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..