അഗളി: സ്ത്രീകളിടപെട്ട് വിവരം കൈമാറിയതിനെത്തുടര്‍ന്ന് അട്ടപ്പാടി കള്ളമലയില്‍ ചാരായം വില്പന പിടികൂടി. ചിന്നപ്പറമ്പ് പൂളക്കുന്നിന് സമീപത്തുനിന്നാണ് അഗളി പോലീസ് രണ്ടരലിറ്റര്‍ ചാരായം പിടിച്ചത്. പൂളക്കുന്ന് സ്വദേശി ചാരായം വില്‍ക്കുന്നുണ്ടെന്ന് പ്രദേശത്തെ സ്ത്രീകള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അഗളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് 100 നമ്പറില്‍ പാലക്കാട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് വിവരം കൈമാറിയത്. കണ്‍ട്രോള്‍ റൂമില്‍നിന്ന് അഗളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗളി സി.ഐ. ഹിദായത്തുള്ളയുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തുകയായിരുന്നു.
ചാരായം വില്പന വ്യാപകമായതോടെ പ്രദേശത്ത് വാക്കുതര്‍ക്കങ്ങളും വഴക്കും പതിവായി. ചാരായം വില്പനക്കെതിരേ എതിര്‍പ്പുമായെത്തിയവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്നാണ് പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ച് ചാരായം വാറ്റാനായി സൂക്ഷിച്ച 80 ലിറ്ററോളം വാഷ് നശിപ്പിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.
അഗളി അഡീ. എസ്. ഐ. ജയപ്രസാദിന്റെ നേതൃത്വത്തില്‍ സി.പി.ഒ.മാരായ ജയന്‍, ഷാലു വര്‍ഗീസ്, എ.സി.പി.ഒ. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പോലീസിന്റെ കണ്ട് പ്രദേശവാസിയായ സോണി ഓടിരക്ഷപ്പെട്ടതായും അന്വേഷണം ഊര്‍ജിതമാക്കിയതായും അഗളി പോലീസ് അറിയിച്ചു. സോണിയുടെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നാണ് ചാരായം പിടികൂടിയത്.
Content Highlights: attappadi women seized illegal liquor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..