-
കൂത്തുപറമ്പ്: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികൾ അകമ്പടിവന്ന പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. അക്രമത്തിൽ ആറു പോലീസുകാർക്ക് പരിക്കേറ്റു. ബലപ്രയോഗത്തിനൊടുവിൽ പോലീസ് പ്രതികളെ കീഴടക്കി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ വാർഡറെ ആക്രമിച്ച കേസിലെ പ്രതികളായ കോഴിക്കോട് സ്വദേശി രാഹുൽ രാജ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. രാഹുലിനെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും മുഹമ്മദ് ഷാഫിയെ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽനിന്നുമാണ് കൂത്തുപറമ്പ് കോടതിയിലേക്ക് കൊണ്ടുവന്നത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അവധിയിലായതിനാലാണ് ചുമതലയുള്ള കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതിയിലേക്ക് പ്രതികളെ എത്തിച്ചത്.
രാഹുൽ രാജിനെയുംകൊണ്ടെത്തിയ പയ്യാവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.വി.വിജേഷ്, പെരിങ്ങോം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് നജീബ്, ശ്രീകണ്ഠപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി.ബിനീഷ്, മുഹമ്മദ് ഷാഫിയുമായി എത്തിയ തൃശ്ശൂർ എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർമാരായ ഗ്ലിഫ്റ്റൻ സൈമൺ, സി.മാഹീൻ, പി.ആർ.റെനിൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാർ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സതേടി.
പ്രതികൾ രണ്ടുപേരും ഒരേസമയം ശൗചാലയത്തിൽ പോകണമെന്നാവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചത് തടഞ്ഞതോടെ ഇവർ പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും കല്ലുകൊണ്ട് മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത കൂത്തുപറമ്പ് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ പ്രതികളിൽ ഒരാളുടെ ചെരുപ്പിൽ ഒളിപ്പിച്ചനിലയിൽ ബ്ലേഡ് കണ്ടെത്തി. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..