സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങളിൽ നിന്ന്(ഇടത്ത്) അറസ്റ്റിലായ റംനാസും അയൂബും(വലത്ത്)
കാക്കനാട്: പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യംകിട്ടി ഇറങ്ങുന്ന രംഗം മൊബൈലില്‍ ചിത്രീകരിച്ച് സിനിമാ ഡയലോഗ് ഉള്‍പ്പെടുത്തി വാട്സാപ്പില്‍ ഇട്ട യുവാക്കള്‍ക്ക് പണികിട്ടി. കഴിഞ്ഞദിവസം തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് പരാതിക്കാരെയും കേസെടുത്ത പോലീസുകാരെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സംഭവം ഇങ്ങനെ: കഴിഞ്ഞ 12-ന് രാത്രി ജോലികഴിഞ്ഞ് മടങ്ങിയ മുണ്ടംപാലം കളപ്പുരയ്ക്കല്‍ മുഹമ്മദ് റാഫി (21)യെ മൂന്ന് യുവാക്കള്‍ നടുറോഡില്‍ മര്‍ദിച്ചിരുന്നു. മുണ്ടംപാലം പെട്രോള്‍ പമ്പിന് സമീപം, ബൈക്കിന്റെ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം.
സംഭവത്തില്‍ കേസെടുത്ത തൃക്കാക്കര പോലീസ്, പ്രതികളായ കുഴിവേലിപ്പടി സ്വദേശികളായ മുഹമ്മദ് റംനാസ് (21), അയൂബ് (26), അത്താണി സ്വദേശി ഉമറുല്‍ ഫാറൂഖ് (23) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇതില്‍ അയൂബ്, സ്റ്റേഷനില്‍നിന്ന് സിനിമാസ്‌റ്റൈലില്‍ പുറത്തേക്കുവരുന്ന രംഗം പോലീസിനെ ആക്ഷേപിക്കുന്ന തരത്തില്‍ റംനാസ് മൊബൈലില്‍ ചിത്രീകരിച്ചു. 'പോലീസ് ഓഫീസര്‍മാരുടെ കുടല്‍ വിറയ്ക്കും, പിടിച്ചകത്തിട്ടാല്‍ നാലാംദിവസം ഇങ്ങിറങ്ങിപ്പോരും, എന്നിട്ട് കുടുംബത്തുകേറി നിരങ്ങും' -മോഹന്‍ലാല്‍ ചിത്രമായ 'പ്രജ'യിലെ സംഭാഷണംകൂടി ചേര്‍ത്ത് എഡിറ്റ് ചെയ്ത് അയൂബ് ഉടന്‍ വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടു.
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാമ്യത്തിലിറങ്ങിയ പ്രതികളായ അയൂബിനെയും റംനാസിനെയും വീണ്ടും അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ക്കെതിരേ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..