പ്രതീകാത്മക ചിത്രം | മാതൃഭൂമി
കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം വീട്ടമ്മയുടെ തലയില്‍ തുണിയിട്ടശേഷം മുളകുപൊടിയെറിഞ്ഞു. ബഹളംകേട്ട് വീട്ടുകാരെത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. കോട്ടയം കൊല്ലാട് ഷാപ്പുപടി കളങ്കുന്നേല്‍ അലക്സ് തോമസിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. ഭാര്യ സവിതയാണ് അക്രമത്തിനിരയായത്.
വീടിന്റെ പിന്നില്‍ അടുക്കള ഭാഗത്ത് മാലിന്യം കളയുന്നതായി പുറത്തിറങ്ങിയപ്പോള്‍ വീടിന്റെ മതില് ചാടിക്കടന്നെത്തിയ സംഘം തലയിലേക്ക് തുണിയിട്ടശേഷം മുളകുപൊടിയും അരിപ്പൊടിയും കൂട്ടിയിളക്കിയ പൊടി എറിയുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. ഭര്‍ത്താവും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
നാലുപേരടങ്ങുന്ന സംഘത്തില്‍ ഒരാള്‍ പെണ്‍വേഷം കെട്ടിയിരുന്നതായും പറഞ്ഞു. വീട്ടില്‍നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ബഹളം കേട്ടെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടതായി ഭര്‍ത്താവും പോലീസിനോട് പറഞു. സംഭവസമയം വീട്ടിലെ സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
കോട്ടയം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ റിജൊ പി. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മുളകുപൊടി പൊതിഞ്ഞ പത്രക്കടലാസിന്റെ ശേഷിച്ച മുഴുവന്‍ പത്രവും കണ്ടെടുത്തു.
വീടിനുപിന്നില്‍ മുളകുപൊടി നിലത്ത് വിതറിയിട്ടനിലയിലും കണ്ടെത്തി. പ്രതികള്‍ ചാടിക്കടന്നഭാഗത്ത് മതിലിന് രണ്ടാള് ഉയരമുണ്ട്. അക്രമികള്‍ രക്ഷപ്പെട്ടതും ഈ മതില് ചാടിക്കടന്നാണെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു.
മൊഴിയുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള തെളിവുകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ല. പോലീസെത്തുമ്പോഴാണ് സമീപവാസികളും സംഭവം അറിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..