പിടിയിലായ അച്ചു സന്തോഷ്
ഏറ്റുമാനൂർ: കരാർ തൊഴിലാളിയെ തലയ്ക്ക് അടിച്ചുവീഴ്ത്തി മർദിച്ച കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പോലീസുകാർക്കുനേരേ ആക്രമണം. കമ്പിവടികൊണ്ടുള്ള അടിയേറ്റ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.എസ്. അനീഷ് (39), സി.പി.രാജേഷ് (42) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരെ ആക്രമിച്ച അതിരമ്പുഴ പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷിനെ (25) പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. വെള്ളിയാഴ്ച വൈകീട്ട് 6.45-നായിരുന്നു സംഭവം. വ്യാഴാഴ്ച വൈകീട്ട് ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ കോട്ടമുറി ജങ്ഷനിൽ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കരാർ തൊഴിലാളി പുന്നത്തുറ കോട്ടോത്ത് കെ.എസ്. സുരേഷിന് (49) പരിക്കേറ്റിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഈ കേസിലെ പ്രതികളെ തേടി കോട്ടമുറി ഇന്ദിര പ്രിയദർശനി കോളനിയിൽ പോലീസെത്തി. പരിശോധന നടത്തുന്നതിനിടയിൽ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ കോളനിയിലുണ്ടായിരുന്ന അച്ചുസന്തോഷ് ജാക്കിലിവറും മറ്റുമുപയോഗിച്ച് പോലീസുകാരെ ആക്രമിച്ചു. പോലീസുകാരനായ അനീഷിന്റെ പുറത്ത് കമ്പിക്ക് അടിയേറ്റു. തോളെല്ല് പൊട്ടി. കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. വലതുകൈയ്ക്ക് പൊട്ടലുണ്ട്. രാജേഷിന്റെ വലതുകൈയിൽ മുറിവേറ്റു. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അച്ചു സന്തോഷ് എക്സൈസ് സംഘത്തെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവ് ലഹരിയിലായിരുന്നു ഇയാളെന്നു പറയുന്നു. കോട്ടമുറിയിൽ കഞ്ചാവ് മാഫിയ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരേ പെട്രോൾ ബോംബെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. തലയ്ക്കടിയേറ്റ കരാർ ജീവനക്കാരൻ സുരേഷ്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..