രഞ്ജിത്‌കുമാർ
ചാലക്കുടി: അടുത്തടുത്ത ദിവസങ്ങളിലായി രണ്ടിടത്ത് എ.ടി.എം. കൗണ്ടർ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് തരൂർ പുത്തൻകളം വീട്ടിൽ രഞ്ജിത്‌കുമാർ (37) ആണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ മുരിങ്ങൂർ ജങ്ഷനിൽ ഫെഡറൽ ബാങ്കിന്റെ എ.ടി.എം. കൗണ്ടറും ശനിയാഴ്ച പുലർച്ചെ ചൗക്കയിൽ ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കൗണ്ടറും തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ച കേസുകളിലാണ് അറസ്റ്റ്.
ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യും. വീടുകളിലും കവർച്ച നടത്താറുണ്ടെന്നാണ് പോലീസ് കരുതുന്നത്. മുരിങ്ങൂരിൽ രാവിലെ എ.ടി.എം. കാബിൻ വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് മെഷീന്റെ മുൻഭാഗം കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്.
പ്രത്യേകാന്വേഷണസംഘം നടത്തിയ പരിശോധനയിൽ മുഖം മറച്ച ഒരാൾ എ.ടി.എമ്മിൽ പ്രവേശിക്കുന്നതും കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും കണ്ടെത്തി. ചൗക്കയിലും ഇതേ ആൾത്തന്നെയാണ് എ.ടി.എം. തകർത്തതെന്ന് പോലീസ് മനസ്സിലാക്കി. ഇതോടെ പ്രദേശത്തെ സി.സി.ടി.വി.കൾ പരിശോധിക്കുകയായിരുന്നു.
പ്രത്യേകാന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി.യെ കൂടാതെ ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ്, എസ്.ഐ. എം.എസ്. ഷാജൻ, കൊരട്ടി എസ്.ഐ. ഷാജു എടത്താടൻ, എ.എസ്.ഐ.മാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ തുടങ്ങിയവർ ഉണ്ടായിരുന്നു. എ.ടി.എം. തകർക്കാനുപയോഗിച്ച സാമഗ്രികളും ധരിച്ചിരുന്ന വസ്ത്രങ്ങളും കാറിൽനിന്ന് കണ്ടെടുത്തു.
പ്രചോദനമായത് സിനിമ, വരുന്നത് സ്വന്തം ടാക്സി കാറിൽ
ചാലക്കുടി: പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ 'റോബിൻഹുഡ്' എന്ന ചിത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് രഞ്ജിത്‌കുമാർ എ.ടി.എം. കവർച്ചയ്ക്ക് മുതിർന്നതെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന എ.ടി.എം. മെഷീനുകളുടെ പ്രത്യേകതകളും മുറിയിലൊരുക്കിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളും ഇന്റർനെറ്റിലൂടെ മനസ്സിലാക്കിയ ശേഷമാണ് മോഷണശ്രമം. എന്നാൽ, ഏതൊക്കെ ശ്രമങ്ങൾ വിജയിച്ചുവെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.
പ്രദേശത്ത് പോലീസിന്റെ നൈറ്റ് പട്രോൾ സംഘങ്ങളെ നിരീക്ഷിച്ച് അവർ കടന്നുപോയ ശേഷമാണ് ഇയാൾ കവർച്ചയ്ക്കിറങ്ങുന്നത്. മുമ്പ് തമിഴ്നാടും സ്വദേശമായ പാലക്കാടും കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്. കവർച്ചക്കേസുകളിൽ പ്രതിയായതോടെ വർഷങ്ങളായി ആലുവയിലെ വാടകവീട്ടിലായിരുന്നു താമസം.
അയൽവാസികളോടും വീട്ടുടമയോടും ടാക്സി സർവീസ് കമ്പനി ഉടമയെന്ന് ധരിപ്പിച്ചിരുന്നു. ആഡംബരജീവിതമാണ് നയിച്ചിരുന്നത്. മോഷണത്തിനെത്തിയിരുന്നതും സ്വന്തം ടാക്സി കാറിലായിരുന്നു.
പോലീസ് പരിശോധിച്ചാൽ ഓട്ടം വന്നതാണെന്നു പറഞ്ഞൊഴിയുമായിരുന്നു. ആലുവ യു.സി. കോളേജ് പരിസരത്ത് പോലീസ് സംഘത്തോട് സംസാരിച്ച് കടന്നുപോന്നത് ആത്മവിശ്വാസം വർധിപ്പിച്ചു.
പോലീസ് ആദ്യഘട്ട സി.സി.ടി.വി. പരിശോധനയിൽ ടാക്സി കാറുകളെ ഒഴിവാക്കിയിരുന്നു. എങ്കിലും രണ്ട് സംഭവസ്ഥലങ്ങളിലും ഒരേ കാറിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതി കുടുങ്ങിയത്.
Content Highlights:atm robbery attempt accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..