കൊല്ലപ്പെട്ട രാജാദാസ്, പോലീസ് തിരയുന്ന ദീപൻകുമാർ ദാസ്
കോലഞ്ചേരി: അസം സ്വദേശിയെ കൊന്ന് ചാക്കിലാക്കി കരിങ്കല്‍ പൊടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പൂത്തൃക്ക പുളിച്ചോട്ടിക്കുരിശിനു സമീപം തറയില്‍ വിരിക്കുന്ന ടൈല്‍ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന അസം ദീമാജി ജില്ലയിലെ ലക്കിപത്താര്‍ മോറിസോത്തി രാജാദാസ് (28) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ദീപന്‍കുമാര്‍ ദാസിനെ (26) പോലീസ് തിരയുന്നു.
കമ്പനിയോടു ചേര്‍ന്നുള്ള മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയായിട്ടും ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ നടത്തിയ അന്വേഷണത്തില്‍ മുറിയുടെ സമീപം രക്തപ്പാടുകള്‍ കണ്ടു. ഈ വിവരം കമ്പനി ഉടമയെ അറിയിക്കുകയും ഉടമ പുത്തന്‍കുരിശ് പോലീസിനെ അറിയിക്കുകയുമായിരുന്നു.
പോലീസ് പരിശോധനയില്‍ രക്തപ്പാടുകളും ശരീരം വലിച്ചിഴച്ച പാടുകളും കണ്ടു. ഇത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടിയിട്ടിരുന്ന കരിങ്കല്‍ പൊടിക്കൂനയുടെ സമീപംവരെ ഉണ്ടായിരുന്നു. മണ്ണിളകിയ ഭാഗം കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തിനു മുകളില്‍ വലതു ചെവിയോടു ചേര്‍ന്ന് ആഴമേറിയ മുറിവുണ്ട്. കോടാലി പോലുള്ള ആയുധം ഉപയോഗിച്ചാണ് മര്‍ദിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൊല ചെയ്ത ശേഷം പായയില്‍ പൊതിഞ്ഞ് രണ്ടു ചണച്ചാക്കുകളിലാക്കി വലിച്ചിഴച്ചു കൊണ്ടുവന്ന് കരിങ്കല്‍ പൊടിയില്‍ കുഴിച്ചിട്ടതായാണ് കരുതുന്നത്.
പ്രതിയെന്ന് സംശയിക്കുന്ന ദീപന്‍കുമാര്‍ ദാസിനെ രാവിലെ മുതല്‍ കാണാനില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രതിക്കുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.കഴിഞ്ഞ മേയ് മൂന്നിനാണ് ദീപന്‍കുമാര്‍ ദാസ് ഇവിടെ എത്തിയത്. കൊല്ലപ്പെട്ട രാജ്ദാസ് ജോലിക്ക് ചേര്‍ന്നത് ഒരാഴ്ച മുമ്പാണ്.
ഉറക്കത്തില്‍ തീര്‍ത്തു, നാടിനെ നടുക്കിയ കൊലപാതകം
കോലഞ്ചേരി: പൂത്തൃക്ക പുളിച്ചോട്ടി കുരിശിലെ സിമന്റ് ടൈല്‍ നിര്‍മാണ കേന്ദ്രത്തില്‍ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം തിങ്കളാഴ്ച രാവിലെ നാടിനെ നടുക്കി. അസം ലക്കിപത്താര്‍, ദീമാജി ഡിസ്ട്രിക്ട്, മോറിസുട്ടി രാജാ ദാസ് (28) ആണ് മരിച്ചത്. ഒപ്പം കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കരിങ്കല്‍ മണല്‍ക്കൂനയില്‍ കുഴിച്ചുമൂടിയ സംഭവം കണ്ട് ആദ്യം ഞെട്ടിയത് ഒപ്പം ജോലിചെയ്തിരുന്ന സ്ത്രീകളാണ്.
രക്തം ഒഴുകിപ്പരന്ന് തളംകെട്ടിയ മുറിയുടെ ഭിത്തിയില്‍ ഉയരത്തില്‍ രക്തം തെറിച്ച പാടുകളുണ്ട്. കഴുത്തിന് മുകളിലായി വലതുചെവിയോടു ചേര്‍ന്ന് മൂര്‍ച്ചയേറിയ കോടാലിപോലുള്ള ആയുധമുപയോഗിച്ച് ആഴത്തില്‍ വെട്ടിയപ്പോള്‍ തെറിച്ചതാകാമിത്.
മൂന്നര സെന്റിമീറ്ററിലധികം ആഴത്തിലുള്ള മുറിവാണ് ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ മൃതദേഹത്തില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം കാണാതായ ബംഗാള്‍ സ്വദേശി ദീപന്‍ കുമാര്‍ ദാസും രാജയും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. മുറിയുടെ ഭിത്തിയോടു ചേര്‍ന്ന് അടുക്കിവെച്ചിരുന്ന കട്ടകള്‍ക്കു മുകളില്‍ കട്ടില്‍പോലെ ഉണ്ടാക്കിയ സ്ഥലത്താണ് രാജ ഉറങ്ങിയിരുന്നത്. ഇതിന്റെ തലഭാഗം വരുന്ന ഭാഗത്ത് ചീറ്റിത്തെറിച്ച രക്തം ഭിത്തിയില്‍ അഞ്ചടിയോളം ഉയരത്തില്‍ കാണാം. ഇതുകൊണ്ടാണ് ഉറങ്ങിക്കിടന്നിരുന്ന സമയത്താകാം രാജയെ വെട്ടിയതെന്ന നിഗമനത്തില്‍ പോലീസെത്തിയത്.
പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ദീപന്‍ കുമാര്‍ ദാസിനായി (26) പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി., എറണാകുളം െറയില്‍വേ സ്റ്റേഷനുകള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നീ സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..