പ്രതീകാത്മക ചിത്രം
ഗുവാഹാത്തി: ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനായി രണ്ടരവയസ്സുള്ള മകനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു. അസമിലെ മോറിഗാവ് സ്വദേശിയായ അമീനുല്‍ ഇസ്ലാമാണ് ഷാസിദ ബീഗം എന്നയാള്‍ക്ക് മകനെ വിറ്റത്. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
അമീനുല്‍ ഇസ്ലാമിന്റെ ഭാര്യ റുക്മിന ബീഗമാണ് ഭര്‍ത്താവ് മകനെ മറ്റൊരാള്‍ക്ക് വിറ്റെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി ഷാസിദ ബീഗത്തിന്റെ വീട്ടില്‍നിന്ന് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി സ്വന്തം വീട്ടിലാണ് റുക്മിന ബീഗം താമസിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അമീനുള്‍ ഇസ്ലാം ഇവിടെയെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഇയാള്‍ മകനെ കൂട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം കഴിഞ്ഞിട്ടും മകനെ തിരിച്ചുകൊണ്ടുവരാതിരുന്നതോടെ റുക്മിന സ്വന്തംനിലയില്‍ തിരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് ഭര്‍ത്താവ് കുട്ടിയെ വിറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
റുക്മിനയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ഷാസിദ ബീഗത്തിന്റെ വീട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടിയെ പിന്നീട് മാതാവിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ അമീനുള്‍ ഇസ്ലാമിനെയും ഷാസിദ ബീഗത്തെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ലഹരിമരുന്ന് വാങ്ങാനായാണ് അമീനുള്‍ ഇസ്ലാം മകനെ 40,000 രൂപയ്ക്ക് വിറ്റതെന്നും പോലീസ് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ഇയാള്‍ക്ക് ലഹരിമരുന്ന് കടത്തുമായും പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധങ്ങളുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: assam man sold his son for rs 40000 to buy drugs police rescued
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..