
-
കളിയിക്കാവിള: കളിയിക്കാവിള പോലീസ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണ്‍ വെടിയേറ്റ് മരിച്ചത് അതിര്‍ത്തി ഗ്രാമത്തെ ഭീതിയിലാഴ്ത്തി. കേരള അതിര്‍ത്തിയോടു ചേര്‍ന്ന് കളിയിക്കാവിളയിലെ പഴയ റോഡിലാണ് ചെക്പോസ്റ്റ് സ്ഥിതിചെയ്യുന്നത്. ചെക്പോസ്റ്റില്‍ നിന്ന് മീറ്ററുകള്‍ മാത്രമാണ് കേരള അതിര്‍ത്തിയിലേക്കുള്ളത്. രാത്രിയില്‍ വെടിയൊച്ച കേട്ടെങ്കിലും ആദ്യം പ്രദേശവാസികള്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍, ചാനലുകളില്‍ ഫ്ളാഷുകള്‍ വന്നതോടെ പ്രദേശവാസികള്‍ സംഭവ സ്ഥലത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. രാത്രി പതിനൊന്നിനുശേഷവും ആളുകള്‍ എത്തിക്കൊണ്ടിരുന്നു.
വെടിവയ്പ് വാര്‍ത്ത നാട്ടിലാകെ പരന്നെങ്കിലും അത് നാട്ടുകാര്‍ക്ക് അവിശ്വസനീയമായിരുന്നു. രാത്രിയില്‍ പ്രതികള്‍ ആരെന്ന് കണ്ടെത്തുവാന്‍ പോലീസിന് സാധിക്കാത്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. അക്രമികള്‍ അധികദൂരത്തേക്ക് രക്ഷപ്പെട്ടിട്ടില്ലായെന്ന് തമിഴ് ചാനലുകളില്‍ വാര്‍ത്തകള്‍ വന്നതും ഇവരെ ഭയപ്പെടുത്തി.
രാത്രി പതിനൊന്നു മണിയോടുകൂടി കന്യാകുമാരി എസ്.പി. ശ്രീനാഥ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പ്രദേശത്ത് ലഭ്യമായ എല്ലാ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തെത്തുടര്‍ന്ന് ആദ്യം പരിശോധിച്ചത് സമീപത്തെ ആരാധനാലയത്തിലെ ദൃശ്യങ്ങളായിരുന്നു. ആരാധനാലയത്തിലെ കമ്മിറ്റി അംഗങ്ങള്‍ സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി നല്‍കുകയായിരുന്നു. തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികള്‍തന്നെ സമീപത്തെ സി.സി.ടി.വി. സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ പോലീസിന് കൈമാറുകയും, സ്ഥാപന ഉടമകളെ വിളിച്ചുവരുത്തി ഇവ പോലീസിന് പരിശോധിക്കുന്നതിനുള്ള സൗകര്യവും ചെയ്ത് നല്കി.
രാത്രി ഒരുമണിയോടുകൂടി ഐ.ജി. ഷണ്മുഖ രാജശേഖരന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കൂടി. വ്യാഴാഴ്ച ഉച്ചയോടുകൂടി തമിഴ്നാട് ഡി.ജി.പി. ജെ.കെ.ത്രിപാഠി, ഡി.ഐ.ജി. പ്രവീണ്‍കുമാര്‍ അഭിനവ്, കേരള സൗത്ത് സോണ്‍ ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിന് എന്നിവര്‍ അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണം ഊര്‍ജിതമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
Content Highlight: ASI Wilson Murder Case in kaliyikkavila
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..