ആര്യനെ വിടാന്‍ ഷാരൂഖിന്റെ മാനേജര്‍ 50 ലക്ഷം കൈമാറി, പക്ഷേ, തിരികെനല്‍കി; വാംഖഡെയ്ക്ക് പങ്കില്ല


2 min read
Read later
Print
Share

ഷാരൂഖ് ഖാനും മാനേജർ പൂജ ദദ്‌ലാനിയും. Photo: Instagram|poojadadlani02

മുംബൈ: ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍നിന്ന് ഒഴിവാക്കാന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ കെ.പി. ഗോസാവിക്ക് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായിനിന്ന സാം ഡിസൂസയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെ താന്‍ മുന്‍കൈയെടുത്ത് 50 ലക്ഷം രൂപ പൂജയ്ക്ക് തിരികെ നല്‍കിയെന്നും ഈ ഇടപാടില്‍ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും ഒരു ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാം ഡിസൂസ വ്യക്തമാക്കി.

നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സാം ഡിസൂസയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ആര്യനെ കേസില്‍നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ.പി. ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണെന്ന് താന്‍ കേട്ടിരുന്നതായും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. പ്രഭാകറിന്റെ ഈ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാംഖഡെയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിരുന്നു. കേസിലെ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി. ഗോസാവി ദിവസങ്ങള്‍ക്ക് മുമ്പ് പുണെ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. നേരത്തെ രജിസ്റ്റര്‍ ചെയ്ത ജോലിതട്ടിപ്പ് കേസിലാണ് ഗോസാവി അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ചിരുന്ന സാം ഡിസൂസ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ആര്യന്‍ കസ്റ്റഡിയിലായതിന് പിന്നാലെ ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായത് താനാണ്. ഒക്ടോബര്‍ മൂന്നാം തീയതി പുലര്‍ച്ചെയായിരുന്നു ഈ കൂടിക്കാഴ്ച. പൂജയും ഭര്‍ത്താവും ഗോസാവിയും താനും ലോവര്‍ പരേലില്‍വെച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് കാര്യങ്ങള്‍ നേരിട്ട് കണ്ട് സംസാരിച്ചത്. തുടര്‍ന്ന് താന്‍ അവിടെനിന്ന് മടങ്ങി. അല്പസമയത്തിന് ശേഷമാണ് ഗോസാവി പൂജ ദദ്‌ലാനിയില്‍നിന്ന് 50 ലക്ഷം രൂപം വാങ്ങിച്ചെന്ന വിവരമറിയുന്നത്. എന്നാല്‍ ഗോസാവി തട്ടിപ്പുകാരനാണെന്ന് മനസിലായതോടെ ഈ പണം താന്‍ മുന്‍കൈയെടുത്ത് തിരികെ നല്‍കിയെന്നും സാം ഡിസൂസ പറഞ്ഞു.

സമീര്‍ സര്‍ എന്നപേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നു. ഇത് സമീര്‍ വാംഖഡെയുടെ നമ്പറാണെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ മുന്നില്‍വെച്ച് ഈ നമ്പറില്‍നിന്ന് ഗോസാവിക്ക് കോള്‍ വരികയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ട്രൂകോളറില്‍ പരിശോധിച്ചപ്പോള്‍ ഇത് ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകറിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലായി. പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന വിവരമറിഞ്ഞതോടെ മണിക്കൂറുകള്‍ക്കം തന്നെ താന്‍ സമ്മര്‍ദം ചെലുത്തി ഈ പണംതിരികെ നല്‍കിയെന്നും ഈ ഇടപാടിലൊന്നും സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വിശദീകരിച്ചു. സമീര്‍ വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കപ്പലിലെ ലഹരിപാര്‍ട്ടിയെക്കുറിച്ച് തനിക്ക് ഒക്ടോബര്‍ ഒന്നാം തീയതി തന്നെ വിവരം ലഭിച്ചിരുന്നതായും ഡിസൂസ വെളിപ്പെടുത്തി. ഒക്ടോബര്‍ ഒന്നാം തീയതി സുനില്‍ പാട്ടീല്‍ എന്നയാളാണ് കപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുമെന്നും ഇക്കാര്യം അറിയിക്കാന്‍ എന്‍.സി.ബി. ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് വിളിച്ചത്. തുടര്‍ന്ന് താന്‍ ഗോസാവിയെ വിവരമറിയിക്കുകയായിരുന്നു.

കപ്പലില്‍നിന്ന് ആര്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗോസാവി തന്നെ വിളിച്ചിരുന്നു. ആര്യന് മാനേജറുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യനില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും പറഞ്ഞു. തുടര്‍ന്നാണ് പൂജ ദദ്‌ലാനിയെ വിളിച്ചുനല്‍കിയതെന്നും ഡിസൂസ വ്യക്തമാക്കി.

താന്‍ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാം ഡിസൂസ നിഷേധിച്ചു. തനിക്ക് അത്തരം ഇടപാടുകളില്ലെന്നും ബിസിനസുകാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയപ്പോള്‍ എന്‍.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജ ദദ്‌ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി.

അതേസമയം, ഡിസൂസയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദേശീയ മാധ്യമങ്ങള്‍ പൂജ ദദ്‌ലാനിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. അഭിമുഖം ചാനലില്‍ സംപ്രേഷണം ചെയ്തതിന് പിന്നാലെ സാം ഡിസൂസയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.

Content Highlights: aryan khan case sam d souza reveals srk manager paid 50 lakh to gosawi and returned it

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
court

4 min

ക്രിമിനല്‍ നിയമത്തിന്റെ പൊളിച്ചെഴുത്ത് ഗുണമോ? ഭാരതീയ ന്യായസംഹിതയിലെ മാറ്റങ്ങള്‍ എന്തെല്ലാം

Sep 16, 2023


tuvvur murder

3 min

അച്ഛൻ എല്ലാം അറിഞ്ഞു; കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചു, അര്‍ധരാത്രി വരെ മൃതദേഹം കട്ടിലിനടിയിൽ

Aug 22, 2023


kuniyil double murder case

3 min

ഫുട്‌ബോള്‍ തര്‍ക്കവും അതീഖ് വധവും; സഹോദരങ്ങളെ വെട്ടിക്കൊന്നു, കുനിയില്‍ നടുങ്ങിയ രാത്രി

Apr 13, 2023


Most Commented