സന്തോഷ് കുമാർ
ചെങ്ങന്നൂർ: കേണൽ ചമഞ്ഞു പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പു നടത്തി വന്നയാളെ പോലീസ് തന്ത്രപരമായി കുടുക്കി. കൊട്ടാരക്കര വാളകം ആണ്ടൂർമുറിയിൽ പൂവണത്തുവിള പുത്തൻവീട്ടിൽ സന്തോഷ് കുമാർ (46) ആണ് പിടിയിലായത്. ഇയാൾ സൈന്യത്തിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ചെങ്ങന്നൂർ, കായംകുളം പ്രദേശങ്ങളിലെ വിവിധയാളുകളിൽനിന്ന് 3.17 കോടി രൂപ ഇയാൾ തട്ടിയതായി വിവരമുണ്ടെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലും സമീപപ്രദേശങ്ങളിലുമുള്ള നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ഉദ്യോഗാർഥികളെ ഏജന്റുമാർ മുഖേനയാണ് ഇയാൾ സമീപിക്കുന്നത്. പട്ടാളത്തിൽ വിവിധ വിഭാഗങ്ങളിൽ ജോലിക്കായെന്നു പറഞ്ഞ് രണ്ടുലക്ഷം മുതൽ നാലുലക്ഷം രൂപ വരെയാണ് ഇയാൾ ഇടാക്കുന്നത്. പണം വാങ്ങുന്നതിന്റെ വീഡിയോ ചിത്രീകരിക്കാനും അനുവദിക്കാറുണ്ട്.
പിന്നീട്, ഏതെങ്കിലും പട്ടാള ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ സീലും മേൽവിലാസവും ഉപയോഗിച്ച് ഉദ്യോഗാർഥികൾക്ക് കത്തുകളയയ്ക്കും. ഇതോടെ സന്തോഷിനെ പൂർണമായും വിശ്വസിക്കുന്ന ഉദ്യോഗാർഥികൾ ചോദിക്കുന്ന പണം നൽകും.
തട്ടിപ്പിനായി എറണാകുളത്ത് ഓഫീസ്
തട്ടിപ്പ് ജോലികളുടെ വിശ്വാസ്യതയ്ക്ക് എറണാകുളത്ത് പാലാരിവട്ടത്ത് പ്രധാനപ്പെട്ട കെട്ടിട സമുച്ചയത്തിൽ വിശാലമായ ഓഫീസ് ഇയാൾക്കുണ്ട്.
ഇവിടെ വെച്ച് മോക്ക് ഇന്റർവ്യൂ എന്ന മട്ടിൽ അഭിമുഖങ്ങളും നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണംകൊണ്ട് ആർഭാടജീവിതമാണ് പ്രതി നയിച്ചിരുന്നത്. 2003-ൽ പട്ടാളത്തിൽനിന്ന് വിടുതൽ വാങ്ങി. 2014-ൽ ഹരിപ്പാട്ടും 2016-ൽ നെയ്യാർ ഡാം പോലീസ് സ്റ്റേഷനിലും ഇയാളെ പിടികൂടി കേസ് എടുത്തിട്ടുണ്ട്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതി വീണ്ടും തട്ടിപ്പു പരിപാടിയുമായി സജീവമാകുകയാണ് പതിവ്.
കുടുക്കിയത് സെക്യൂരിറ്റിയുടെ വേഷത്തിലെത്തി
സന്തോഷിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ വേഷപ്രച്ഛന്നരായി കടന്നുകൂടിയ പോലീസുകാർ തന്ത്രപരമായിട്ടാണ് ഇയാളെ കുടുക്കിയത്. സ്വകാര്യ കമ്പനിയുടെ സുരക്ഷാജീവനക്കാരൻ എന്ന നിലയിൽ കയറിപ്പറ്റിയ പോലീസ് ഉദ്യോഗസ്ഥൻ ആഴ്ചകളോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഇയാൾ വലിയൊരു തട്ടിപ്പു നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചു. തുടർന്നാണ് ഇയാളെ പിടികൂടിയത്. പിടിക്കുമ്പോൾ നൂറോളം ചെറുപ്പക്കാരുടെ ജോലിക്കായുള്ള ഫോട്ടോ പതിച്ച അപേക്ഷകളും രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
മുന്തിയ ഇനം ആഡംബരക്കാറോടുകൂടിയാണ് പ്രതി പിടിയിലായതെന്ന് ഡിവൈ.എസ്.പി. ആർ. ജോസ് പറഞ്ഞു. പ്രതിക്കെതിരേ ഹരിപ്പാട്, കായംകുളം, കൊട്ടാരക്കര, പാലക്കാട് സ്റ്റേഷനുകളിൽ കേസുണ്ട്.
തട്ടിപ്പിന്റെ വിവരം ലഭിച്ചപ്പോൾ തന്നെ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദേശപ്രകാരം വെണ്മണി സി.ഐ. എസ്. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്‌കരിച്ചു.
ചെങ്ങന്നൂർ ഡിവൈ.എസ്.പി.ക്കായിരുന്നു മേൽനോട്ടം. എസ്.ഐ.മാരായ സുഭാഷ് ബാബു, കെ.കെ. ബേബി, എ.എസ്.ഐ. വിജയകുമാർ, സി.പി.ഒ.മാരായ രാജേഷ്, മനോജ്, അജീഷ്, അനുപ് കെ. ആനന്ദ്, ബിജു, ഹസ്സൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
'കേണൽസാബ്' വ്യാജനെന്ന് വിശ്വസിക്കാനാവാതെ ഉദ്യോഗാർഥികൾ
ചെങ്ങന്നൂർ: എടുപ്പിലും നടപ്പിലും വേഷധാരണത്തിലും സൈനിക ഉദ്യോഗസ്ഥന്റെ മട്ടും ഭാവവും സൂക്ഷിക്കാൻ ജോലി തട്ടിപ്പു കേസിൽ പിടിയിലായ സന്തോഷ്കുമാർ ശ്രദ്ധിച്ചിരുന്നു.
ഹിന്ദിയിൽ നല്ലസ്വാധീനം ഇയാൾക്കുണ്ട്. പിടിയിലായശേഷം ഇയാളുടെ പക്കൽനിന്നു നിരവധിപ്പേരുടെ ജോലിക്കായുള്ള അപേക്ഷകളും മറ്റും പോലീസിന് ലഭിച്ചിരുന്നു. ഇവരിൽ പലരുമായും പോലീസ് ബന്ധപ്പെട്ടിരുന്നു.
സ്റ്റേഷനിലെത്തിയവർ തങ്ങൾ തട്ടിപ്പുകാരന്റെ പക്കലാണ് പണംകൊടുത്തതെന്നു വിശ്വസിക്കാൻ ആദ്യം തയ്യാറായില്ല. 'കേണൽസാബിനെ' ആരോ കള്ളക്കേസിൽ കുടുക്കിയതാവുമെന്നാണ് ഇവർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ജോലിക്കായി പണംനൽകിയവരിൽ ചിലർക്ക് അവരുടെ പ്രയത്നംകൊണ്ട് പട്ടാളത്തിൽ ജോലിലഭിച്ചിരുന്നു. ഇത് തന്റെസ്വാധീനം കൊണ്ടാണെന്നാണ് പ്രതി ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചത്. ഇവർവഴി കൂടുതലാളുകൾ എത്തിയതും പ്രതിയോട് വിശ്വാസ്യത തോന്നാൻ കാരണമായെന്നു പോലീസ് പറഞ്ഞു.
പണം നൽകിയവർക്കായി വിവിധയിടങ്ങളിൽവെച്ച് കായികക്ഷമതാ പരിശോധന ഇയാൾ നടത്തിയിരുന്നതായി പോലീസ് കരുതുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രതിയുടെ പക്കൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
മുൻപ് മംഗലാപുരത്ത് സൈനികജോലിക്കായുള്ള പരിശീലനകേന്ദ്രം പ്രതി നടത്തിയിരുന്നു. പിന്നീടിത് ഉപേക്ഷിച്ചു.
ഇയാൾക്ക് മംഗലാപുരത്ത് സ്വത്തുവകകൾ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..