മലമുകളില്‍ ഒളിച്ചിരുന്ന് ആയങ്കി, ഇരുട്ടില്‍ നടന്നെത്തി പോലീസ്; അക്രമത്തിന് മുതിരാതെ കീഴടങ്ങല്‍


അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വെളിപ്പെട്ടതോടെ ഇയാള്‍ എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ടു കുതിച്ചു. പക്ഷേ, പോലീസ് എത്തുന്നതിന് മുമ്പേ രക്ഷപ്പെട്ടു. പിന്നീട് തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്താണ് അര്‍ജുന്‍ ആയങ്കി ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. ഇതിനിടയില്‍ ഗോവയിലും പോലീസ് പരിശോധന നടത്തിയിരുന്നു.

അർജുൻ ആയങ്കി | Photo: Mathrubhumi & facebook.com/rjun.aayanki

കൊണ്ടോട്ടി: കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സ്വദേശി അര്‍ജുന്‍ ആയങ്കി(26)യടക്കം നാലുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍ അഴീക്കല്‍ സ്വദേശി നിറച്ചന്‍ പ്രണവ് (25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സിലില്‍ നൗഫല്‍ (26) എന്നിവരാണ് മറ്റു മൂന്നുപേര്‍. വിമാനത്താവളങ്ങളിലൂടെ കടത്തുന്ന സ്വര്‍ണംതട്ടാന്‍ പദ്ധതിയൊരുക്കിയതിന് പ്രത്യേക അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവജനക്ഷേമ കമ്മിഷന്‍ വെമ്പായം പഞ്ചായത്ത് കോ -ഓര്‍ഡിനേറ്ററാണ് നൗഫല്‍.

കണ്ണൂര്‍ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന അര്‍ജുന്‍ ആയങ്കിയെയും പ്രണവിനെയും സനൂജിനെയും ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ രഹസ്യനീക്കത്തിലൂടെ പിടികൂടുകയായിരുന്നെന്ന് അന്വേഷണസംഘം അറിയിച്ചു. നൗഫലിനെ രണ്ടുദിവസം മുമ്പ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് പിടികൂടി.

കഴിഞ്ഞ ഒമ്പതിന് കരിപ്പൂരില്‍ കടത്തുസ്വര്‍ണം തട്ടാന്‍ ഒത്താശചെയ്ത യാത്രക്കാരനടക്കം അഞ്ചുപേര്‍ പിടിയിലായ കേസില്‍ ഒന്നാംപ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഈ കേസിലാണ് ഇയാളെയും സംഘത്തെയും പിടികൂടിയത്.

പരപ്പനങ്ങാടി സ്വദേശികളായ കുഞ്ഞിക്കാന്റെ പുരക്കല്‍ മൊയ്തീന്‍ കോയ (52), പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ് (32), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരക്കല്‍ അബ്ദുല്‍ റഊഫ് (36), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), യാത്രക്കാരനായ തിരൂര്‍ കാളാട് കാവീട്ടില്‍ മഹേഷ് (42) എന്നിവരാണ് നേരത്തെ പിടിയിലായത്.

പോലീസ് വിടാതെ പിന്തുടര്‍ന്നു, ആയങ്കി അകത്ത്...

സ്വര്‍ണക്കടത്ത് കവര്‍ച്ചക്കേസുകളില്‍ സ്ഥിരമായി അര്‍ജുന്‍ ആയങ്കിയുടെ പേര് ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ആദ്യമായാണ് ഇയാളെ പോലീസിന് പിടികൂടാനാകുന്നത്. കഴിഞ്ഞ ഒമ്പതിന് കരിപ്പൂരില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നാം പ്രതിയായതോടെ ആയങ്കിയെ പോലീസ് വിടാതെ പിന്തുടരുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നീക്കങ്ങള്‍ ശ്രദ്ധിച്ചും പലയിടങ്ങളില്‍ ക്യാമ്പ് ചെയ്തുമാണ് ആയങ്കിയെ കണ്ടെത്തിയത്. ഒടുവില്‍ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍നിന്ന് ആയങ്കിയെയും സഹായികളായ മൂന്നുപേരെയും പിടികൂടാനായത് പോലീസിന് അഭിമാനമായി.

ഓപ്പറേഷന്‍ പൊളിയുന്നു

കഴിഞ്ഞ ഒമ്പതിനായിരുന്നു അര്‍ജുന്‍ ആയങ്കി ഒന്നാംപ്രതിയായ സ്വര്‍ണക്കവര്‍ച്ച കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തിനു പുറത്ത് കരിപ്പൂര്‍ പോലീസ് നടത്തിയ വാഹനപരിശോധനയാണ് അന്ന് ആയങ്കിയുടെ ഓപ്പറേഷന്‍ പൊളിച്ചത്. യാത്രക്കാരന്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ സംഘം കരിപ്പൂരിലെത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒമ്പതിന് പതിനൊന്നരയോടെ പോലീസ് വാഹനപരിശോധന നടത്തി സുഹൈല്‍, അബ്ദുള്‍ റൗഫ്, മുഹമ്മദ് അനീസ് എന്നിവരെ പിടികൂടിയത്. യാത്രക്കാരനെ സ്വീകരിക്കാനെത്തിയതാണെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ യാത്രക്കാരനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു.

ഇവരുടെ ഫോണില്‍നിന്ന് സ്വര്‍ണവുമായി വരുന്ന യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുംചെയ്തു. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വരുന്ന മഹേഷ് ശരീരത്തിനകത്താക്കി കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനെത്തിയതാണെന്നും അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി മൊയ്തീന്‍ കോയയാണ് സഹായം ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഒരു മണിക്ക് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മഹേഷിനെ പിടികൂടി പരിശോധിച്ചപ്പോള്‍ നാലു കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനകത്താക്കി സ്വര്‍ണം കൊണ്ടുവന്നതായി വ്യക്തമായി. മഹേഷ് അര്‍ജുന്‍ ആയങ്കിയുമായും മൊയ്തീന്‍ കോയയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഫോണ്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊയ്തീന്‍കോയയെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.

പോലീസ് പിന്തുടരുന്നു...

അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വെളിപ്പെട്ടതോടെ ഇയാള്‍ എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ടു കുതിച്ചു. പക്ഷേ, പോലീസ് എത്തുന്നതിന് മുമ്പേ രക്ഷപ്പെട്ടു. പിന്നീട് തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്താണ് അര്‍ജുന്‍ ആയങ്കി ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. ഇതിനിടയില്‍ ഗോവയിലും പോലീസ് പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍നിന്നാണ് ഇയാളെയും കണ്ണൂര്‍ അഴിക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് (കാപ്പിരി പ്രണവ്- 25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22) എന്നിവരെയും പിടികൂടിയത്. കണ്ണൂര്‍ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം മലമുകളിലെത്തിയത്. വാഹനം എത്തിപ്പെടാത്ത സ്ഥലത്തായിരുന്നു സംഘമുണ്ടായിരുന്നത്. ഇരുട്ടില്‍ കുറച്ചുദൂരം നടന്നാണ് പോലീസ് ഒളിത്താവളത്തിലെത്തിയത്. അക്രമത്തിന് മുതിരാതെ ഇവര്‍ പോലീസിന് കീഴടങ്ങുകയായിരുന്നു.

പദ്ധതികളുടെ സൂത്രധാരന്‍..

സ്വര്‍ണം കൊണ്ടുവന്നയാളും കവര്‍ച്ചക്കെത്തിയവരും അര്‍ജുന്‍ ആയങ്കിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഒന്നാംപ്രതിയായത്. 2021 ജൂണില്‍ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചുകാലം ജയിലിലായി. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. കാക്കനാട് ജയിലില്‍ പരിചയപ്പെട്ട എറണാകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപവത്കരിച്ചു. തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേര്‍ന്ന് കാക്കനാട് വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ക്വട്ടേഷന്‍സംഘങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു.

കഴിഞ്ഞ ഒമ്പതിന് സംഘത്തിലുള്ളവരെ പിടിച്ചതറിഞ്ഞ് നൗഫല്‍, അര്‍ജന്‍ ആയങ്കിയെയും മറ്റു രണ്ടുപേരെയും ഇടുക്കിയിലെ തന്റെ സ്വകാര്യറിസോട്ടില്‍ താമസിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് ഒളിവില്‍പ്പോകുന്നതിനുള്ള സൗകര്യങ്ങളും ചെയ്തു നല്‍കി. ഇയാളുടെ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായവരില്‍നിന്ന് രണ്ടു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിരുന്നു.

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിമാനത്താവള റോഡില്‍ സംഘര്‍ഷത്തിനും രാമനാട്ടുകരയില്‍ ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കള്‍ വാഹനാപകടത്തില്‍ മരിക്കുന്നതിനുമിടയായ 2021 ജൂണിലെ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദുബായില്‍നിന്ന് മലപ്പുറം സ്വദേശി കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കി അന്ന് വിമാനത്താവളത്തിലെത്തിയിരുന്നു. ആയങ്കി സ്വര്‍ണം തട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വര്‍ണക്കടത്തുസംഘം വന്‍ പ്രതിരോധമാണ് ഒരുക്കിയിരുന്നത്. ഏതുവിധേനയും ആയങ്കിയെ തടയുന്നതിന് മാരകായുധങ്ങളുമായി കൊടുവള്ളി, ചെര്‍പ്പുളശ്ശേരി, താമരശ്ശേരി, മഞ്ചേരി എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ക്വട്ടേഷന്‍ സംഘങ്ങള്‍ കരിപ്പൂരിലെത്തിയിരുന്നു.

അര്‍ജുന്‍ ആയങ്കി രക്ഷപ്പെട്ടുപോയാല്‍ റോഡില്‍വെച്ച് അപായപ്പെടുത്തുന്നതിന് ടിപ്പര്‍ ലോറിയടക്കം കരിപ്പൂരിലെത്തിച്ചിരുന്നു. സ്വര്‍ണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ അര്‍ജുന്‍ ആയങ്കി മടങ്ങി. സ്വര്‍ണവുമായാണ് ഇയാള്‍ പോകുന്നതെന്ന് കരുതി ചെര്‍പ്പുളശ്ശേരി സംഘം പിന്തുടര്‍ന്നു. രാമനാട്ടുകരയിലെത്തിയപ്പോഴാണ് സ്വര്‍ണവുമായെത്തിയ യാത്രക്കാരന്‍ ടെര്‍മിനലിന് പുറത്തിറങ്ങിയില്ലെന്ന് സംഘം അറിഞ്ഞത്. തുടര്‍ന്ന് വെപ്രാളത്തില്‍, അതിവേഗം മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഈ കേസില്‍ പോലീസ് അര്‍ജുന്‍ ആയങ്കിയെ പ്രതിയാക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. കസ്റ്റംസ് എടുത്ത കേസില്‍ ഇയാളെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. പോലീസ് ഇത് ചൂണ്ടിക്കാട്ടി കാപ്പ ചുമത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീടും ഒട്ടേറെ കടത്തുസ്വര്‍ണം തട്ടിയ കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെ പേര് ഉയര്‍ന്നിരുന്നു. ഇപ്പോഴാണ് പോലീസിന് ഇയാളെ അറസ്റ്റുചെയ്യാനായത്.

രാമനാട്ടുകര സംഭവത്തിലും പ്രതിയാക്കും

2021 ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ പ്രതിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചകളില്‍ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരികയാണ്. മലപ്പുറം ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. കാപ്പ ചുമത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷറഫ് മലപ്പുറം, ഇന്‍െസ്പക്ടര്‍ ജോബി തോമസ്, കരിപ്പൂര്‍ ഇന്‍െസ്പക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീര്‍, സഹേഷ്, സാദിഖലി റഹ്‌മാന്‍, ഹമീദലി, സുബ്രഹ്‌മണ്യന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Content Highlights: arjun ayanki arrested in gold smuggling case karipur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented