സച്ചിൻ വാസേ | ഫോട്ടോ: മാതൃഭൂമി
മുംബൈ: മുംബൈ പോലീസിലെ മികച്ച അന്വേഷണോദ്യോഗസ്ഥനെന്നും ഏറ്റുമുട്ടല്‍ വിദഗ്ധനെന്നുമുള്ള സ്ഥാനം വീണ്ടെടുക്കാനാണ് സച്ചിന്‍ വാസേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ വെക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രത്തില്‍ പറയുന്നു. മുംബൈയിലെ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച 9000 പേജുവരുന്ന കുറ്റപത്രത്തില്‍ പോലീസുകാരുള്‍പ്പെടെ 200 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മുംബൈ പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് മേധാവിയായിരുന്ന വാസേയടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അംബാനി വസതിക്കുമുന്നില്‍ വാഹനത്തില്‍ ബോംബ് വെച്ചതിന്റെയും വാഹന ഉടമ മന്‍സുഖ് ഹിരേനിനെ കൊന്നതിന്റെയും മുഖ്യസൂത്രധാരന്‍ വാസേയായിരുന്നെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍.
ഒരുകാലത്ത് മുംബൈ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ എന്ന നിലയില്‍ താരപരിവേഷമുണ്ടായിരുന്നയാളാണ് സച്ചിന്‍ വാസേ.
17 വര്‍ഷത്തെ സസ്‌പെന്‍ഷനുശേഷം സര്‍വീസില്‍ തിരിച്ചെത്തിയപ്പോള്‍ പഴയപ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനുള്ള മാര്‍ഗമെന്നനിലയിലാണ് ബോംബുഭീഷണി ആസൂത്രണംചെയ്തത്.
മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച വാഹനം വെച്ചശേഷം ജയ്ഷ് ഉല്‍ ഹിന്ദ് എന്ന ഭീകരസംഘടനയാണ് അതിനുപിന്നില്‍ എന്നു വരുത്തിത്തീര്‍ക്കുകയും കുറ്റവാളികളെന്നു മുദ്രകുത്തി ചിലരെ ഏറ്റുമുട്ടലില്‍ വധിക്കുകയുമായിരുന്നു പദ്ധതി. സ്‌ഫോടകവസ്തുക്കള്‍വെക്കാനുള്ള വാഹനം പരിചയക്കാരനായ മന്‍സുഖ് ഹിരേനില്‍നിന്ന് വാങ്ങിയത് വാസേയാണ്. വാഹനം മോഷണംപോയെന്ന് പരാതി നല്‍കാന്‍ ഹിരേനിനോട് ആവശ്യപ്പെടുകയുംചെയ്തു. ഈ വാഹനത്തില്‍ സ്‌ഫോടകവസ്തുക്കള്‍വെച്ച് വാസേ തന്നെയാണ് അത് അംബാനിയുടെ വസതിക്കുമുന്നില്‍ നിര്‍ത്തിയിട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സംഭവം കൈവിട്ടുപോകുമെന്നുതോന്നിയപ്പോള്‍ കുറ്റമേല്‍ക്കാന്‍ മന്‍സുഖ് ഹിരേനിനോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ഹിരേനിനെ വധിക്കാന്‍ പദ്ധതിയിട്ടു. പോലീസ് ഓഫീസറായിരുന്ന സുനില്‍ മാനേയാണ് ഹിരേനിനെ വിളിച്ചുവരുത്തിയത്. സന്തോഷ് ഷെലാര്‍, ആനന്ദ് ജാധവ്, സതീഷ് മോഠ്കുറി, മനീഷ് സോണി എന്നിവരാണ് കൊല നടത്തിയത്.
പോലീസില്‍നിന്നു വിരമിച്ച പ്രദീപ് ശര്‍മയ്ക്കും കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ട്. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ട ഫോണുകളും സിംകാര്‍ഡുകളും വാങ്ങിയത് വിനായക് ഷിന്ദേയും നരേഷ് ഗോറുമാണ്. റിയാസുദ്ദീന്‍ കാസിയാണ് തെളിവുകള്‍ നശിപ്പിക്കാന്‍ വാസേയെ സഹായിച്ചത്.
ഈവര്‍ഷം ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തിയത്. സംഭവം രാഷ്ട്രീയവിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.
മുംബൈ ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ ഈ കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസേയെ മാര്‍ച്ച് 13-നാണ് അറസ്റ്റുചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..