സൈജു തങ്കച്ചൻ, അപകടത്തിൽ മരിച്ച അൻസി കബീർ, അൻജന ഷാജൻ | Photo: Mathrubhumi & Instagram|ansi_kabeer, Instagram|dr_anjana_shajan
കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ ഔഡി കാറിന്റെ ഉടമയെ ചോദ്യം ചെയ്യും. സൈജുവിന്റെ സുഹൃത്ത് കൂടിയായ ഫെബി ജോണ്‍ എന്ന തൃശ്ശൂര്‍ സ്വദേശിയാണ് കുരുക്കിലായിരിക്കുന്നത്. സ്വന്തം പേരിലുള്ള ഔഡി കാര്‍ സൈജുവിന് ഉപയോഗിക്കാനായി ഫെബി കൊടുത്തിരിക്കുകയായിരുന്നു.
കാര്‍ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും എന്നാല്‍ രജിസ്ട്രേഷന് മാറ്റിയില്ലെന്നുമാണ് സൈജു ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തില്ല. ഫെബിയും സൈജുവും അടുത്ത സുഹൃത്തുക്കളാണെന്നും ഫെബിയുടെ സുഹൃത്തുക്കള്‍ക്കായി സൈജു പാര്‍ട്ടി ഒരുക്കി നല്‍കിയതുമാണ് സംശയങ്ങള്‍ക്ക് കാരണം.
കാക്കനാട് ഫ്ലാറ്റില്‍ നടത്തിയ പാര്‍ട്ടിയില്‍ വനിതാ ഡോക്ടര്‍ അടക്കം നിരവധി പേര് പങ്കെടുത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിയണമെങ്കില്‍ ഫെബിയുടെ മൊഴി രേഖപ്പെടുത്തണം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി സൈജുവിന്റെ ഫോണില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ലഹരി ഉപയോഗിക്കുന്നവരുടെ കൂടെയുള്ളവരുടെ പേര് അറിയുമെങ്കിലും ഉപയോഗിക്കുന്നവരെ അറിയില്ലെന്നാണ് സൈജു മൊഴി നല്‍കിയത്. ഇതിനാല്‍ ഇയാള്‍ പേര് നല്‍കിയവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
ഡി.ജെ. പാര്ട്ടിക്കാവശ്യമായ മയക്കുമരുന്ന് എങ്ങനെയാണ് കൊച്ചിയില്‍ എത്തിച്ചതെന്നും അന്വേഷണമുണ്ടാകും. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്ഥിരം സന്ദര്‍ശകനാണ് സൈജു. ഇത്തരത്തില്‍ ആഡംബര കാറില്‍ ഇവിടെ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതാകുമെന്നാണ് കരുതുന്നത്.
വേട്ടയാടലില്‍ അന്വേഷണം
പോലീസ് വിവരങ്ങള്‍ കൈമാറുന്ന മുറയ്ക്ക് സൈജുവിനും സംഘത്തിനുമെതിരേ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വനത്തില്‍ കാട്ടുപോത്തിനെ വെടിവെച്ച് അവിടെ വെച്ചുതന്നെ കറിവെച്ചു തിന്നുവെന്നാണ് സൈജുവിന്റെ ഒരു ചാറ്റില്‍ പറയുന്നത്. വനത്തില്‍ വാറ്റ് നടത്തിയതായും സൈജുവിന്റെ ചാറ്റിലുണ്ട്.
ആരാണ് ജെ.കെ?
പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യമായ ജെ.കെ. എന്നറിയപ്പെടുന്നയാള്‍ വമ്പന്‍ സ്രാവാണെന്നാണ് വിവരം. നിരവധി പാര്‍ട്ടികളില്‍ ഇയാള്‍ പങ്കെടുത്തതായി സൈജുവില്‍നിന്ന് അറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം പാര്‍ട്ടിയിലെ സ്ഥിര സാന്നിധ്യമായ സ്ത്രീ അനു ഗോമസിനെയും അന്വേഷണ സംഘം തിരയുന്നുണ്ട്.
Content Highlights: Investigation Update on Kerala Models' death case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..