സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽനിന്ന്. Screengrab: Youtube.com|Spot News Channel
ഹൈദരാബാദ്: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കുകയും വസ്ത്രം അഴിപ്പിച്ച് വിദ്യാര്‍ഥികളെ ശിക്ഷിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകന്‍ കെ. കോടേശ്വര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്‍ സ്റ്റാഫ് റൂമിലിരുന്ന് മദ്യപിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
അധ്യാപകന്‍ സ്‌കൂളിലെത്തി മദ്യപിക്കുന്നതും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതും സംബന്ധിച്ച് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. ഈ സമയം സ്റ്റാഫ് റൂമിലിരുന്ന് കോടേശ്വരറാവു ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യപിക്കുകയും ചെയ്തിരുന്നു.
സ്‌കൂളിലെത്തി കാര്യമന്വേഷിച്ച രക്ഷിതാവായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തു. വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
കോടേശ്വരറാവു ക്ലാസ്മുറിയിലെ ശിക്ഷയുടെ ഭാഗമായി വസ്ത്രം അഴിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഇതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു. പതിവായി മദ്യപിച്ചാണ് കോടേശ്വര റാവു ക്ലാസില്‍ വരാറുള്ളതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്‌കൂളിലെ ശൗചാലയത്തിലും സ്റ്റാഫ് റൂമിലെ അലമാരയിലുമാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അശ്ലീലച്ചുവയില്‍ പെരുമാറുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അധ്യാപകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് അധികൃതര്‍ ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കോടേശ്വര റാവുവിന് മെമ്മോ നല്‍കിയതായും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂ ഓഫീസര്‍ അറിയിച്ചു.
Content Highlights: andhra school teacher suspended after drinking video goes viral in social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..