
ടി.എസ്. പ്രജു
ഹരിപ്പാട്: വയോധികനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെപോയ കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് ഒരാഴ്ചയിലധികം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തി. അപകടസ്ഥലത്തുനിന്ന് കിട്ടിയ കാറിന്റെ കണ്ണാടിയുമായി തുടങ്ങിയ അന്വേഷണത്തിലൂടെ കായംകുളം ജോ. ആര്.ടി. ഓഫീസിലെ എ.എം.വി.ഐ. ടി.എസ്. പ്രജുവാണ് കാര്‍ പിടികൂടിയത്.
മുട്ടം കൊച്ചുമഠത്തില്‍ ചന്ദ്രശേഖര മേനോനെ(75) ഈമാസം ഒന്നിനാണ് പള്ളിപ്പാട് മുട്ടത്തെ ഫെഡറല്‍ ബാങ്കിന് സമീപത്തുവച്ച് കാര്‍ തട്ടിവീഴ്ത്തിയത്. മകന് ജയശങ്കറിനൊപ്പം ബാങ്കില്പ്പോയതാണ്. റോഡരികില്‍നിന്ന ചന്ദ്രശേഖരമേനോന്റെ ശരീരത്ത് കാറിന്റെ ഇടതുവശത്തെ കണ്ണാടിതട്ടി. അദ്ദേഹം തലയടിച്ച് റോഡില്‍ വീണു. കാര്‍ പെട്ടന്ന് നിര്‍ത്തിയെങ്കിലും പിന്നീട് ഓടിച്ചുപോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖര മേനോന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടസ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ കണ്ണാടി സഹിതമാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നീല നിറത്തിലെ താത്കാലിക രജിസ്ട്രേഷന് നമ്പരുള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് മനസ്സിലായി. എന്നാല്‍, ദൃശ്യങ്ങളില്‍ രജിസ്ട്രേഷന് നമ്പര്‍ വ്യക്തമാകാത്തതിനാല്‍ തുടരന്വേഷണം നിലച്ചു. ഇതിനുശേഷമാണ് വീട്ടുകാര്‍ കായംകുളം ജോ. ആര്.ടി.ഒ.യെ സമീപിക്കുന്നത്.
കണ്ണാടിയില്‍ ഡിസംബര്‍ 28 തീയതി സൂചിപ്പിക്കുന്ന വിധത്തില്‍ 28/12 എന്ന് മാര്‍ക്കര്‍ ഉപയോഗിച്ച് എഴുതിയിരുന്നു. കാര്‍ ഷോറൂമില്‍ ഈ ദിവസം എത്തിയ പുതിയ വണ്ടികളെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. കാര്യമായ വിവരംലഭിച്ചില്ല. തുടര്‍ന്ന് സമീപത്തെ വര്‍ക്ക്ഷോപ്പുകളില്‍ മിറര്‍ നന്നാക്കാന്‍ എത്തിയ വണ്ടികളെക്കുറിച്ചായി അന്വേഷണം. ഇതിലൂടെ ലഭിച്ച സൂചനപ്രകാരം ഷോറൂമുകളില്‍ വീണ്ടും നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ വണ്ടിയുടെ താത്കാലിക രജിസ്ട്രേഷന് നമ്പര്‍ ലഭിച്ചു.
എന്നാല്‍, ആ വണ്ടിക്ക് ചാരനിറമായിരുന്നു. സി.സി.ടി.വി. ക്യാമറകളില്‍ കണ്ടത് നീലവണ്ടിയും. ദൃക്സാക്ഷികള്‍ പറഞ്ഞതും നീലവണ്ടിയെ പറ്റിയായിരുന്നു. ശക്തമായ പ്രകാശത്തില്‍ സി.സി.ടി.വി.യില്‍ തോന്നുന്ന നിറവ്യത്യാസമാണിതെന്ന് തുടര്പരിശോധനകളില് വ്യക്തമായി.
പത്തിയൂര്‍ സ്വദേശിനിയായ യുവതിയുടെ പേരിലായിരുന്നു വണ്ടി. മറ്റൊരു വീട്ടിലാണ് വണ്ടി സൂക്ഷിച്ചിരുന്നത്. അവിടെയെത്തി അന്വേഷിച്ചെങ്കിലും വീട്ടുകാര്‍ അപകടമുണ്ടായതായി ആദ്യം സമ്മതിച്ചില്ലെന്ന് പ്രജു പറഞ്ഞു.
ആ വണ്ടിയുടെ കണ്ണാടി മാറ്റിവച്ചതാണെന്ന് സൂഷ്മപരിശോധനയിലൂടെ വ്യക്തമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. ഇതോടെയാണ് വണ്ടി പിടിച്ചെടുക്കുന്നത്.
Content Highlights: amvi from kayamkulam joint rto caught the car through detailed investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..