തീവ്രവാദ ബന്ധം എഴുതി ചേര്‍ത്തത്; ലക്ഷ്യമിട്ടത് നീണ്ടകാല റിമാന്‍ഡ്, കുടുങ്ങിയത്‌ പോലീസ്


മൊഫിയ പർവീൺ

ആലുവ: മൊഫിയയുടെ ആത്മഹത്യയില്‍ സി.ഐ.ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരം ചെയ്തതിന് അറസ്റ്റിലായ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും തിങ്കളാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച ഇവര്‍ക്ക് താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായവരെ നീണ്ടകാലം റിമാന്‍ഡ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടത്തിയ നീക്കം അവര്‍ക്കുതന്നെ വിനയായി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായിട്ടാണ് പോലീസ് എഴുതി ചേര്‍ത്തത്. പ്രതികളെ നീണ്ട റിമാന്‍ഡില്‍ വിടുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിനു പിന്നിലുണ്ടായിരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ തുടര്‍ച്ചയായി 50 മണിക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം നടത്തിയ ശേഷമാണ് മൊഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്ന സി.ഐ. സി.എല്‍. സുധീറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ ആലുവ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സമരക്കാരോട് തീരാത്ത പകയുണ്ടായെന്നാണ് ആരോപണം.

സമരക്കാരെ എങ്ങനെയെങ്കിലും ജയിലില്‍ കിടത്തുകയെന്ന ലക്ഷ്യത്തോടെ ജാമ്യം ലഭിക്കാത്ത മൂന്ന് കേസുകളും ജാമ്യം ലഭിക്കുന്ന ഏഴ് കുറ്റങ്ങളുമാണ് സമരക്കാര്‍ക്കെതിരേ ചുമത്തിയിരുന്നത്.

ഡി.ഐ.ജി.യുടെ ഔദ്യോഗിക വാഹനം തടഞ്ഞതിനും ഫ്‌ലാഗ് പോസ്റ്റ് കേടുവരുത്തിയതിനും ജലപീരങ്കിക്ക് കേടുവരുത്തിയതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അവരെ പരിക്കേല്‍പ്പിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്.

ഇതില്‍ ജലപീരങ്കിക്ക് കേടുപാടുകള്‍ വരുത്തിയ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധം ആരോപിച്ചത്.

മൂന്നുപേര്‍ക്കെതിരേയും മൂന്ന് കുറ്റകൃത്യങ്ങള്‍ ഒരേ പോലെ ചുമത്തിയിട്ടും ഒന്നില്‍ മാത്രം തീവ്രവാദ ബന്ധം ആരോപിച്ചത് റിമാന്‍ഡ് ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപണമുയര്‍ന്നു.

സംഭവത്തില്‍ എസ്.ഐ. ആര്‍. വിനോദിനെയും ഗ്രേഡ് എസ്.ഐ. രാജേഷിനെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. വാഹനം നശിപ്പിച്ച കേസുകള്‍ ഉള്ളതിനാല്‍ കോടതിയില്‍ കെട്ടിവെക്കേണ്ട ജാമ്യത്തുകയായ 63,700 രൂപ അന്‍വര്‍ സാദത്ത് എം.എല്‍.എ.യാണ് നല്‍കിയത്. ഈ തുക കെട്ടി വെച്ചതിനു ശേഷം മൂന്ന് പ്രതികളും തിങ്കളാഴ്ച സ്ഥിരം ജാമ്യം ലഭിച്ച് പുറത്തിറങ്ങി.

റൂറല്‍ എസ്.പി.യെ വിളിച്ചുവരുത്തി മുഖ്യമന്ത്രി

ആലുവ: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ നേരിട്ട് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കളാഴ്ച രാവിലെ റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്കിനെ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക്് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സാഹചര്യവും മുഖ്യമന്ത്രി എസ്.പി.യോട് തിരക്കി.

മൊഫിയ കേസ് ഫയലും അതിനോട് അനുബന്ധിച്ചുണ്ടായ മറ്റ് സംഭവങ്ങളുടെ കേസ് ഫയലുകളുമായി മുഖ്യമന്ത്രിയെ തിങ്കളാഴ്ച വൈകീട്ട് വീണ്ടും റൂറല്‍ എസ്.പി. കണ്ടു.

അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആലുവ സി.ഐ. സി.എല്‍. സുധീറിനു പകരമെത്തിയ സി.ഐ. മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented