പ്രതീകാത്മക ചിത്രം (ഇടത്), കണ്ണൂർ തോട്ടടയിൽ ബോംബ് സ്ഫോടനമുണ്ടായ സ്ഥലം (വലത്)
കണ്ണൂർ: ചാല പന്ത്രണ്ടാംകണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് കല്യാണവീട്ടിന് സമീപം റോഡിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയാൻ ആർക്കും കഴിയുന്നില്ല. അതേസമയം ചിലർ പകർത്തിയ മൊബൈൽ വീഡിയോയിൽ സ്ഫോടനത്തിന് മുൻപ് സംഘം വരുന്നതിന്റെയും സ്ഫോടനത്തിന്റെയും ഏകദേശ ദൃശ്യങ്ങൾ കാണാം. ബോംബുപൊട്ടുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ, ബോംബ് എറിയുന്ന ആളെ വ്യക്തമല്ല.
ബോംബ് ചില വ്യക്തികളെ ലക്ഷ്യംവെച്ച് എറിഞ്ഞപ്പോൾ ലക്ഷ്യം മാറി മറ്റൊരാൾക്ക് കൊണ്ടതാണോ, അതോ കൈയിൽനിന്ന് പൊട്ടിയതാണോ, കൈക്ക് തട്ടി തെറിച്ച് പൊട്ടിയതാണോ എന്നൊക്കെ വ്യത്യസ്ത ചോദ്യങ്ങളുയരുന്നുണ്ട്. കൂട്ടത്തിൽനിന്ന് ആരാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമല്ല.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഏച്ചൂരിൽനിന്നുള്ള സംഘം കല്യാണത്തിനുശേഷം വാനിൽ വരന്റെ വീട്ടിലേക്ക് വരുന്നത്. വണ്ടി എടക്കാട് പഴയ സോണൽ ഓഫീസിന് സമീപം നിർത്തിയിട്ടശേഷം പടക്കം പൊട്ടിച്ചും ചെണ്ടമേളത്തോടെയും നൃത്തം ചെയ്തും സംഘം പന്ത്രണ്ട്കണ്ടി ജങ്ഷനിൽനിന്ന് ഇടുങ്ങിയ റോഡിലൂടെ വരന്റെ വീട്ടിലേക്ക് വരുന്നു. സംഘത്തിൽ ഒരാൾ പിന്നിൽ പോളിത്തിൻ കവറുമായി നടക്കുന്നത് കാണാം. അൽപ്പസമയത്തിനുശേഷം റോഡിന്റെ വലതുഭാഗത്തുനിന്ന് ബോംബ് വന്നുവീഴുന്നു.
തുടർന്ന് ആൾക്കൂട്ടം ഓടുന്നതാണ് കാണുന്നത്. ചോരതെറിച്ച സ്ഥലവും കാണുന്നുണ്ട്. ലക്ഷ്യം തെറ്റി ബോംബ് കൊള്ളുകയാണെന്ന് ഏകദേശം വ്യക്തമാണ്. എവിടേക്ക് ലക്ഷ്യം വെച്ചാണ് എറിഞ്ഞതെന്ന് വ്യക്തമല്ല. റോഡിലേക്ക് എറിഞ്ഞുപൊട്ടിച്ച് ഭീതിപരത്താനായിരുന്നോ എന്നും സംശയമുണ്ട്. സംഭവം കഴിഞ്ഞ ഉടനെ ഒരാൾ മറ്റൊരാളെ തല്ലുന്നതും വ്യക്തമായി കാണാം. പിന്നീട് സി.സി.ടി.വി. ദൃശ്യത്തിൽ യുവാക്കൾ ഓടിപ്പോകുന്നതുമുണ്ട്.

വിവാഹവീടിന് സമിപം നിൽക്കുന്ന തോട്ടടയിലെ സംഘത്തെ കണ്ട് തങ്ങളെ ആക്രമിക്കാൻ നിൽക്കുകയാണെന്ന് കരുതി പേടിപ്പിക്കാൻ റോഡിൽ ബോംബെറിഞ്ഞ് ഭീതിപരത്തുകയായിരുന്നോ ഏച്ചൂർ സംഘത്തിന്റെ ലക്ഷ്യമെന്നും സംശയമുയർന്നിട്ടുണ്ട്.
പ്രതികൾ വാങ്ങിയത് 4000 രൂപയുടെ പടക്കം, ഇത് ബോംബാക്കിയതായി പോലീസ്
: തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ ഒരാൾ കൊല്ലപ്പെടാനിടയായ ബോംബ് സ്ഫോടനത്തിലെ പ്രതികൾ തലേദിവസം പടക്കം വാങ്ങിയതായി തെളിഞ്ഞു. താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപത്തെ പടക്കക്കടയിൽനിന്നാണ് അറസ്റ്റിലായ അക്ഷയും ഒളിവിലുള്ള മിഥുനും ചേർന്ന് 4000 രൂപയുടെ പടക്കം വാങ്ങിയത്. ശനിയാഴ്ച രാത്രി 9.47-നാണ് ഇരുവരും ബൈക്കിൽ കടയിൽ എത്തുന്നത്. ബൈക്കിൽ പടക്കം കൊണ്ടുപോകാൻ പറ്റാത്തതിനാൽ അക്ഷയ് സുഹൃത്തിന്റെ കാർ വിളിക്കുകയായിരുന്നു. അക്ഷയിനെയും കൊണ്ട് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു.
ഈ പടക്കം രാത്രിതന്നെ രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയി അഴിച്ച് ശക്തിയുള്ള ബോംബാക്കി മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. ഇവർ പോയെന്ന് സംശയിക്കുന്ന ചേലോറയിലെ ട്രഞ്ചിങ് ഗ്രൗണ്ടിലും പോലീസ് പരിശോധന നടത്തി. പടക്കം ബോംബാക്കി മാറ്റിയതല്ലെങ്കിൽ യുവാക്കൾക്ക് ഇത്ര പെട്ടെന്ന് ബോംബ് സംഘടിപ്പിക്കാൻ എങ്ങനെ പറ്റി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നേരത്തെ തയ്യാറാക്കിയ ബോംബ് തന്നെയാണോ ഉപയോഗിച്ചത് എന്നും സംശയമുണ്ട്.
ശനിയാഴ്ച രാത്രി വൈകിയാണ് ചാല 12 കണ്ടിയിലെ വിവാഹവീട്ടിൽ യുവാക്കൾ തമ്മിൽ സംഘർഷവും പിറ്റേ ദിവസം ബോംബ് സ്ഫോടനം ഉണ്ടായതും ഒരാൾ കൊല്ലപ്പെട്ടതും. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത ബോംബും ഏഴ് ഗുണ്ടുകളും പോലീസ് കണ്ടെടുത്തിരുന്നു. കല്യാണവീട്ടിൽ തലേദിവസം വൈകുന്നതുവരെ സംഘം ഉണ്ടായിരുന്നു.
പിന്നീട് തിരിച്ചുപോയി ചെറിയ സമയത്തിനുള്ളിൽ സംഘത്തിന് എവിടെനിന്നാണ് ഇത്ര മാരകശേഷിയുള്ള ബോംബ് ലഭിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം സ്ഫോടകവസ്തുക്കൾ ശേഖരിച്ച് രഹസ്യകേന്ദ്രത്തിൽവെച്ച് സംഘം ബോംബ് തയ്യാറാക്കിവെച്ചിരുന്നതായും പറയുന്നുണ്ട്. ബോംബ് നിർമിച്ചത് പ്രതികൾ തന്നെയാണോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ജില്ലയിൽ പല സ്ഥലത്തും ചില രാഷ്ട്രീയസംഘടനകളും ക്വട്ടേഷൻ സംഘങ്ങളും ബോംബ് സൂക്ഷിക്കുന്നുണ്ട്.
പാവയ്ക്കാജ്യൂസ് മുതൽ പാതിമീശവരെ
വധൂവരൻമാരെ പാവയ്ക്കാജ്യൂസ് കുടിപ്പിക്കുക, മണിയറയ്ക്ക് പുറത്ത് പടക്കം പൊട്ടിക്കുക, വർണപ്പൊടികൾ ശരീരമാസകലം പൂശുക, മണിയറവാതിലിന്റെയും ജനാലയുടെയും കതകുകൾ അഴിച്ചുമാറ്റുക, ചടുലമായ താളത്തിനൊത്ത് നൃത്തം ചെയ്യിക്കുക, രാത്രി കല്യാണവീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക, മുട്ടയും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം തേച്ച ചെരുപ്പിടുവിച്ച് നടത്തിക്കുക, വരന്റെ വ്യാജവിശേഷണങ്ങളും സ്വഭാവങ്ങളും ചാർത്തി നോട്ടീസും ഫ്ലക്സുമടിച്ച് പ്രചരിപ്പിക്കുക, സവാള-കാബേജ്-ചെരിപ്പ് മാലകൾ അണിയിച്ച് നടത്തിക്കുക തുടങ്ങിയവയായിരുന്നു മുൻകാലത്ത് കല്യാണവീടുകളിലെ സ്ഥിരം ഇനങ്ങൾ.
നായ്ക്കുരണപ്പൊടി വിതറുന്നതും കാന്താരി ജ്യൂസ് കുടിപ്പിക്കുന്നതുംമുതൽ ശാരീരികപീഡനംവരെ എത്തിനിൽക്കുന്നു കാര്യങ്ങൾ. വധൂവരന്മാരെ കാന്താരി ജ്യൂസ് കുടിപ്പിച്ചതുകാരണം ഇരുവരും ആശുപത്രിയിലായ സംഭവമുണ്ടായിട്ടുണ്ട്. കണ്ണൂരിൽ കല്യാണാഭാസം ചോദ്യംചെയ്ത സാമൂഹികപ്രവർത്തകനെ ഒരുസംഘം വീട്ടിൽക്കയറി മർദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരിമാർക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.

തമാശയെന്നപേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം കല്യാണ ആഭാസങ്ങളിൽ ഒട്ടേറെപ്പേർക്ക് മാനഹാനിയും പരിക്കും ഉണ്ടായിട്ടുണ്ട്. ഒരുമാസംമുമ്പ് കായംകുളം കറ്റാനത്ത് വധൂവരന്മാരെ ആംബുലൻസിൽ ആനയിച്ചതും സംഭവത്തിൽ നിയമനടപടി ഉണ്ടായതും ഇത്തരം സംഭവങ്ങൾ വീണ്ടും കടന്നുവരുന്നതിന്റെ സൂചനയാണ്. സംസ്ഥാനത്ത് മലബാറിൽ, പ്രത്യേകിച്ചും കണ്ണൂർ ജില്ലയിലാണ് കൂടുതലായും കണ്ടുവരുന്നത്.
കാലം മാറിയതോടെ കാര്യങ്ങൾ ഗൗരവതരവും ക്രൂരവുമായിത്തുടങ്ങി. വധൂവരൻമാരെ കാളവണ്ടിയിലും മണ്ണുമാന്തിയന്ത്രത്തിലും ആനയിക്കുന്നതിലും വരന്റെ മീശ പാതി വടിപ്പിക്കുന്നതിലും സാങ്കല്പിക കസേരയിൽ ഇരുത്തിക്കുന്നതിലും ചീമുട്ടയേറിലുംവരെ എത്തിനിൽക്കുന്നു ഇപ്പോഴത്തെ ആഭാസങ്ങൾ.
ജിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു
: ബോംബേറിൽ മരിച്ച ഏച്ചൂർ പാതിരിക്കാട് സ്വദേശി സി.എം.ജിഷ്ണുവിന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടോടെ സംസ്കരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് വൈകിട്ട് മൂന്നിന് കൊണ്ടുവന്ന മൃതദേഹം ഏച്ചൂർ ഫുട്ബോൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് സമീപത്തുള്ള വസതിയിലെത്തിച്ചു. വൈകിട്ട് അഞ്ചിന് പയ്യാമ്പലത്ത് സംസ്കരിച്ചു. വൻ ജനാവലിയാണ് മൃതദേഹം കാണാനെത്തിയത്. ചക്കരക്കല്ല് സി.ഐ. എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. സി.പി.എം. നേതാക്കളായ പി.ജയരാജൻ, എൻ.ചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു, ജില്ലാപഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, സി.പി.എം. അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി കെ.ബാബുരാജ്, പി.ചന്ദ്രൻ, മാമ്പ്രത്ത് രാജൻ, എം.നൈനേഷ്, കെ.വി.ജിജിൽ, ബി.സുമോദ്സൺ, കെ.വി.ബിജു, എം.സി.സജീഷ്, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് കെ.ദാമോദരൻ, കെ.രജിൻ, ജി.രാജേന്ദ്രൻ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യോപചാരമർപ്പിക്കാനെത്തി.
കല്യാണവീടുകളിലെ ആഭാസം: പ്രതിഷേധം ഉയരുന്നു
സമീപകാലത്ത് കല്യാണവീടുകളിൽ അന്യംനിന്നുപോയ ആഭാസങ്ങൾ വീണ്ടും തിരിച്ചുവരുമ്പോൾ പ്രതിഷേധവും വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം തോട്ടടയിൽ യുവാവിന്റെ മരണത്തിനും മൂന്നുപേർക്ക് പരിക്കേൽക്കാനുമിടയാക്കിയ സംഭവം സമൂഹത്തിനുള്ള ശക്തമായ താക്കീതാണ്. പല ഭാഗങ്ങളിലും കല്യാണവീടുകളിൽ പതിവായിരുന്ന ആഭാസങ്ങൾക്ക് യുവജനസംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും മാധ്യമങ്ങളുടെയും ഇടപെടലിനെത്തുടർന്നാണ് അറുതിവന്നത്. പുതിയ സംഭവത്തിന്റെ വെളിച്ചത്തിൽ വീണ്ടും പ്രതിഷേധം ഉയരുകയാണ്.
എസ്.എൻ. പുരത്തെ തുടക്കം
:2008-ൽ തലശ്ശേരി വടക്കുമ്പാട്ടെ എസ്.എൻ. പുരത്താണ് വിവാഹവീടുകളിലെ ആഭാസത്തിനെതിരായി ആദ്യ കൂട്ടായ്മ നിലവിൽവന്നത്. തുടർന്ന് എസ്.എൻ. പുരത്ത് വൻ ജനപങ്കാളിത്തത്തോടെ കൺവെൻഷൻ നടന്നു.
വിഷയം ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കത്തിപ്പടർന്നു. മാധ്യമങ്ങളും ചാനലുകളും വിഷയം ഏറ്റെടുത്തു (ഇതേ വർഷം ഈ വിഷയം പ്രമേയമാക്കി ‘മലബാർ വെഡ്ഡിങ്’ എന്ന സിനിമയും റിലീസായി). “അന്തസ്സും ആഭിജാത്യവും നിറഞ്ഞ ഒരു പുണ്യച്ചടങ്ങാണ് വിവാഹം. കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്ന് പുറത്തുവന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.
വിവാഹച്ചടങ്ങുകൾ തമ്മിൽത്തല്ലിലും ബോംബ് സ്ഫോടനത്തിലും കൊലപാതകത്തിലും അവസാനിക്കുന്ന ഒരവസ്ഥ ഇനി ഒരിക്കലും ആവർത്തിച്ചുകൂടാ. ഇതിനെതിരേ സർക്കാരും സമൂഹവും പ്രത്യേകിച്ച് യുവജനപ്രസ്ഥാനങ്ങളും അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.” എസ്.എൻ. പുരത്തെ ആദ്യ കൂട്ടായ്മയിലെ സംഘാടകരിലൊരാളും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ മുകുന്ദൻ മഠത്തിൽ പറയുന്നു.
Content Highlights : Altercation at marriage party leads to one death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..