ഫിറോസ് കുന്നുംപറമ്പിൽ | Photo: facebook.com|FirosKunnamparambilOfficial
മാനന്തവാടി: സന്നദ്ധപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനുനേരെ ആരോപണവുമായി മാനന്തവാടി സ്വദേശികളായ ദമ്പതിമാർ. മകന്റെ ചികിത്സയ്ക് ആവശ്യമായ പണംകണ്ടെത്തുന്നതിനായി ഫിറോസ് ചെയ്ത ഓൺലൈൻ വീഡിയോയിലൂടെ ലഭിച്ച തുകയിൽനിന്ന് ചികിത്സയ്ക്കുള്ള പണം മുഴുവനായി നൽകിയില്ലെന്ന് സഞ്ജയ് മുണ്ടയ്ക്കലും ആരതിയും പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങളുടെ കൈവശമുണ്ടായിരുന്ന ചെക്കുകൾ ഒപ്പിട്ടുവാങ്ങി ലക്ഷങ്ങൾ പിൻവലിച്ചെന്നും ഇവർ ആരോപിച്ചു. ആലത്തൂരിലെ ഒരു ബാങ്കിൽ നിന്നാണ് തുക പിൻവലിച്ചത്. കുട്ടിയുടെ ചികിത്സ പൂർത്തിയാവുന്നതിനുമുന്പുതന്നെ അക്കൗണ്ട് ക്ലോസ്ചെയ്തു ബാക്കി തുക സന്നദ്ധപ്രവർത്തകൻ പിൻവലിച്ചുവെന്നും ഇവർ പറഞ്ഞു. സന്നദ്ധപ്രവർത്തനത്തിന്റെ മറവിലുള്ള പണംതട്ടിപ്പാണ് നടക്കുന്നതെന്ന് ദമ്പതിമാർക്കൊപ്പം പങ്കെടുത്ത ഹക്കീം പഴയന്നൂർ, സലീൽ ഇബ്നു കാസിം, ഹൈദർ മഥൂർ എന്നിവർ പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായി ഏഴുലക്ഷത്തോളം രൂപ ചെലവുവരുമെന്ന് പറഞ്ഞാണ് കുടുംബം 2019-ൽ തന്നെ സമീപിച്ചത്. 21,43,548 രൂപയാണ് അക്കൗണ്ടിലെത്തിയത്. ഇതിൽ 7,43,198 രൂപ കുട്ടിയുടെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി. പിന്നെയും പണമാവശ്യപ്പെട്ടപ്പോൾ അഞ്ചുലക്ഷം രൂപയും ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ ബില്ലായ 2.7 ലക്ഷം രൂപയും നൽകി. അക്കൗണ്ടിൽ അവശേഷിക്കുന്ന ഒമ്പതുലക്ഷം രൂപ മറ്റു നാലുരോഗികൾക്കു നൽകി. കുടുംബത്തെ തല്ലിക്കൊല്ലണമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല -ഫിറോസ് പറഞ്ഞു.
രണ്ടാളുടെ പേരിൽ കേസ്
ചികിത്സാസഹായവുമായി ബന്ധപ്പെട്ട വിവാദത്തിൽ തൃശ്ശൂർ സ്വദേശി അബ്ദുൾ ഹക്കീം പഴയന്നൂർ, കോഴിക്കോട് സ്വദേശി അബ്ദുൾ സലീൽ എന്നിവരുടെ പേരിൽ മാനന്തവാടി പോലീസ് കേസെടുത്തു. ഫെയ്സ്ബുക്ക് ലൈവിൽ പ്രകോപനപരമായി സംസാരിച്ചതിനെത്തുടർന്നാണ് നടപടി. ശനിയാഴ്ച രാത്രി മുൻകരുതലിന്റെ ഭാഗമായി ഇവരെ അറസ്റ്റുചെയ്തു. ഫിറോസ് കുന്നുംപറമ്പിലിനെ പോലിസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..