മർദനമേറ്റതിന്റെ പാടുകൾ അസ്ലം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചപ്പോൾ(ഇടത്ത്)
മലപ്പുറം: ലോക്ഡൗൺ പരിശോധനകളുടെ ഭാഗമായി മലപ്പുറത്ത് വീണ്ടും പോലീസ് അതിക്രമമെന്ന് പരാതി. മുഹമ്മദ് അസ്ലം എന്നയാളാണ് പോലീസ് അകാരണമായി മർദിച്ചെന്ന് ആരോപിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് നേരേയുണ്ടായ അതിക്രമവും മർദനമേറ്റതിന്റെ ചിത്രവും അസ്ലം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.
മലപ്പുറം കൂട്ടിലങ്ങാടിയിൽ എല്ലാരേഖകളും സഹിതം ഇറച്ചി വാങ്ങാൻ പോയി തിരിച്ചുവരുമ്പോൾ പരിശോധന നടത്തിയ പോലീസുകാരൻ ലാത്തി കൊണ്ട് അടിച്ചെന്നാണ് അസ്ലമിന്റെ ആരോപണം. പരിശോധനയ്ക്ക് വാഹനം നിർത്തി കൃത്യമായ മറുപടിയും നൽകി പോലീസ് പോകാൻ പറഞ്ഞതിന് പിന്നാലെയായിരുന്നു ലാത്തി കൊണ്ടുള്ള മർദനം. ഇക്കാര്യം വിശദീകരിച്ച് അസ്ലം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് നാലായിരത്തിലേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.
ലോക്ഡൗൺ കാലയളവിൽ മലപ്പുറം ജില്ലയിലെ പരിശോധനയ്ക്കിടെ പോലീസ് അതിക്രമം കാട്ടിയെന്ന പരാതികൾ കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായിരുന്നു. പരപ്പനങ്ങാടിയിൽ റവന്യൂ ഉദ്യോഗസ്ഥയെ ഓഫീസിൽ കൊണ്ടുവിടാനെത്തിയ ഭർത്താവിനെ പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് മർദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഈ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം വാണിയമ്പലത്ത് യുവാവും പോലീസും തമ്മിൽ നടന്ന മൽപ്പിടിത്തത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മീൻ വാങ്ങാൻ പോയ തന്നെ പോലീസ് പിടികൂടിയെന്നും ചോദ്യം ചെയ്തപ്പോൾ ബലം പ്രയോഗിച്ച് പോലീസ് ജീപ്പിൽ കയറ്റിയെന്നുമായിരുന്നു യുവാവിന്റെ ആരോപണം. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചിരുന്നു.
മുഹമ്മദ് അസ്ലമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
''പോലീസാണു വൈറസ്
ഇന്നു രാവിലെ കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാൻ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാൻ അങ്ങാടിയിലെത്തുമ്പോഴേ പോലീസ് അവിടെയുണ്ട്. തിരിച്ചു പോകുമ്പോൾ എനിക്കു രണ്ടു വഴിയുണ്ട്. എളുപ്പ വഴിയിൽ പോലീസ് വാഹനം നിർത്തിയിട്ടുണ്ട്. ഞാൻ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു. എനിക്കൊട്ടും ഭയം തോന്നിയില്ല. കയ്യിൽ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിർത്തിക്കുമ്പോൾ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാൻ വണ്ടിയൊതുക്കിയത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോൾ എന്നാൽ വേഗം വിട്ടോ എന്നു അയാൾ പറഞ്ഞതും ഞാൻ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു..
പോലീസിന്റെ ലാത്തി ജീവിതത്തിൽ ആദ്യമായി എന്നെ തൊട്ടു എന്നറിയുമ്പോൾ ഞാൻ കുറച്ചു മുന്നോട്ടു പോയിട്ടുണ്ട്.
നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിർത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല; ലാത്തിക്കും അയാൾക്കും വേണ്ടത് നിയമമല്ല ; ഇരയെയാണ്. വാണിയമ്പലത്തെ മർദ്ദനവും മനസ്സിൽ വന്നു.
കേവലം ഒരു ഹെൽമെറ്റ് വെക്കാത്തതിനു പോലും എനിക്ക് പോലീസുകാർക്കു മുന്നിൽ ഇതു വരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റർ ബോർഡിൽ 80,000 സാ കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്..
ലോക്ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാൽ അത്യാവശ്യം പ്രാദേശിക പൊതുപ്രവർത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ ചെറു അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളിൽ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ. പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദർശിച്ചു, മഴക്കെടുതി വിലയിരുത്തി വാർഡു മുതൽ മുകളിലേക്കുള്ള ജനപ്രതിനിധികളോട് കാര്യങ്ങൾ അറിയിച്ചു. ഇതെല്ലാം എന്റെ അയൽപക്കത്തിൽ.
അല്ലെങ്കിലും എനിക്കിത് കിട്ടണം, വീട്ടിലേക്ക് പാൽ വാങ്ങാൻ കുറച്ചപ്പുറത്ത് ബൈക്കിൽ പോകുമ്പോൾ പോലും 'പാൽ വാങ്ങാൻ ഇന്ന നമ്പർ വാഹനത്തിൽ...' എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..
പോലീസിനെ സംബന്ധിച്ച് മാരക മർദ്ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളിൽ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാൽ ലാത്തിയമർന്ന് രാവിലെ തണർത്ത ഭാഗം ഇപ്പോൾ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാൾ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അടയാളങ്ങൾ മാറുമായിരിക്കും. ശരീരത്തിൽ നിന്ന് ; മനസ്സിൽ നിന്നല്ല. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരിൽ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും. എന്നാലും ഒരുറപ്പുണ്ട്, അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ് , അന്യായമായിരുന്നെങ്കിൽ നീയൊക്കെ അനുഭവിച്ചേ പോകൂ..''
Content Highlights:allegation against malappuram police facebook post goes viral


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..