
എസ്.ഡി.പി.ഐ. നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രതീഷിനെയും രാജേന്ദ്രപ്രസാദിനെയും ആർ.എസ്.എസ്. ജില്ലാകാര്യാലയത്തിലെ തെളിവെടുപ്പിനുശേഷം പുറത്തേക്കുകൊണ്ടുവരുന്നു | Photo: മാതൃഭൂമി
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് നാല് പേരെന്ന് പോലീസ്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതില്‍ രണ്ട് പേര് സഹായത്തിന് എത്തിയവരാണ്. മറ്റ് പ്രതികള്‍ സംസ്ഥാനം വിട്ട് പുറത്തേക്ക് പോയതായി പോലീസ് സ്ഥിരീകരിച്ചു.
ബുധനാഴ്ച രാത്രി അറസ്റ്റിലായ ഡ്രൈവര്‍ അഖില്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ കൊലപാതകികളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര വരെ സംഘം കാറില്‍ എത്തി. ഇവിടെവെച്ച് കാര്‍ ഉപേക്ഷിച്ച് ആംബുലന്‍സില്‍ രക്ഷപ്പെട്ടു.
അഖിലിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിക്കുകയുള്ളൂ. കൃത്യത്തില്‍ പങ്കെടുത്തവര്‍ സംസ്ഥാനം വിട്ടെന്നു പ്രാഥമിക സൂചന ലഭിച്ചതിനാല്‍ ആ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അറസ്റ്റിലായപ്രതികളെ ആലപ്പുഴ തത്തംപള്ളിയിലെ ആര്.എസ്.എസ്. കാര്യാലയത്തില്‍ എത്തിച്ചു തെളിവെടുത്തു. വന്‍ സുരക്ഷയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതികളായ രാജേന്ദ്രപ്രസാദ്, കൊച്ചുകുട്ടനെന്ന രതീഷ് എന്നിവരെ കൊണ്ടുവന്നത്. ഇവര്‍ ഒളിവില്‍ കഴിഞ്ഞ കാര്യാലയത്തിലെ മുറികളിലായിരുന്നു പോലീസ് പരിശോധന.
അതേസമയം ആലപ്പുഴയില്‍ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസ്, എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചു.ഇവര്‍ക്ക് രക്ഷപ്പെടാന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ പറഞ്ഞു.
എസ്.ഡി.പി.ഐ. നേതാവ് ഷാന്‍ വധക്കേസില്‍ ബുധനാഴ്ച പിടിയിലായ ബി.ജെ.പി. പ്രവര്ത്തകന് അഖിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളാണ് ആംബുലന്‍സില്‍ പ്രതികളെ രക്ഷപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ആംബുലന്‍സും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രണ്ടു കൊലപാതകങ്ങളിലെയും പ്രതികള്‍ ജില്ലയില്‍ തന്നെയുണ്ടെന്ന നിഗമനത്തിലായിരുന്നു പോലീസ് ആദ്യഘട്ടത്തില്‍. എന്നാല്‍, പ്രതികള്‍ നാടുവിട്ടെന്നു സംശയം സ്ഥിരീകരിക്കുന്നതാണ് എ.ഡി.ജി.പി.യുടെ പ്രതികരണം.
തമിഴ്നാടും കര്‍ണാടകവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി പത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.പ്രതികള്‍ അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് അന്വേഷണസംഘത്തിലെ ഒരുവിഭാഗം കരുതുന്നു. ഇവിടങ്ങളില്‍ തിരച്ചില്‍നടത്തി കണ്ടെത്തിയില്ലെങ്കില്മാത്രം അയല്‍ സംസ്ഥാനങ്ങളിലേക്കു പോയാല്‍ മതിയെന്ന വിലയിരുത്തലുകളുമുണ്ട്.
കൊലപാതകത്തില്‍ സംശയമുള്ളവരുടെ വീടുകള്‍ പോലീസ് ആക്രമിക്കുന്നുവെന്ന എസ്.ഡി.പി.ഐ. ആരോപണം എ.ഡി.ജി.പി. തള്ളി. ഷാന്‍ വധക്കേസില്‍ ഉന്നതതല ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് വിജയ് സാഖറെ പറഞ്ഞു. രഞ്ജിത്ത് കേസില്‍ പിടിയിലായ അഞ്ച് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കസ്റ്റഡിയില്വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.
Content Highlights: alapuzha twin murder case accused escaped out of state doubts police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..