അറസ്റ്റിലായ പ്രതികൾ
ഹരിപ്പാട്: ആര്.എസ്.എസ്. പ്രവര്ത്തകന് ശരത് ചന്ദ്രന് വധക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്. നേരത്തേ ഏഴുപേരെയാണു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടുപേര്‍ക്കുകൂടി കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതികളുടെ എണ്ണം ഒന്‍പതായി. ഇവരില്‍ ആറുപേരുടെ അറസ്റ്റ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രേഖപ്പെടുത്തിയിരുന്നു. ഒന്നാംപ്രതി നന്ദു പ്രകാശി(20)നെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
താമല്ലാക്കല്‍ തെക്കുംമുറി പടന്നയില്‍ ശിവകുമാര്‍ (25), പൊത്തപ്പള്ളി തെക്ക് പീടികയില്‍ ടോം തോമസ് (27), പൊത്തപ്പള്ളി തെക്ക് കടൂര്‍ വിഷ്ണുകുമാര്‍ (സുറുതി വിഷ്ണു- 29), കുമാരപുരം എരിക്കാവ് കൊച്ചുപുത്തന്‍പറമ്പില്‍ സുമേഷ് (33), താമല്ലാക്കല്‍ തെക്ക് പുളിമൂട്ടില്‍ കിഴക്കേതില്‍ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് നിഷാ നിവാസില്‍ കിഷോര്‍ (കൊച്ചിരാജാവ് - 33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ശരത്ചന്ദ്രനെ കുത്തിയശേഷം പ്രതികള്‍ പലസംഘങ്ങളായി പിരിഞ്ഞാണു രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സുമേഷ്, കിഷോര്‍ എന്നിവരെ പുലര്‍ച്ചേ വീടുകളില്‍നിന്നാണു പിടികൂടിയത്. സൂരജ്, ശിവകുമാര്‍ എന്നിവരെ പിന്നീട് കായംകുളത്തുനിന്ന് കസ്റ്റഡിയിലെത്തു. മറ്റു രണ്ടുപേര്‍ ഹരിപ്പാട്ടുതന്നെ ഒളിവില്‍ കഴിയുകയായിരുന്നു.
ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. കാട്ടില്‍ മാര്‍ക്കറ്റ് പുത്തന്‍കരിയില്‍ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്രയ്ക്കിടെയുണ്ടായ വഴക്കിനു പ്രതികാരം ചെയ്യാന്‍ ആയുധങ്ങളുമായി പ്രതികള്‍ വഴിയില്‍ കാത്തു നില്‍ക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഹരിപ്പാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബിജു വി. നായര്‍ പറഞ്ഞു.
പ്രതികള്‍ ലഹരിമരുന്നു ശീലമാക്കിയവര്‍; ആക്രമണം പതിവ്
ഹരിപ്പാട്: ശരത്ചന്ദ്രന് വധക്കേസിലെ പ്രതികള്‍ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പതിവായി ഉപയോഗിക്കുന്നവരാണെന്ന് പോലീസ്. സംസ്ഥാനത്തിനു പുറത്തുനിന്നും ഇവര്‍ ലഹരി എത്തിക്കുന്നതായി പോലീസിനു സംശയമുണ്ട്. കൊലപാതക കേസിന്റെ അന്വേഷണത്തിനൊപ്പം ലഹരിക്കടത്തും ഉപയോഗവുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പ്രതികളിലൊരാളായ ടോം തോമസ് 2019-ല്‍ ഹരിപ്പാട്ട് യുവാവിനെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല അപഹരിച്ച കേസില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നു രണ്ടുവര്‍ഷത്തോളം തിരുവനന്തപുരത്ത് ഒളിവില്‍ താമസിച്ച ഇയാളെ കഴിഞ്ഞ ഡിസംബറിലാണ് പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..