ആലപ്പുഴ മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട സ്ഥലം(ഇടത്ത്) പോലീസ് കസ്റ്റഡിയിലെടുത്ത ആംബുലൻസ്(വലത്ത്) ഫോട്ടോ: സി.ബിജു|മാതൃഭൂമി & Mathrubhumi News
ആലപ്പുഴ: ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ പോലീസിന്റെ വ്യാപക പരിശോധന. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു എസ്.ഡി.പി.ഐ. ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുള്ളതായാണ് സൂചന. ഇതില്‍ നാല് പേരെ ആംബുലന്‍സില്‍നിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
അതേസമയം, എത്രപേരാണ് കസ്റ്റഡിയിലുള്ളത് എന്നത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് കൃത്യമായ മറുപടി നല്‍കിയില്ല. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ അക്രമികള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദേഹമാസകലം നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്കൂട്ടറില്‍ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികള്‍ വന്ന വാഹനത്തിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബി.ജെ.പി. നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ അക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വീട്ടില്‍ക്കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.

ആറ് ബൈക്കുകളിലായി 12 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ആറ് ബൈക്കുകളിലായി 12 പേര് രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ. ആണെന്ന് ബി.ജെ.പി.യും ആരോപിച്ചു.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ഷാനിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ പത്തരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാകും മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോവുക. രഞ്ജിത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ടം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നടക്കും. ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ക്കിടെയും വിലാപയാത്രയ്ക്കിടെയും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന് പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Content Highlights: alappuzha spdi bjp double murder police searching for accused an ambulance in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..