ബിന്ദു പദ്മനാഭൻ | ഫയൽചിത്രം | മാതൃഭൂമി
ഏതാണ്ട് ഒന്‍പതു വര്‍ഷത്തിനുമുന്‍പ് കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പദ്മനാഭന് ഉത്തരമില്ലാത്ത ചോദ്യമായിത്തുടരുന്നു. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പദ്മനാഭന് ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നു കണ്ടെത്താനായിട്ടില്ല.
സംഭവത്തില്‍ അഞ്ചു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 പേരെ പ്രതിയാക്കി. ഇവരെല്ലാം അറസ്റ്റിലായി ജാമ്യത്തിലിറങ്ങി. പോലീസ് ചോദ്യംചെയ്യാന്‍ വിളിച്ച ഓട്ടോ ഡ്രൈവറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ക്കണ്ടെത്തി. രണ്ടുമാസത്തോളം നടന്ന അന്വേഷണം ഒടുവില്‍ ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം തുടരുന്നുണ്ടെന്നു പറയുമ്പോഴും നിലച്ചമട്ടാണ്. കേസില്‍ മുഖ്യപ്രതിയായി ഉള്‍പ്പെടുത്തിയ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സെബാസ്റ്റ്യന്‍ 2017-ല്‍ ബിന്ദുവിനെ കണ്ടതായി അറിയിച്ചെങ്കിലും സ്ഥിരീകരണമുണ്ടായില്ല.
2017-ലെ സാധാരണ പരാതി
ഇറ്റലിയിലായിരുന്ന സഹോദരന് പ്രവീണ്‍ 2017 സെപ്റ്റംബര്‍ 16-നാണ് സഹോദരിയെ കാണാതായതായി അഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. 2013-നുശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നു കാട്ടിയായിരുന്നു പരാതി. പ്രവീണ്‍ ഇറ്റലിയിലേക്കു പോയതോടെ സഹോദരിയുമായി അടുപ്പമില്ലായിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ഇവര്‍ ഒറ്റയ്ക്കായി.
കോടികളുടെ സ്വത്തുക്കളുണ്ടായിരുന്ന ബിന്ദുവിന്റെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലാകുകയും ഇവരെപ്പറ്റി വിവരങ്ങളില്ലായിരിക്കുമ്പോഴും ഇവരുടെപേരില്‍ രജിസ്ട്രേഷനടക്കം നടന്നതായ വിവരങ്ങളുമാണ് സംശയങ്ങളുയര്‍ത്തിയത്. ഇതോടെയാണ് സഹോദരന് നാട്ടിലെത്തി പരാതി നല്‍കിയത്. ഇതില്‍ ഇടപ്പള്ളിയിലുള്ള ഭൂമിയിടപാടാണ് ഏറെ കോളിളക്കമായത്. ഇതിലടക്കം പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനുനേരേ രേഖകള്‍ പ്രകാരമാണ് പരാതികള്‍ നല്‍കിയിരുന്നത്.
ബിന്ദുവിന്റെ പേരിലുള്ള വ്യാജമുക്ത്യാര്‍ നിര്‍ണായകം
ഇടപ്പള്ളിയില്‍ കോടികളുടെ വിലവരുന്ന ബിന്ദുവിന്റെ പേരിലുള്ള ഭൂമി സെബാസ്റ്റ്യനു മുക്ത്യാര്‍ നല്കി വിറ്റതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മുക്ത്യാര്‍ വ്യാജമായുണ്ടാക്കിയെന്നാണു പോലീസ് കണ്ടെത്തിയത്. ബിന്ദുവിന്റെ ഫോട്ടോയ്ക്കുപകരം ചേര്‍ത്തല മാടയ്ക്കല്‍ സ്വദേശിനിയായ മിനി(ജയ)യുടെ ഫോട്ടോയും വ്യാജ ഒപ്പുമായാണ് ഇടപാടുകള്‍. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്നു നിലനില്‍ക്കുന്നുണ്ട്. ഇതിലും നടപടികള്‍ പൂര്‍ണമായില്ല.
പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പദ്മനാഭന് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും കണ്ടെത്താനായിട്ടില്ല
എങ്ങുമെത്താതെപോയ അന്വേഷണങ്ങള്‍
സെബാസ്റ്റ്യനടക്കമുള്ള പ്രതികളെല്ലാം പിടിയിലായിട്ടും ബിന്ദുവിനെക്കുറിച്ചുമാത്രം വിവരങ്ങളില്ല. ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്നുതന്നെയാണ് പോലീസിന്റെയും നിഗമനമെങ്കിലും മരിച്ചതായും കണ്ടെത്താനായില്ല. 2018-ലുണ്ടായ ബഹളങ്ങളും അറസ്റ്റുകളും കഴിഞ്ഞ് തുടര്പ്രവര്ത്തനങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രതികളെല്ലാം ഇപ്പോള്‍ പുറത്താണ്. 2013 മുതല്‍ കാണാനില്ലെന്നാണു പരാതിയെങ്കിലും 2007 മുതല്‍ വിവരങ്ങളില്ലെന്നാണു കണ്ടെത്തല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..