വിജയകുമാർ
തിരുവനന്തപുരം: വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. കല്ലിയൂര്‍ സ്വദേശിയും പുന്നയ്ക്കാമുഗള്‍ ആലപ്പുറം ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജയകുമാറി (62)നെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി നോക്കുന്നുവെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
പൂജപ്പുര പോലീസ് സ്റ്റേഷന് പരിധിയിലുള്ള മൂന്ന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരേ മലയിന്‍കീഴ്, കാട്ടാക്കട, വഞ്ചിയൂര്‍, നേമം എന്നീ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പത്തോളം കേസുകള്‍ നിലവിലുണ്ട്. പൂജപ്പുര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരാളില്‍ നിന്നും രണ്ട് ലക്ഷം രൂപയും മറ്റൊരാളില്‍ നിന്ന് 1.40 ലക്ഷവും വാങ്ങി. മൂന്നാമന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ അയാളുടെ സ്കൂട്ടര്‍ വിജയകുമാര്‍ കൈക്കലാക്കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിജയകുമാറിന്റെ താമസസ്ഥലം കണ്ടെത്തിയത്. ഇയാള്‍ താമസിക്കുന്ന പുന്നയ്ക്കാമുഗളിലെ ഫ്ളാറ്റിലെ അയല്‍വാസികളോടും നാട്ടുകാരോടും താന്‍ സ്പെഷ്യല്‍ ബ്രാഞ്ചിലേയും ക്രൈംബ്രാഞ്ചിലേയും കസ്റ്റംസിലേയും ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയിരുന്നു. ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ആറ് പാസ്പോര്‍ട്ടുകളും ഉദ്യോഗാര്‍ത്ഥികളുടെ വിവിധ രേഖകളും കണ്ടെടുത്തിട്ടുണ്ട്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പൂജപ്പുര എസ്.എച്ച്.ഒ. റോജ്, എസ്.ഐ.മാരായ പ്രവീണ്‍, ശിവപ്രസാദ്, എ.എസ്.ഐ.മാരായ രാജേന്ദ്രന്, ഷിബു, ഷാജി, സി.പി.ഒ.മാരായ ഹക്കിം, പ്രശാന്ത്, ഉദയന്‍, ഷിനി എന്നിവരാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..