അരുൺ
കൊടകര: വ്യോമസേനയില്‍ താത്കാലിക ജോലി വാഗ്ദാനം ചെയ്ത് നൂറ്റമ്പതിലേറെ പേരില്‍നിന്ന് പണം തട്ടിയെടുത്തയാളെ കൊടകര സി.ഐ. ബേസില്‍ തോമസും സംഘവും അറസ്റ്റ് ചെയ്തു.
'എയര്‍ഫോഴ്സ് അരുണ്‍' എന്ന് വിളിപ്പേരുള്ള കൊട്ടാരക്കര സ്വദേശി അരുണ്‍ ചന്ദ്രപ്പിള്ള (34) ആണ് അറസ്റ്റിലായത്. പോലീസ് സംഘം കര്‍ണാടക ഹൊസൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പണം തട്ടാന്‍ സഹായിച്ചതിന് അരുണിന്റെ കാമുകിയുടെ അമ്മ കൊടകര പന്തല്ലൂര്‍ കടവില്‍ വീട്ടില്‍ അനിതയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും ഇയാള്‍ക്കെതിരേ സമാന വിഷയത്തില്‍ കേസുകളുണ്ട്. പ്രതി മുന്‍പ് താംബരം വ്യോമസേനാ കേന്ദ്രത്തില്‍ താത്കാലിക ജീവനക്കാരനായി ജോലിനോക്കിയിട്ടുണ്ട്. ആ തിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വ്യോമസേനയിലെ ജിപ്സി വാഹനം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ചിലരില്‍നിന്ന് പണം തട്ടിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒരു കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കളമശ്ശേരിയിലും മറ്റ് സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി, പണം തട്ടിയെടുത്ത് കര്‍ണാടകയിലെ ഹൊസൂരില്‍ കുടുംബസമേതം ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.
ഹൊസൂരിലും മറ്റ് തട്ടിപ്പുകള്‍ നടത്താന്‍ ശ്രമിച്ചുവരുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരേ കളമശ്ശേരി, കൊല്ലം, പാലക്കാട്, കൊരട്ടി, ആലുവ പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
തട്ടിപ്പു നടത്തി കിട്ടിയ പണം കൊണ്ട് മുന്തിയ തരം കാറുകളും വിലകൂടിയ മൊബല്ഫോണും പ്രതി വാങ്ങിയിരുന്നു. പാങ്ങോട് പട്ടാള ക്യാമ്പിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പ്രതിക്കെതിരേ മുമ്പ് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പരാതിയുണ്ടായിരുന്നു. കൊടകര സ്റ്റേഷനിലെ കേസിലേക്കു വേണ്ടി പണം തട്ടാന്‍ സഹായിച്ചതിന് അരുണിന്റെ കാമുകിയുടെ അമ്മ കൊടകര പന്തല്ലൂര്‍ കടവില്‍ വീട്ടില്‍ അനിതയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.ഐ. ജെ.ജെയ്സണ്‍, എം.എം. റിജി, എ.എസ്.ഐ. തോമസ് സി.ഒ., സീനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എ. ഷാജു എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..