കൊണ്ടോട്ടി: കരിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന് പിടിയിലായത് മൂന്നാമത്തെ കാബിന്‍ ക്രൂ. ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ സീനിയര്‍ എയര്‍ ഹോസ്റ്റസായ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യെയാണ് ചൊവ്വാഴ്ച 99 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടികൂടിയത്. കോഴിക്കോട് ഡി.ആര്‍.ഐ. യൂണിറ്റും കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷഹാന പിടിയിലായത്.
കള്ളക്കടത്ത് സംഘത്തിനുവേണ്ടി സ്വര്‍ണം വിമാനത്തില്‍നിന്ന് പുറത്തെത്തിക്കുന്ന ദൗത്യമാണ് ഷഹാന ഏറ്റെടുത്തത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ 2.4 കിലോഗ്രാം സ്വര്‍ണമിശ്രിതം കടത്തിയത്. ഇതില്‍നിന്ന് 2,054 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. സ്വര്‍ണത്തിന്റെ മൂല്യം ഒരു കോടി രൂപയ്ക്കുതാഴെയായതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടു. ഷാര്‍ജ വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായത്തോടെയാണ് സ്വര്‍ണം വിമാനത്തിലെത്തിച്ചതെന്നാണ് സൂചന.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് വിമാനജീവനക്കാരെ ഉപയോഗിക്കുന്നത് കൂടുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ പിടിയിലായ മൂന്നുപേരും എയര്‍ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരാണ്. കഴിഞ്ഞ നവംബറില്‍ കൊല്ലം സ്വദേശി അന്‍സാര്‍ സുബൈര്‍ അഹമ്മദും (22) ഒക്ടോബര്‍ 19-പെരിന്തല്‍മണ്ണ സ്വദേശി അന്‍സാറിനെയും പിടികൂടിയിരുന്നു.
കരിപ്പൂരില്‍ 30 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 30.32 ലക്ഷത്തിന്റെ വിദേശകറന്‍സി പിടികൂടി. മലപ്പുറം സ്വദേശി അബ്ദുറഷീദി(49)ല്‍ നിന്നാണ് ഒമാന്‍, സൗദി റിയാലുകള്‍ പിടികൂടിയത്.
എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കറന്‍സി കണ്ടെത്തുകയായുന്നു. ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ബാഗേജില്‍ ഒളിപ്പിച്ചാണ് വിദേശകറന്‍സി കടത്താന്‍ ശ്രമിച്ചത്.
ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എ. കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബാബു നാരായണന്‍, റഫീഖ് ഹസ്സന്‍, പ്രമോദ് കുമാര്‍ സവിത, ഇന്‍സ്‌പെക്ടര്‍മാരായ ശശികുമാര്‍, അരവിന്ദ് ഗുലിയ, കെ.പി. ധന്യ, കെ. രാജീവ്, ഹെഡ് ഹവീല്‍ദാര്‍മാരായ കെ.സി. മാത്യു, സി.സി. ആന്റണി, കെ.ടി. സനിത്കുമാര്‍, രാഹുല്‍ ടി. രാജ് എന്നിവരാണ് കറന്‍സി പിടികൂടിയത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പിടിയിലായ റഫീഖിന്റെ ശബ്ദപരിശോധന നടത്തും
കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സൗത്ത് കൊടുവള്ളി മദ്രസാ ബസാര്‍ പിലാത്തോട്ടത്തില്‍ റഫീഖിന്റെ ശബ്ദപരിശോധ നടത്തും. അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണിത്. സ്വര്‍ണക്കടത്ത് കവര്‍ച്ചക്കേസില്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ റഫീഖിനെയും കൂട്ടാളി സക്കറിയയെയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച റിമാന്‍ഡ് ചെയ്തു.
തൃശ്ശൂരില്‍നിന്ന് രജിസ്‌ട്രേഷനില്ലാത്ത ലോറിയെടുത്ത് അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് ചര്‍ച്ചചെയ്യുന്ന റഫീഖിന്റെ മൊബൈല്‍ സംഭാഷണം നേരത്തേ പോലീസിന് കിട്ടിയിരുന്നു. തുടര്‍ന്നാണ് കരിപ്പൂര്‍ സ്റ്റേഷനില്‍ കേസെടുത്തത്. ഈ കേസില്‍ ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ശബ്ദപരിശോധന നടത്താനാണ് പോലീസ് നീക്കം. കോഴിക്കോട് ആകാശവാണിയില്‍നിന്ന് ശബ്ദസാംപിള്‍ ശേഖരിച്ച് ഗുജറാത്തിലെ ലാബിലേക്ക് അയച്ചാണ് പരിശോധിക്കുക.
കൊടുവള്ളിയില്‍നിന്ന് കഴിഞ്ഞ 31-നാണ് റഫീഖിനെ പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ അന്വേഷണസംഘം സാഹസികമായാണ് പിടികൂടിയത്. സ്വര്‍ണക്കടത്ത് ക്കവര്‍ച്ചക്കേസ് നടന്ന ജൂണ്‍ 21-ന് കൊടുവള്ളി സ്വദേശി സുഫിയാന്റെ സഹോദരന്‍ ജസീറിന്റെ വാഹനത്തിലാണ് റഫീഖ് കരിപ്പൂരിലെത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ കാറിനുനേരേ സോഡാകുപ്പിയെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാഹനത്തെ പിന്തുടരുകയുംചെയ്തത് റഫീഖ് ഉള്‍പ്പെടുന്ന സംഘമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..