കോയമ്പത്തൂർ മഹിളാ കോടതിയിൽ ഹാജരാക്കാൻ ഫ്ലൈറ്റ് ലഫ്റ്റനന്റ് അമിതേഷ് ഹർമുഖിനെ എത്തിച്ചപ്പോൾ
കോയമ്പത്തൂര്‍: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹര്‍മുഖിനെ ഈ മാസം 30വരെ റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ അഡീഷണല്‍ മഹിളാകോടതി ജഡ്ജിയാണ് ഉത്തരവിട്ടത്. കേസില്‍ തുടര്‍വാദം കേട്ടശേഷം മാത്രമേ തുടര്‍നടപടിയെക്കുറിച്ച് തീരുമാനിക്കയുള്ളൂവെന്നാണ് കോടതിവൃത്തങ്ങള്‍ നല്കുന്ന സൂചന.
കോയമ്പത്തൂര്‍ റേസ് കോഴ്സിലുള്ള എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജില്‍ സെപ്റ്റംബര്‍ 10-ന് രാത്രി ഛത്തീസ്ഗഢ് സ്വദേശിയായ അമിതേഷ് ഹര്‍മുഖ് തന്നെ പീഡിപ്പിച്ചതായി ഡല്‍ഹി സ്വദേശിനിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസെടുത്ത കോയമ്പത്തൂര്‍ സെന്‍ട്രല്‍ വനിതാപോലീസ് അമിതേഷിനെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നാണ് എയര്‍ഫോഴ്സ് അധികൃതര്‍ ഉന്നയിക്കുന്ന വാദം. ഇയാളെ എയര്‍ഫോഴ്സിന് കൈമാറണമെന്ന് അവരുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.
എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേഷന് കോളേജില്‍നടന്ന സംഭവത്തില്‍ അഡ്മിനിസ്ട്രേഷന് ഓഫീസറാണ് കമാന്‍ഡിങ് ഓഫീസര്‍. കോര്‍ട്ട്മാര്‍ഷല്‍ ചെയ്യാനായി അമിതിനെ ഇദ്ദേഹത്തിനാണ് കൈമാറേണ്ടതെന്ന് എയര്‍ഫോഴ്സ് കോളേജ് അധികൃതര്‍ കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 30-ന് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അമിതിന്റെ അഭിഭാഷകനും ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എയര്‍ഫോഴ്സ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കി രണ്ടാഴ്ച കഴിഞ്ഞും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് യുവതി സിറ്റിപോലീസ് കമ്മിഷണര്‍ ദീപക് എം. ദാമോറിനെ നേരിട്ടുകണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുകയും പരാതി നല്‍കുകയുമായിരുന്നു.
കമ്മിഷണറുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് വനിതാപോലീസ് കേസെടുത്ത് ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ അമിതേഷിനെ ഞായറാഴ്ച പുലര്‍ച്ചയോടെ ഉടുമല്‍പ്പേട്ട സബ്ജയിലിലേക്ക് മാറ്റി.
അന്വേഷണം തീരുന്നതുവരെ ഇയാളെ ഹോട്ടലിലോ പോലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലോ താമസിപ്പിക്കണമെന്ന എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന തള്ളിയാണ് പോലീസ് നേരിട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇതേത്തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..