വിജിലൻസ് സംഘം കൃഷി ഓഫീസിൽ പരിശോധന നടത്തുന്നു | ഫോട്ടോ: രാമനാഥ് പൈ|മാതൃഭൂമി
കാസര്‍കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ചെങ്കള കൃഷി ഓഫീസര്‍ എറണാകുളം കുമ്പളം സ്വദേശി പി.ടി.അജിയുടെ യോഗ്യതയിലും ദുരൂഹത. കൃഷി ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ഹാജരാക്കിയ ബിരുദസര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച് അജിക്കെതിരേ പ്രത്യേക വിജിലന്‍സ് സെല്ലിന്റെ അന്വേഷണം നടന്നിരുന്നു.
ആഗ്രയിലെ ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍ റഗുലര്‍ സര്‍ട്ടിഫിക്കറ്റാണ് അജി സ്ഥാനക്കയറ്റത്തിനായി ഹാജരാക്കിയത്. എന്നാല്‍ ഇയാളുടെ സര്‍വീസ് ബുക്ക് പരിശോധിച്ചതില്‍ ഇക്കാലയളവില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെയോ പഠനത്തിന് ആവശ്യമായ അവധിയെടുത്തതിന്റെയോ വിവരങ്ങളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക വിജിലന്‍സ് സെല്ലിനെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു.
പഠനം നടത്താന്‍ അജി അവധിയെടുത്തിട്ടില്ലെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. പഠനാവശ്യത്തിന് അവധിയപേക്ഷ നല്‍കിയെങ്കിലും ഇത് പിന്‍വലിച്ച് ജോലിയില്‍ തിരികെക്കയറി. 1998 മുതല്‍ 2002 വരെ 487 ദിവസമാണ് ഇയാള്‍ അവധിയെടുത്തതെന്നും വിജിലന്‍സ് കണ്ടെത്തി. അജിയുടെ മൊഴിയിലും നാലുവര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കാന്‍ 487 ദിവസത്തെ അവധിയെടുത്തതായി പറയുന്നുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അജിക്കെതിരേ വകുപ്പുതല നടപടിക്കും സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായിരുന്നു വിജിലന്‍സ് ശുപാര്‍ശ.
തുടര്‍ന്ന് മെമ്മോ നല്‍കി നടപടി ആരംഭിച്ചെങ്കിലും കൃഷിവകുപ്പ് സെക്രട്ടറിക്ക് അജി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി നിര്‍ത്തിവെച്ച് കൃഷിവകുപ്പ് ഡയറക്ടര്‍ 2013-ല്‍ കൃഷി ഓഫീസറായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍ കോഴ്സ് അംഗീകരിച്ചിട്ടുള്ളതിനാലാണ് സ്ഥാനക്കയറ്റം നല്‍കിയത്. പഠനത്തിന് അവധിയെടുത്ത കാര്യത്തില്‍ കാണിച്ച കൃത്യവിലോപത്തിന് അച്ചടക്ക നടപടിയും കൃഷി ഡയറക്ടര്‍ ശുപാര്‍ശചെയ്തിരുന്നു. ഇതുകൂടാതെ 2018-ല്‍ തൃശ്ശൂര്‍ കൊടശ്ശേരി കൃഷിഭവനില്‍ കൃഷി ഓഫീസറായിരിക്കെ ഗുരുതരമായ ക്രമക്കേടുകള്‍ക്ക് അജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..