ബാബു അലക്സാണ്ടർ
മാനന്തവാടി: കൃഷി അസി. ഡയറക്ടര്‍ ഓഫീസില്‍നിന്ന് കര്‍ഷകര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളില്‍ തിരിമറി നടത്തി പണംതട്ടിയ കേസില്‍ അന്നത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കൊല്ലം മേടയില്‍വീട്ടില്‍ ബാബു അലക്സാണ്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു.
ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടറുടെ അക്കൗണ്ടില്‍നിന്ന് കാഷ് ബുക്കില്‍ രേഖപ്പെടുത്താതെ 106 ചെക്കിലൂടെ പണം പിന്‍വലിച്ചാണ് തട്ടിപ്പുനടത്തിയതെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. 1.26 കോടി രൂപയാണ് ബാബു അലക്സാണ്ടര്‍ തട്ടിയെടുത്തത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുക ബാബു അലക്സാണ്ടര്‍, മാതാപിതാക്കള്‍, കീഴ്ജീവനക്കാര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി. ശശിധരനാണ് അറസ്റ്റുചെയ്തത്.
തട്ടിപ്പില്‍ പിന്നീട് അന്വേഷണം നടത്തി വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുന്നത് അപൂര്‍വമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാധാരണ പണംകൈമാറുമ്പോള്‍ കെണിയില്‍പ്പെടുത്തിയാണ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യാറുള്ളത്. സര്‍ക്കാര്‍ഫണ്ട് ദുരുവിനിയോഗംചെയ്ത സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ക്കുനേരെ കര്‍ശന നടപടിയെടുക്കാനുള്ള വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്നും ഡിവൈ.എസ്.പി. അബ്ദുള്‍ റഹീം പറഞ്ഞു.
2013 ഡിസംബര്‍ ആറുമുതലാണ് തട്ടിപ്പ് തുടങ്ങിയത്. സ്ഥാപനങ്ങളുടെ വ്യാജബില്ലുകള്‍ സംഘടിപ്പിച്ച് പണം മാറിയെടുത്തും, പല സ്‌കീമുകളും നടപ്പാക്കാതെ നടപ്പാക്കിയതായി കാണിച്ചും ഓഫീസ് ചെലവുകളില്‍ കൃത്രിമംകാണിച്ചും പരിശീലനപരിപാടികളില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതായി കാണിച്ചും അതിന്റെ പേരില്‍ ബില്ലുകള്‍ തയ്യാറാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. ഈ തട്ടിപ്പുകള്‍ 'മാതൃഭൂമി' നിരന്തരം വാര്‍ത്തയാക്കുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
കാഷ് ബുക്കില്‍ രേഖപ്പെടുത്താതെയും കണ്ടിജന്റ് ബില്ലുകള്‍ ഇല്ലാതെയും 81,92,075 രൂപ സ്വകാര്യ ആവശ്യത്തിനായി പിന്‍വലിക്കുകയും പിതാവ് അലക്സാണ്ടറിന്റെയും മാതാവ് ലതാ അലക്സാണ്ടറുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഔദ്യോഗിക അക്കൗണ്ടില്‍നിന്ന് 95,000, 2,00,000, 35,000 എന്നിങ്ങനെയായി 3,30,000 രൂപ കീഴ്ജീവനക്കാരനായ ശ്രീനിവാസന്റെയും ഉഷയുടെയും അക്കൗണ്ടുകളിലേക്കും മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്ര മീനങ്ങാടി എന്ന സ്ഥാപനത്തിന്റെ വ്യാജബില്ല് തയ്യാറാക്കി 1,10,000 രൂപ തട്ടിയെടുക്കുകയും ആത്മ, പി.എം.കെ.എസ്.വൈ. എന്നീ സ്‌കീമുകളുടെ പേരില്‍ പണം ചെലവഴിച്ചതായും കാണിച്ച് പണം തട്ടിയെടുക്കുകയും എ.ഡി.എ. ഓഫീസ് മുഖേന നടത്തേണ്ട പരിശീലന പരിപാടികളില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതായി കാണിച്ച് ചെലവിനത്തില്‍ കൂടുതല്‍ തുക കാണിച്ച് പണം തട്ടിയെടുത്തതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി. ശശിധരനാണ് ബാബു അലക്‌സാണ്ടറെ അറസ്റ്റുചെയ്തത്. ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശ്, എ.എസ്.ഐ.മാരായ കെ.ജി. റെജി, എസ്. കൃഷ്ണകുമാര്‍, കെ.പി. സുരേഷ്, സി. ഗിരീഷ്, എസ്.സി.പി.ഒ.മാരായ പി.കെ. പ്രദീപ്, ഗോപാലകൃഷ്ണന്‍, എസ്. ബാലന്‍, സി.പി.ഒ.മാരായ എം.ഡി. ധനേഷ്, അജിത് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..