നോട്ടുനിരോധനം, പിഎം ഫണ്ട് വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കാത്ത കോടതി മാറിത്തുടങ്ങിയോ-കാളീശ്വരം രാജ്


അഡ്വ. കാളീശ്വരം രാജ്

നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സ്ഥാപനങ്ങളും മറ്റും സത്യസന്ധവും സുതാര്യവും ഭരണഘടനാനുസൃതവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രതാനിര്‍ദേശമാണ് പെഗാസസ് കേസ്

കാർട്ടൂൺ: ഗോപീകൃഷ്ണൻ

pegasus
നോട്ടുനിരോധനം മുതല്‍​ പി.എം. കെയര്‍ ഫണ്ടുവരെ, ഇലക്ടറല്‍ ബോണ്ടുമുതല്‍ യു.എ.പി.എ.വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരേ ശക്തവും സമയോചിതവുമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയാതിരുന്ന സുപ്രീംകോടതി പക്ഷേ, സമീപകാലത്ത് അതിന്റെ ഭരണഘടനാപരമായ ധര്‍മം നിര്‍വഹിക്കുന്നതിന്റെ സൂചനകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു


പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതി അന്വേഷണത്തിനായി ഉത്തരവിട്ടിരിക്കുന്നു. അതിനായി ഒരു വിദഗ്ധസമിതി രൂപവത്കരിക്കാനും സുപ്രീംകോടതി തയ്യാറായി. സമീപകാലത്ത് മറ്റുചില കേസുകളിലെ ഉത്തരവുകളില്‍നിന്ന് വ്യത്യസ്തമായി, കേന്ദ്രത്തിന്റെ നിലപാട് തള്ളിക്കൊണ്ട്, അന്വേഷണക്കമ്മിഷന്‍ കോടതിതന്നെ രൂപവത്കരിച്ചിരിക്കുന്നു. നോട്ടുനിരോധനം മുതല്‍ പി.എം. കെയര്‍ ഫണ്ടുവരെ, ഇലക്ടറല്‍ ബോണ്ടുമുതല്‍ യു.എ.പി.എ.വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരേ ശക്തവും സമയോചിതവുമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയാതിരുന്ന സുപ്രീംകോടതി പക്ഷേ, സമീപകാലത്ത് അതിന്റെ ഭരണഘടനാപരമായ ധര്‍മം നിര്‍വഹിക്കുന്നതിന്റെ സൂചനകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. കോവിഡ് വാക്‌സിന്‍ വിതരണംതൊട്ട് ലഖിംപുര്‍ കൊലപാതകംവരെയുള്ള വിഷയങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനമാറ്റം കാണാം. ഈ മാറ്റം തികച്ചും ശുഭോദര്‍ക്കമാണ്.

pegasus
കോവിഡ് വാക്‌സിന്‍ വിതരണംതൊട്ട് ലഖിംപുര്‍ കൊലപാതകംവരെയുള്ള വിഷയങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനമാറ്റം കാണാം.

ഉത്തരവിന്റെ ഗുണദോഷങ്ങള്‍

പെഗാസസ് വിഷയത്തിലെ ഉത്തരവിന്റെ ഗുണദോഷങ്ങള്‍ വ്യക്തമാണ്. ഒരു സ്വതന്ത്രകമ്മിറ്റി സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അന്വേഷണം നടത്തും എന്നതുതന്നെ അതിന്റെ ഗുണകരമായ വശം. അതില്‍ കാലതാമസം വരാതെ നോക്കണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമുണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം. ആ നിലയ്ക്കുള്ള മേല്‍നോട്ടം ഇക്കാര്യത്തില്‍ ഉണ്ടാവുകയും വേണം.

എന്നാല്‍, കോടതിയുത്തരവില്‍ അഥവാ അതിന്റെ നടപടിക്രമങ്ങളിലുണ്ടായ ഒരു പോരായ്മകൂടി പരാമര്‍ശിക്കപ്പെടണം. കേസിന്റെ തുടക്കം മുതല്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച ഒരു വാദം ഇതാണ്: കേന്ദ്രം പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന ചോദ്യത്തിന് ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന നിലയിലുള്ള ഒറ്റവാക്കിലുള്ള ഉത്തരം അധികാരികള്‍ നല്‍കിയില്ല. കേന്ദ്രത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ലഘുസത്യവാങ്മൂലത്തില്‍ ആ ഉത്തരം ഉണ്ടായിരുന്നില്ല. അതേപ്പറ്റി എന്തെങ്കിലും വ്യക്തമായ ഉത്തരം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞതുമില്ല. 'ദേശീയ സുരക്ഷിതത്വം' എന്ന പതിവുപല്ലവിയുടെ പേരില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രം വിസമ്മതിക്കുകയാണ് ചെയ്തത്.

ഉന്നയിക്കപ്പെട്ട ഒരു വിഷയത്തില്‍ വ്യക്തമായ ഉത്തരം ഒരു കേസിലെ കക്ഷി നല്‍കുന്നില്ലെങ്കില്‍, ആ കക്ഷിക്കെതിരായ അനുമാനത്തില്‍ എത്തിച്ചേരാന്‍ കോടതിക്ക് അധികാരമുണ്ട്. സിവില്‍ നടപടിക്രമത്തിലെ ഓഡര്‍ 8 ചട്ടം 5 പ്രകാരം ഒരു ആരോപണം ഉന്നയിക്കപ്പെട്ടാല്‍ അത് നിഷേധിക്കാനുള്ള അവകാശം കേസിലെ എതിര്‍കക്ഷിക്കുണ്ട്. ഇവിടെ കേന്ദ്രം പെഗാസസ് ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറി എന്നും ചാരവൃത്തി നടത്തിയെന്നുമാണ് അടിസ്ഥാനപരമായ ആരോപണം. അതിന് പെഗാസസ് ഉപയോഗിച്ചില്ല എന്ന വ്യക്തമായ മറുപടി കേന്ദ്രം നല്‍കാതിരുന്നതിന്റെ പേരില്‍മാത്രം സുപ്രീംകോടതിക്ക് ഈ വിഷയത്തില്‍ കേന്ദ്രത്തിനെതിരേ കൂടുതല്‍ ശക്തമായ കണ്ടെത്തലുകളിലും അനുമാനങ്ങളിലും എത്തിച്ചേരാന്‍ കഴിയേണ്ടതായിരുന്നു. മാത്രമല്ല, സിവില്‍ നടപടിക്രമത്തിലെ ഓര്‍ഡര്‍ 8 ചട്ടം 4 പ്രകാരം ഒഴിഞ്ഞുമാറിക്കൊണ്ടുള്ള മറുപടികള്‍ക്ക് നിഷേധത്തിന്റെ സ്വഭാവമില്ല. ഈ വ്യവസ്ഥകള്‍ പെഗാസസ് കേസിലും ബാധകമാണെന്ന വാദം കോടതിമുമ്പാകെ ഉന്നയിക്കപ്പെട്ടതുമാണ്.

pegasus
സ്വകാര്യതയടക്കമുള്ള മൗലികാവകാശം സംബന്ധിച്ച സമസ്യകള്‍ ഒരു വശത്ത്; എങ്ങനെയെങ്കിലും അധികാരം നിലനിര്‍ത്താനായി, അതിനെതിരേ വിദേശ ചാരക്കമ്പനികളുടെപോലും സഹായം തേടുന്ന ഹീനതന്ത്രത്തിന്റെ നിയമപരതയും ജനാധിപത്യപരതയും മറുവശത്ത്.

ഇതുപക്ഷേ, പെഗാസസ് വിഷയത്തിലെ കോടതിയുത്തരവിന്റെ ശോഭ കെടുത്തുന്നില്ല. ഒട്ടേറെ മര്‍മപ്രധാനമായ വിഷയങ്ങള്‍ കേസില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. സ്വകാര്യതയടക്കമുള്ള മൗലികാവകാശം സംബന്ധിച്ച സമസ്യകള്‍ ഒരു വശത്ത്; എങ്ങനെയെങ്കിലും അധികാരം നിലനിര്‍ത്താനായി, അതിനെതിരേ വിദേശ ചാരക്കമ്പനികളുടെപോലും സഹായം തേടുന്ന ഹീനതന്ത്രത്തിന്റെ നിയമപരതയും ജനാധിപത്യപരതയും മറുവശത്ത്. അതിനെപ്പോലും ന്യായീകരിക്കാന്‍ കേന്ദ്രം ദേശീയതയെയും ദേശീയ സുരക്ഷിതത്വത്തെയും മറയാക്കിയതിന്റെ പ്രശ്‌നവും അതി ഗുരുതരമാണ്. ഇത്തരം കാര്യങ്ങള്‍ കോടതിക്കകത്തും പുറത്തും ഉന്നയിക്കപ്പെടും. ആ രീതിയിലുള്ള ദേശീയസംവാദം നമ്മുടെ പൊതുമണ്ഡലത്തില്‍ രൂപപ്പെടാന്‍ ഈ ഉത്തരവ് ഇടയാക്കും എന്നതുതന്നെ സന്തോഷകരമായ കാര്യമാണ്.

സ്വകാര്യത എന്ന മൗലികാവകാശം

ഒരു വ്യക്തിയുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്തിയെടുക്കാന്‍ നിയതവും നിയമപരവുമായ മാര്‍ഗത്തിലൂടെയല്ലാതെ, ഭരണകൂടത്തിനവകാശമില്ല. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമവും (1885) വിവരസാങ്കേതികതാനിയമവും ഇക്കാര്യം വ്യക്തമാക്കുന്നു. 1996-ലെ പി.യു.സി.എല്‍. കേസില്‍ ടെലിഗ്രാഫ് ആക്ടിലെ 5(2) വകുപ്പ് വിശകലനം ചെയ്തുകൊണ്ട് സുപ്രീംകോടതി 'ഫോണ്‍ ചോര്‍ത്തല്‍' നടപടിയിലെ നിയമവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ചൂണ്ടിക്കാണിച്ചതാണ്. സ്വകാര്യത സംബന്ധിച്ച പുട്ടസ്വാമി കേസിലാകട്ടെ (2017) അത് മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. മാത്രമല്ല, മൗലികാവകാശങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റിവെക്കാം എന്ന പഴയ എ.ഡി.എം. ജബല്‍പുര്‍ കേസിലെ വിധി (1976) തെറ്റാണെന്നും പുട്ടസ്വാമി കേസില്‍ ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് വിധിയെഴുതി. അതായത് സ്വകാര്യതയെന്ന മൗലികാവകാശം ഏതൊരു സാഹചര്യത്തിലും അലംഘനീയമാണ് എന്നതാണ് പുട്ടസ്വാമി കേസിലെ നിയമതത്ത്വം. കോടതി പുട്ടസ്വാമി വിധിയെ അര്‍ഥവത്തായിത്തന്നെ പുതിയ ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമാക്കിയ ഇന്ത്യന്‍ എക്‌സ്പ്രസ്, അനുരാധാ ബാസന്‍ കേസുകളിലെ വിധികളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഈ നിയമതത്ത്വങ്ങള്‍കൂടിയാണ് പെഗാസസ് കേസില്‍ പരീക്ഷിക്കപ്പെട്ടത്. അത് കേവലം വ്യക്തിതലത്തില്‍ നടത്തിയ ഫോണ്‍ചോര്‍ത്തല്‍ എന്ന ക്രിമിനല്‍ കുറ്റത്തിന്റെമാത്രം പ്രശ്‌നമല്ല. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സ്ഥാപനങ്ങളും മറ്റും സത്യസന്ധവും സുതാര്യവും ഭരണഘടനാനുസൃതവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രതാനിര്‍ദേശമാണ് പെഗാസസ് കേസ്. ആ ജാഗ്രതാനിര്‍ദേശത്തെ സുപ്രീംകോടതി ഗൗരവത്തിലെടുത്തുവെന്നത് ആശ്വാസകരമാണ്. പക്ഷേ, ഇക്കാര്യത്തില്‍ കോടതിമാത്രം ജാഗ്രത കാണിച്ചാല്‍ പോരാ. ഒരു രാഷ്ട്രം മൊത്തത്തില്‍ത്തന്നെ, ഈ വിഷയത്തില്‍ തുടക്കംമുതല്‍ ഒടുക്കംവരെ ജനാധിപത്യപരമായ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ട്. അതിനവരെ സഹായിക്കുകയാണ് മാധ്യമങ്ങളും ബുദ്ധിജീവികളും ചെയ്യേണ്ടത്. ഇല്ലെങ്കില്‍ അപകടത്തിലാകുന്നത് നമ്മുടെ മഹത്തായ ജനാധിപത്യംതന്നെയായിരിക്കും.

(ലേഖകന്‍ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

മാതൃഭൂമി എഡിറ്റോറിയൽ പേജിൽ 'പെഗാസസ് വേണ്ടത് ജനകീയജാഗ്രത' എന്ന തലക്കെട്ടിൽ പ്രസിദ്ദീകരിച്ചത്

content highlights: Advocate Kaleeswaram raj speaks about Pegasus and Supremecourt interim order

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented