-
ചെങ്ങന്നൂര്‍: നഗരത്തില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായ പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ഏബ്രഹാം വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു ദാരുണമായ സംഭവം. വീട്ടിലെ മാലിന്യം ശബരിമല വില്ലേജ് റോഡില്‍ അങ്ങാടിക്കല്‍ ഭാഗത്താണ് ഏബ്രഹാം നിക്ഷേപിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ കവറില്‍ മാലിന്യവുമായി സ്‌കൂട്ടറില്‍ പോയ ഇദ്ദേഹത്തെ അവിടെയുള്ള ചെറുപ്പക്കാര്‍ തടഞ്ഞു. ബൈക്ക് നിര്‍ത്താതെ പോയ ഇദ്ദേഹത്തെ രണ്ട് ബൈക്കിലായി മൂന്നുപേര്‍ പിന്തുടര്‍ന്നു. വീടിന് തൊട്ടടുത്ത് വെച്ച് ബൈക്ക് വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി. ഏബ്രഹാം ധരിച്ചിരുന്ന ഹെല്‍മെറ്റ് ചെറുപ്പക്കാരില്‍ ഒരാള്‍ കൈക്കലാക്കി തലയില്‍ അടിച്ചു. അടിയേറ്റ് ഏബ്രഹാം മറിഞ്ഞു വീഴുന്നത് സമീപത്തെ സി.സി. ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
ചെറുപ്പക്കാര്‍ തന്നെയാണ് ഏബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. ഏബ്രഹാമിന്റ വീട്ടുകാരോടും ഇവര്‍ തന്നെയാണ് ഫോണില്‍ വിവരം പറഞ്ഞത്. പോലീസും ഫൊറന്‍സിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights: advocate abraham vargheese killed in chengannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..