സിഗ്നൽ തെറ്റിച്ച് അമിതവേഗത്തിൽ കാർ പോകുന്ന ദൃശ്യം. ഇൻസെറ്റിൽ അപകടത്തിൽ മരിച്ച ഇന്ദിര, ശകുന്തള, ശ്രീജ എന്നിവർ.
പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കനാലിലേക്ക് മറിഞ്ഞ കാര്‍ സഞ്ചരിച്ചിരുന്നത് അമിതവേഗത്തിലെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ അതിവേഗത്തില്‍ പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. കൊല്ലം ആയൂര്‍ അമ്പലമുക്ക് സ്വദേശികളായ ശരത്, ഇന്ദിര (57), ശകുന്തള (51) അലന്‍ (14) ബിന്ദു (37) അശ്വതി (27) ശ്രീജ (45) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ടെത്തിയ കാര്‍ കനാലിലേക്ക് മറിഞ്ഞതിന് പിന്നാലെ മറ്റു വാഹനങ്ങളില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ശരത്, അലന്‍, അശ്വതി, ബിന്ദു എന്നിവരെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു. എന്നാല്‍ ഇതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാര്‍ കനാലിലൂടെ ഒഴുകി പാലത്തിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി. തുടര്‍ന്ന് അഗ്നിരക്ഷാസേനയടക്കം എത്തി കാര്‍ പാലത്തിനടിയില്‍നിന്ന് വലിച്ചുനീക്കിയാണ് ഇന്ദിരയെയും ശ്രീജയെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ശകുന്തളയെ കണ്ടെത്താനായി കനാലില്‍ വീണ്ടും തിരച്ചില്‍ തുടര്‍ന്നു. ഒഴുക്കില്‍പ്പെട്ട ഇവരുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട് ഹരിപ്പാട്ടേക്ക് പുടവ കൊടുക്കല്‍ ചടങ്ങിന് പോയവരാണ് കാറിലുണ്ടായിരുന്നത്. രാവിലെ 11.30-ഓടെയാണ് ഇവര്‍ ആയൂരില്‍നിന്ന് യാത്രതിരിച്ചത്.
അതേസമയം, വാഹനമോടിച്ചിരുന്ന ശരത്തില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വ്യക്തമാവുകയുള്ളൂ. ചികിത്സയില്‍ കഴിയുന്ന ശരത്തില്‍നിന്ന് നിലവില്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Content Highlights: adoor car accident three dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..