അറസ്റ്റിലായ പ്രതികൾ
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം കേരളത്തില്‍ നടത്തിയത് വമ്പന്‍ തട്ടിപ്പുകളെന്ന് വെളിപ്പെടുത്തല്‍. ഇവരുടെ തട്ടിപ്പിനിരയായ മോഡലായ യുവതിയാണ് മാതൃഭൂമി ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍ പത്ത് ദിവസത്തോളം പൂട്ടിയിട്ടെന്നും തന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ച് പെണ്‍കുട്ടികളുടെയും പണവും സ്വര്‍ണവും ഇവര്‍ തട്ടിയെടുത്തെന്നും യുവതി പറഞ്ഞു. കഴിഞ്ഞദിവസം ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നാല് പേര് അറസ്റ്റിലായതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയെ സുഹൃത്തുക്കള്‍ വഴിയാണ് പ്രതികള്‍ പരിചയപ്പെട്ടത്. ''മോഡലിങ് ജോലിയാണെന്ന് പറഞ്ഞാണ് വിളിച്ചത്. മാര്‍വാടികളുടെ മുന്നില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം മാര്‍വാടികള്‍ നല്കുന്ന ചില രേഖകളും സാധനങ്ങളും തട്ടിപ്പ് സംഘത്തിലെ ഒരാളുടെ വീട്ടില്‍ എത്തിക്കണം. അവിടെനിന്ന് പണം ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. ഈ ജോലി ഏറ്റെടുക്കാതെ പുറത്ത് പോകരുതെന്ന് ഭീഷണിപ്പെടുത്തി. ഇവിടെനിന്ന് പോയാല്‍ നിങ്ങളെ വെറുതെവിടില്ലെന്ന് പറഞ്ഞു. കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ആഡംബര കാറുകളിലായിരുന്നു യാത്ര. ഡ്രൈവര്‍ ഉണ്ടാകുമെന്നും കാറില്‍ കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടി വേണമെന്നുമാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് തൃശ്ശൂരിലെയും പാലക്കാട്ടെയും ഹോട്ടലുകളില്‍ മുറിയില്‍ പൂട്ടിയിട്ടു. ഇവിടെനിന്നാണ് പലരുടെയും സ്വര്‍ണവും പണവും പ്രതികള്‍ കൈക്കലാക്കിയത്. ചില രേഖകള്‍ ശരിയാക്കാന്‍ പണം വേണമെന്നും തിരികെ നല്‍കുമെന്നുമാണ് പറഞ്ഞത്. തന്റെ രണ്ടരപവന്‍ സ്വര്‍ണം നല്കി. എട്ട് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. അഞ്ച് പേരില്‍നിന്നായി നാല് ലക്ഷം രൂപയും സ്വര്‍ണവും വാങ്ങി. എന്നാല്‍ പിന്നീട് ഇവര്‍ മോശമായി പെരുമാറാന്‍ തുടങ്ങി. കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഇറങ്ങിയോടുമെന്ന് പറഞ്ഞതോടെ അവര്‍ പിന്മാറി''- തട്ടിപ്പിനിരയായ യുവതി വിശദീകരിച്ചു.
ചില സാധനങ്ങളും മാര്‍വാടികള്‍ നല്കുന്ന രേഖകളും കാറില്‍ മറ്റൊരു സ്ഥലത്ത് എത്തിക്കണമെന്നായിരുന്നു ആവശ്യമെന്നും എന്നാല്‍ അതൊന്നും പിന്നീട് ഉണ്ടായില്ലെന്നും യുവതി പറഞ്ഞു. ഇത് തട്ടിപ്പായിരുന്നുവെന്നും തങ്ങളുടെ സ്വര്‍ണവും പണവും കൈക്കലാക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും ഇവര്‍ വെളിപ്പെടുത്തി.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യം സാധൂകരിക്കുന്നതാണ് മോഡലിങ് രംഗത്തെ യുവതിയുടെ വെളിപ്പെടുത്തല്‍. ഇവരോട് സ്വര്‍ണമാണെന്ന് പറഞ്ഞിരുന്നില്ല. ചില സാധനം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കാറില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും ഉണ്ടായില്ലെന്നും യുവതി വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞദിവസം പിടിയിലായ തട്ടിപ്പ് സംഘത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഐ.ജി. വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: actress shamna kasim blackmailing case; model woman reveals her experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..