ദിലീപ്, പൾസർ സുനി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിഴലായി തുടരുന്ന വി.ഐ.പി.യുടെ കൈയിലും ദൃശ്യങ്ങളുടെ പകര്‍പ്പുള്ളതായി അന്വേഷണ സംഘത്തിന് സംശയം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വി.ഐ.പി. പകര്‍പ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്.
സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി. വന്നുവെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.
ഒന്നാം പ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, പിന്നീട് ഈ ഫോണ്‍ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നല്‍കി. ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കിയാണ് പിന്നീട് കൈമാറ്റങ്ങള്‍ നടന്നത്.
ഇതിന്റെയടിസ്ഥാനത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വി.ഐ.പി.ക്കായുള്ള അന്വേഷണവും ശക്തമാക്കി. വി.ഐ.പി.യെ കണ്ടെത്തുന്നതോടെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ഉപകരിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സുനി പറഞ്ഞില്ലെങ്കില്‍...
പള്‍സര്‍ സുനി വി.ഐ.പി.യെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. എന്നാല്‍, സുനി വി.ഐ.പി.യുടെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ ആളെ കണ്ടെത്തുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ അന്വേഷണ സംഘം ഉപയോഗിക്കും. കേസിലെ പ്രതികളുമായി അടുപ്പമുള്ളവരുടെ പട്ടികയുണ്ടാക്കുകയാണ് ഇതില്‍ പ്രധാനം. ഇതില്‍ സംശയമുള്ളവരുടെ മുഴുവന്‍ ചിത്രങ്ങള്‍ സംഘടിപ്പിച്ച ശേഷം ബാലചന്ദ്ര കുമാറിനെ കാണിച്ച് വി.ഐ.പി.യെ കണ്ടെത്താനാകും ശ്രമം.
ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. എറണാകുളം മജിസ്ട്രേട്ട് രണ്ടാം കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.30-നു തുടങ്ങിയ മൊഴി രേഖപ്പെടുത്തല്‍ രാത്രി വൈകിയും തുടര്‍ന്നു. ദിലീപിനെതിരേ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം 20-ന് നല്‍കണമെന്ന് വിചാരണക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പള്‍സര്‍ സുനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നുമെല്ലാം ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്.
Content Highlights : Actress attack case; Probe initiated to hunt down VIP who is suspected to have copy of visuals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..