സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി


സ്വന്തം ലേഖകന്‍

'വിവാഹിതനായതിനാല്‍ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു'

വിജയ് ബാബു |ഫോട്ടോ:ANI,മാതൃഭൂമി

കൊച്ചി: മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നു ഹൈക്കോടതി.

യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഈ വിലയിരുത്തല്‍. പുരുഷ വീക്ഷണകോണില്‍ സ്ത്രീയുടെ പെരുമാറ്റരീതികള്‍ വിലയിരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടന്‍ പരാതി നല്‍കിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും പരിഗണനാവിഷയമാകരുത്.

അതൊക്കെ മുന്‍വിധികളായി മാറും. എന്നാല്‍, ഒരോ കേസിനും അതിന്റെതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങള്‍ കണക്കിലെടുക്കാനാകുമെന്നും കോടതി വിലയിരുത്തി. കേസ് ഡയറിയും പരിശോധിച്ചാണ് വിജയ് ബാബുവിന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരിക്കുന്നത്.

Also Read
Exclusive

വിജയ് ബാബു സുഹൃത്തു വഴി ഒരു കോടി വാഗ്ദാനം ...

സുശീല അഗര്‍വാള്‍ കേസില്‍ സുപ്രിം കോടതി ഭരണഘനാ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ സ്വഭാവും തീവ്രതയും അതില്‍ ഹര്‍ജിക്കാരന്റെ പങ്കുമൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണം.

അതിനാലാണ് ഒരോ കേസിനെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി. വിദേശത്തിരുന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായെ പോലെയെന്ന് പ്രോസിക്യൂഷന്‍

മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഇര വിജയ് ബാബുവിനെ കണ്ടതെന്നും എന്നാല്‍, ആ വിശ്വാസം ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ പോലെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യുഷന്റെ വാദം. ഏതെങ്കിലും വിധത്തില്‍ നിരാശരായ സ്ത്രികളെ സ്വാധീനിച്ച് ബന്ധം ഉണ്ടാക്കുന്ന സ്വഭാവമുള്ളയാളാണ്. മാര്‍ച്ച് 16 മുതല്‍ 31 വരെയുള്ള മൊബൈലിലെ സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞത് സംശയകരമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അടച്ചിട്ട കോടതി മുറിയിലായിരുന്നു കേസിന്റെ വാദം നടന്നത്.

റെഡ് വൈന്‍ നല്‍കിയായിരുന്നു പീഡനമെന്ന് വാദം

ഇരയ്ക്ക് മാര്‍ച്ച് 16-ന് റെഡ് വൈന്‍ നല്‍കിയ ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് കേസില്‍ കക്ഷി ചേര്‍ന്ന ഇരയുടെ അഭിഭാഷകന്‍ വാദിച്ചത്. ആര്‍ത്തവ സമയത്തും ലൈംഗികമായി ബന്ധപ്പെട്ടു. അവസാനത്തെ സംഭവത്തിന് എട്ട് ദിവസത്തിന് ശേഷം പരാതി നല്‍കി. നിര്‍മാതാവും അഭിനേതാവും എന്ന നിലയില്‍ വിശ്വാസം നേടിയ ശേഷമാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുവെങ്കിലും അതൊന്നും മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞുപിടിച്ച് സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞതും പ്രധാനമാണ്.

2018 മുതലുള്ള അടുപ്പമെന്ന് വിജയ് ബാബു

എന്നാല്‍, 2018 മുതലുള്ള അടുപ്പമാണ് സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലേക്ക് എത്തിയതെന്നായിരുന്നു കോടതിയില്‍ വിജയ് ബാബുവിന്റെ വാദം. മൊബൈല്‍ സന്ദേശങ്ങള്‍ ഇതിന് തെളിവാണെന്നും വാദിച്ചു. സംഭവത്തിന് ശേഷം ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കിയത്. താന്‍ വിവാഹിതനാണെന്ന് ഇരയ്ക്ക് അറിയാമായിരുന്നു എന്നും വാദിച്ചു.

മൊബൈല്‍ സന്ദേശങ്ങളില്‍ ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമെന്ന് കോടതി

വിജയ് ബാബുവിന് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെയുള്ള സന്ദേശങ്ങളില്‍നിന്ന് പ്രഥമദൃഷ്ട്യാ ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്ന് വ്യക്തമാകുമെന്നതടക്കം വിലയിരുത്തിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രത്യേകമായി പരിശോധിച്ചു കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി കണക്കിലെടുത്ത വിഷയങ്ങള്‍ ഇവയാണ്.

 • വിജയ് ബാബു വിവാഹിതനാണെന്നും കുട്ടിയുടെ കാര്യം കണക്കിലെടുത്ത് അതില്‍നിന്ന് മാറാന്‍ ഇടയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു.
 • വിവാഹതനായതിനാല്‍ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു.
 • മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ ഇര ഏതെങ്കിലും വിധത്തില്‍ തടവിലായിരുന്നില്ല
 • വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും നിരന്തരമായി സന്ദേശങ്ങള്‍ കൈമാറിയിരുന്നു
 • വിജയ് ബാബു മാര്‍ച്ച് 16 മുതല്‍ 30 വരെയുള്ള ഫോണിലെ സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞപ്പോള്‍ ഇര എല്ലാ സന്ദേശങ്ങളും മായ്ച്ചു കളയുകയാണ് ചെയ്തത്.
 • മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ മൊബൈലില്‍ നടത്തിയ ആശയവിനിമയങ്ങളിലൊന്നും ലൈംഗികാതിക്രമത്തെക്കുറിച്ച് പറയുന്നില്ല
 • വിജയ് ബാബുവിനെ ഇതിനകം 38 മണിക്കൂര്‍ ചോദ്യം ചെയ്തതാണ്. ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥന്‍ കൈമാറുകയും ചെയ്തു.
 • പ്രതിയുടെയും ഇരയുടെയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മായ്ച്ചുകളഞ്ഞ വാട്‌സാപ്, ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളും ഇതിലൂടെ തിരിച്ചെടുക്കാനാകും.
 • ഹര്‍ജിക്കാരന്റെ പുതിയ സിനിമയില്‍ താനല്ല നായിക എന്ന ഇര അറിയുന്നത് ഏപ്രില്‍ 15 -ാം തീയതിയാണ്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 17-ന് ഇര വിജയ് ബാബുവിനോട് പൊട്ടിത്തെറിച്ചിരുന്നു
 • വിജയ് ബാബുവിന്റെ ഭാര്യ 2018-ല്‍ ഗാര്‍ഹിക പീഡനം, മോശമായ പൊരുമാറ്റം എന്നിവ ആരോപിച്ച് പരാതി നല്‍കിയിരുന്നെങ്കിലും ആഴ്ചകള്‍ക്ക് ശേഷം പിന്‍വലിച്ചു
 • പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ വിജയ് ബാബു രാജ്യം വിടാന്‍ സാധ്യതയില്ല.
ജാമ്യ വ്യവസ്ഥകള്‍

 • ജൂണ്‍ 27-ന് രാവിലെ ഒമ്പതിന് വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം.
 • ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ ചോദ്യം ചെയ്യാം. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് സമമായിരിക്കും ഇത്.
 • അറസ്റ്റ് ചെയ്താല്‍ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുളള രണ്ട് ആള്‍ ജാമ്യത്തിലും വിടണം.
 • ആവശ്യപ്പെടുമ്പോഴൊക്കെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.
 • ഇരയേയോ സാക്ഷികളെയോ ബന്ധപ്പെടരുത്.
 • ഇരയേയോ കുടുംബത്തയോ സാമൂഹിക മാധ്യമത്തിലൂടെയോ മറ്റ് ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ അക്രമിക്കരുത്.
 • കോടതിയുടെ അനുമതിയില്ലാതെ കേരളത്തില്‍നിന്ന് പോകരുത്.
കേസ് ഇങ്ങനെ

വിവാഹ വാഗ്ദാനം നല്‍കി വിജയ് ബാബു തന്നെ കഴിഞ്ഞ മാര്‍ച്ച് 16-നും 22-നും ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 22-ന് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ ഏപ്രില്‍ 24-ന് വിജയ് ബാബു ദുബായിലേക്ക് കടന്നു. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനെ തുടര്‍ന്നാണ് മടങ്ങി എത്തിയത്.

Content Highlights: Actor Vijay Babu Anticipatory Bail In Rape Case-high court Observation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented